അച്ഛൻ തന്റെ സിനിമയെ പ്രൊമോട്ട് ചെയ്യില്ലെന്ന് ജേസൺ സഞ്ജയ്; മകനുവേണ്ടി വഴിമാറി വിജയ് ചിത്രം

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിഗ്മ'. ഒക്ടോബർ 2-നാണ് ചിത്രം ലോകമെമ്പാടുമായി തിയേറ്ററുകളിലെത്തുക. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ ജേസൺ.

'സിഗ്മ'യുടെ തെലുഗു പ്രസ്മീറ്റിൽ സംസാരിക്കവെ, ചിത്രത്തിൽ വിജയ്‌യുടെ പങ്കാളിത്തത്തെക്കുറിച്ച് ജേസണിനോട് ചോദ്യം ചോദിക്കുകയുണ്ടായി. ''അദ്ദേഹം ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്'', എന്നാണ് അതിന് ജേസൺ ഉത്തരം നൽകിയത്.

തുടർന്ന്, ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ വിജയ് ഭാഗമാകുമോ എന്നും ചോദ്യമുണ്ടായി. തന്റെ പിതാവിനെ സിനിമയുടെ പ്രചാരണങ്ങളിൽ നിന്ന് എന്തുകൊണ്ട് അകറ്റിനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ''വേണ്ട, വേണ്ട. കാരണം, പ്രചാരണം സിനിമയെ കേന്ദ്രീകരിച്ചുള്ളതാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് മറ്റ് കാര്യങ്ങളുമായി കൂടിക്കലരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല, അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയാണല്ലോ, അതിനാൽ അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ''.

ഈ ചിത്രത്തെക്കുറിച്ച് വിജയ് വളരെ ആവേശത്തിലാണെന്നും സിനിമ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ജേസൺ അറിയിച്ചു. ''അദ്ദേഹവും ഇതിൽ വളരെ ആവേശഭരിതനാണ്'', ജേസൺ കൂട്ടിച്ചേർത്തു. തന്റെ പിതാവിൽ നിന്ന് പഠിച്ച ഒരു ഗുണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജേസൺ പറഞ്ഞു, ''കൃത്യനിഷ്ഠ''.

മകന്റെ ചിത്രത്തിനായി പിതാവ് എന്തെങ്കിലും സഹായം നൽകിയിരുന്നോ എന്ന ചോദ്യത്തിന്, സദസ്സിലേക്ക് ചൂണ്ടിക്കാണിക്കുകയാണ് ജേസൺ ചെയ്തത്. ആവേശത്തോടെ ആർപ്പുവിളിക്കുന്ന കാണികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജേസൺ ഇങ്ങനെ പറഞ്ഞു, ''എല്ലാവരും... അവരെല്ലാം''.

വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായപ്പോൾ എന്തുതോന്നിയെന്ന ചോദ്യത്തിനും ജേസൺ ഉത്തരം നൽകി, ''എനിക്ക് വലിയ സന്തോഷം തോന്നി. എനിക്കും അദ്ദേഹത്തിന് ചുറ്റുമുള്ള എല്ലാവർക്കും അതൊരു സന്തോഷകരമായ നിമിഷമായിരുന്നു''.

അതിനിടെ വിജയ്‌യും തൃഷയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച 'തിരുപ്പാച്ചി'യും ഒക്ടോബർ 1-ന് റി-റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അത് മാറ്റിവെച്ചെന്ന് പിന്നീട് വിതരണക്കമ്പനി തന്നെ അറിയിച്ചു. 'സിഗ്മ'യ്ക്കുവേണ്ടിയാണ് വിജയ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതെന്നുമറിയുന്നു.

''സിനിമയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു വിതരണക്കമ്പനി എന്ന നിലയിൽ, വരും ആഴ്ചകളിൽ റിലീസിനൊരുങ്ങുന്ന മികച്ച പുതിയ ചിത്രങ്ങളുടെ നിര ഞങ്ങൾ കാണുന്നുണ്ട്. ഈ പുതിയ റിലീസുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ സജീവമായ ചലച്ചിത്രമേഖലയ്ക്ക് പിന്തുണ നൽകുന്നതിനുമായി, 'തിരുപ്പാച്ചി'യുടെ റി-റിലീസ് താൽക്കാലികമായി മാറ്റിവെക്കാൻ ഞങ്ങൾ ബോധപൂർവ്വം തീരുമാനിച്ചു. ചലച്ചിത്രമേഖലയ്ക്കൊപ്പം നിലകൊള്ളുന്നതിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു; സിനിമ എപ്പോഴും അഭിവൃദ്ധി പ്രാപിക്കും, അതിന്റെ നിരന്തരമായ വളർച്ചയെ പിന്തുണയ്ക്കാൻ ഞങ്ങൾ എപ്പോഴും കൂടെയുണ്ടാകും'', വിതരണക്കമ്പനി സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jason Sanjay is making his directorial debut with the movie 'Sigma'. Sigma is scheduled for a worldwide theatrical release on October 2., Jason explained that Tamil Nadu CM Vijay will not promote the film to keep the focus purely on the movie