ഇത് വളരെ പ്രായാസമേറിയ ഒന്നാണ്, 15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ജയം രവിയും ആരതിയും

15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ജയം രവിയും ഭാര്യ ആരതിയും പിരിയുന്നു. എക്‌സിലൂടെ ജയം രവി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. വിവാഹമോചനത്തിനുള്ള തീരുമാനം തിടുക്കത്തില്‍ എടുത്തതല്ലെന്നും ചില വ്യക്തിപരമായ കാരണങ്ങളാലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
''ജീവിതം പല അധ്യായങ്ങള്‍ നിറഞ്ഞ ഒരു യാത്രയാണ്, ഓരോന്നും അതിന്റേതായ അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞതുമാണ്. നിങ്ങളില്‍ പലരും സ്‌ക്രീനിലും പുറത്തും എന്റെ യാത്രയെ അങ്ങേയറ്റം സ്നേഹത്തോടെ പിന്തുണച്ചവരാണ്. എന്റെ ആരാധകരോടും മാധ്യമങ്ങളോടും ഞാനും കഴിയുന്നത്ര സത്യസന്ധനായിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് തികച്ചും വ്യക്തിപരമായ ഒരു കാര്യം നിങ്ങളുമായി പങ്കിടുന്നത് വളരെ വിഷമത്തോടുകൂടിയാണ്. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള പ്രയാസകരമായ തീരുമാനം എടുത്തു.
ഈ സാഹചര്യത്തില്‍ ഞങ്ങളുടെ സ്വകാര്യതയെയും കുടുംബാംഗങ്ങളെയും ബഹുമാനിച്ച്, ഈ വിഷയത്തില്‍ കിംവദന്തികളും ആരോപണങ്ങളും ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. ഈ വിഷയം സ്വകാര്യമായിത്തന്നെ തുടരട്ടെ'', ജയം രവി കുറിച്ചു.
നേരത്തെതന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ആരതി, ജയം രവിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തത് വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു. 2009-ല്‍ വിവാഹിതരായ ജയം രവി- ആരതി ദമ്പതികള്‍ക്ക് ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണുള്ളത്.
ഒക്ടോബര്‍ 31-ന് തിയേറ്ററുകളിലെത്തുന്ന എം രാജേഷ് ചിത്രം 'ബ്രദറി'നായുള്ള കാത്തിരിപ്പിലാണ് താരം. 'തനി ഒരുവന്‍ 2' എന്ന ചിത്രവും ജയം രവിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Content Highlights: jayam ravi confirm separation with his wife arathi, after 15 years of marital life