രാവണപ്രഭുവിനു പിന്നാലെ രാമന്‍കുട്ടിയും; കല്യാണരാമന്‍ റീ റിലീസിന്

കല്യാണരാമൻ / IMDb
കല്യാണരാമൻ / IMDb

പുതിയ റിലീസുകള്‍ക്കൊപ്പം റീ റിലീസുകളും തിയേറ്ററുകള്‍ ഇളക്കിമറിക്കുന്ന ട്രെന്‍ഡാണ് കുറച്ചുനാളുകളായി മലയാളസിനിമയില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ റീ റിലീസായ രാവണപ്രഭു പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അടുത്തതായി ദിലീപ് നായകനായെത്തിയ കല്യാണരാമനാണ് റീ റിലീസിനൊരുങ്ങുന്നത്.

ദിലീപ്, സലിം കുമാര്‍, ഇന്നസെന്റ് തുടങ്ങിയ വമ്പന്‍ താരനിര അണിനിരന്ന ചിത്രമാണിത്. എക്കാലവും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച നിരവധി തമാശകളും സിനിമയുടെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്നാണ്. 4k അറ്റ്‌മോസില്‍ എത്തി മികച്ച അഭിപ്രായം നേടിയ ദേവദൂതന്‍, ഛോട്ടാ മുംബൈ, റീ റിലീസിനൊരുങ്ങുന്ന കമ്മീഷണര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഹൈ സ്റ്റുഡിയോസ് 4K റീമാസ്റ്റര്‍ ചെയ്യുന്ന ചിത്രമാണ് കല്യാണരാമന്‍.

റീ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2002-ല്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയതാണ് ചിത്രം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് ബെന്നി പി നായരമ്പലം ആണ്. ലാല്‍ ആണ് നിര്‍മാണം. ദിലീപ്, നവ്യാനായര്‍, കുഞ്ചാക്കോ ബോബന്‍, സലിം കുമാര്‍, ഇന്നസെന്റ്, ലാല്‍, ലാലു അലക്‌സ് തുടങ്ങിയ വമ്പന്‍ താരനിരയും അണിനിരന്നു.

ചിത്രത്തിലെ ഗാനങ്ങളും തമാശരംഗങ്ങളും ഇന്നും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ബേണി ഇഗ്നേഷ്യസ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ.ജെ യേശുദാസ്, സുജാത മോഹൻ, എം.ജി ശ്രീകുമാർ, അഫ്സൽ തുടങ്ങിയവരാണ് ഗായകർ. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: dileep starrer `kalyana raman` is set for a 4K re-release. the hit 2002 comedy film, directed by shafi, features a star-studded cast and is expected soon.