പുരുഷന്മാരെ ഒഴിവാക്കാൻ ഓറിയെ ഭർത്താവായി പരിചയപ്പെടുത്തിയിട്ടുണ്ട്- ജാൻവി കപൂർ

ഇന്ത്യക്ക് പുറത്തു സഞ്ചരിക്കുമ്പോൾ ഫ്ലേർട്ടിങ്ങിനായി ചില പുരുഷന്മാർ സമീപിക്കാറുണ്ടെന്നും രക്ഷപ്പെടാനായി വിവാഹിതയാണെന്ന് ഒഴിവുകഴിവു പറയാറുണ്ടെന്നും ജാൻവി കപൂർ. ഒരിക്കൽ ഒരു പ്രത്യേകസാഹചര്യത്തിൽ നിന്ന് പുറത്തുകടക്കാനായി അടുത്ത സുഹൃത്തായ ഓർഹാൻ അവത്രമണി എന്ന ഓറിയെ ഭർത്താവായി പരിചയപ്പെടുത്തുക പോലും ചെയ്തിട്ടുണ്ടെന്നും ജാൻവി പറയുന്നു.
ഏറ്റവും പുതിയ ചിത്രമായ 'പരം സുന്ദരി'യിലെ സഹതാരം സിദ്ധാർഥ് മൽഹോത്രയ്‌ക്കൊപ്പം ഐഎംഡിബിയുടെ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു ജാൻവിയുടെ വെളിപ്പെടുത്തൽ. അനാവശ്യമായ താൽപര്യങ്ങൾ ഒഴിവാക്കാൻ നൽകിയ ഏറ്റവും വിചിത്രമായ ഒഴിവുകഴിവ് എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു ജാൻവിയുടെ മറുപടി.
"ഞാൻ വിവാഹിതയാണെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. നേരിട്ട് ആളുകൾ അടുത്തേക്ക് വരുന്നത് കൂടുതലും ഇന്ത്യക്ക് പുറത്തുവെച്ചാണ്. ലോസ് ഏഞ്ചൽസിലെ ഒരുപാട് വെയിറ്റർമാർ അവരുടെ ഫോൺ നമ്പർ തരികയും ഞാൻ ഓർഡർ ചെയ്യാത്ത സാധനങ്ങൾ കൊണ്ടുവന്നു തരികയുമൊക്കെ ചെയ്തിട്ടുണ്ട്. ഒരിക്കൽ ഞാൻ ഓറിക്കൊപ്പമായിരുന്നു, അപ്പോൾ അവൻ എൻ്റെ ഭർത്താവാണെന്ന് ഞാൻ പറഞ്ഞു,”-ജാൻവി പറഞ്ഞു.
നിലവിൽ ശിഖർ പഹാരിയയുമായി ഡേറ്റിങ്ങിലാണ് നടി. ആദ്യ ഡേറ്റിങ്ങിൽ തനിക്ക് അംഗീകരിക്കാനാവാത്ത കാര്യങ്ങളെക്കുറിച്ചും അവർ പങ്കുവെച്ചു. “ആദ്യ ഡേറ്റിങ് വളരെ പ്രധാനപ്പെട്ടതാണ്. അവർ വൈകി വരരുത്, സത്യത്തിൽ നേരത്തെ എത്തണം. അവർക്ക് അല്പം പരിഭ്രമം വേണം. ഭൗതികമായ വസ്തുക്കളേക്കാൾ എനിക്ക് പ്രിയം വൈകാരികമായ ഇടപെടലുകളാണ്”-അവർ പറഞ്ഞു.
തന്നെ ആകർഷിക്കാൻ പങ്കാളി ചെയ്ത ഏറ്റവും റൊമാൻ്റിക്കായ കാര്യത്തെക്കുറിച്ച് ജാൻവി പറഞ്ഞതിങ്ങനെ. 'ഒരിക്കൽ ദുസ്വപ്നം കണ്ട് പരിഭ്രാന്തയായപ്പോൾ, വെറും അഞ്ച് മണിക്കൂർ നേരത്തേക്ക് എന്നെ കാണാൻ വേണ്ടി അദ്ദേഹം ലണ്ടനിൽ നിന്ന് ബോംബെയിലേക്ക് വന്നു'.
നിലവിൽ 'പരം സുന്ദരി' എന്ന ചിത്രമാണ് ജാൻവിയുടേതായി പ്രദർശനത്തിലുള്ളത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Janhvi Kapoor reveals she introduced Orry as her husband to avoid unwanted advances while abroad. Learn more about her dating life and latest projects.