പണത്തിനു പുറകേ പോയി ഹോളിവുഡ് സർഗാത്മകതയെ നശിപ്പിക്കുന്നു- ജാക്കി ചാൻ

ആഗോള ചലച്ചിത്ര ഇതിഹാസം ജാക്കി ചാൻ കുട്ടികളുടെയടക്കം ഇഷ്ടതാരമാണ്. കരിയർ ലെപ്പേർഡ് പുരസ്‌കാരത്തിന് അർഹനായ ഇദ്ദേഹം അടുത്തിടെ ലോകാർനോ ചലച്ചിത്രോത്സവത്തിന്റെ 78-ാമത് പതിപ്പിലാണ് പുരസ്‌കാരം സ്വീകരിച്ചത്. അതുമായി ബന്ധപ്പെട്ട ഒരു സംവാദ പരിപാടിയിൽ, പുതിയ ഹോളിവുഡ് സിനിമകളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവെച്ചു. ഹോളിവുഡ് സിനിമകളുടെ നിലവാരം വർഷങ്ങളായി കുറഞ്ഞുവരികയാണെന്നാണ് ആക്ഷൻ സൂപ്പർസ്റ്റാർ ജാക്കി ചാൻ പറഞ്ഞത്.
'പണത്തോടുള്ള തങ്ങളുടെ അഭിനിവേശം കൊണ്ട് വലിയ ഹോളിവുഡ് സ്റ്റുഡിയോകൾ സമകാലിക സിനിമാ നിർമ്മാണത്തെ ശ്വാസം മുട്ടിക്കുകയാണ്. ഇന്നത്തെ സിനിമകളേക്കാൾ മികച്ചത് പഴയ സിനിമകളാണെന്ന് ഞാൻ കരുതുന്നു.' ചാൻ പറഞ്ഞു. 'ഇപ്പോൾ, വലിയ ഒരുപാട് സ്റ്റുഡിയോകൾ സിനിമാ പ്രവർത്തകരേക്കാളുപരി ബിസിനസ്സുകാരാണ്. അവർ 40 ദശലക്ഷം നിക്ഷേപിക്കുകയും 'അതെങ്ങനെ തിരികെ നേടാം?' എന്ന് ചിന്തിക്കുകയുമാണ് ചെയ്യുന്നത്. അതിനപ്പുറം പോകാൻ കഴിയുന്നില്ല. അതിനാൽ ഇപ്പോൾ ഒരു നല്ല സിനിമയെടുക്കാൻ വളരെ പ്രയാസമാണ്.' ലോകാർനോയുടെ തലവൻ ഗിയോന നസാരോയുമായി നടന്ന ചോദ്യോത്തര വേളയിൽ ചാൻ കൂട്ടിച്ചേർത്തു.
ചർച്ചയിലുടനീളം മുന്നിട്ടുനിന്ന പ്രധാന വിഷയം സിനിമാ കലയോടുള്ള ചാനിന്റെ അർപ്പണബോധമായിരുന്നു. 71-കാരനായ താരം സിനിമാ രംഗത്തെ തന്റെ തുടക്കത്തെക്കുറിച്ചും ഹോളിവുഡിൽ പ്രവർത്തിച്ചതിനെക്കുറിച്ചുമുള്ള നിരവധി കഥകൾ പങ്കുവെച്ചു. സ്റ്റണ്ട് ഡയറക്ഷൻ മുതൽ അഭിനയം, ശബ്ദം വരെ ഒരു സിനിമയുടെ സെറ്റിലെ എല്ലാ ജോലികളും പഠിക്കാൻ അദ്ദേഹം പ്രയത്‌നിച്ചത് എങ്ങനെയെന്നതും വിശദീകരിച്ചു. ഏറ്റവും അപകടകരമായ പല സ്റ്റണ്ടുകളും എങ്ങനെ പൂർത്തിയാക്കി എന്നതിനെക്കുറിച്ചെല്ലാമുള്ള കഥകളും അദ്ദേഹം പങ്കുവെച്ചു.
ലോകത്തിലെ ഏറ്റവും ജനപ്രിയസിനിമാതാരങ്ങളിൽ ഒരാളാണ് ജാക്കി ചാൻ. ഒരു ആയോധനകലാ വിദഗ്ദ്ധനായ ചാൻ, 'ഫിസ്റ്റ് ഓഫ് ഫ്യൂറി' പോലുള്ള സിനിമകളിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് തന്റെ കരിയർ ആരംഭിച്ചത്. 70-കളിൽ നായകനായി പ്രശസ്തി നേടുന്നതിന് മുൻപായിരുന്നു ഇത്. 80-കളിൽ അദ്ദേഹം ചൈനീസ് സിനിമയിലെ ഒരു സൂപ്പർസ്റ്റാറായി മാറി. ആക്ഷൻ കോമഡി വിഭാഗത്തിന് നേതൃത്വം നൽകിയ അദ്ദേഹം, നൂതനവും ജീവൻ പണയപ്പെടുത്തിയുള്ളതുമായ സ്റ്റണ്ടുകളിലൂടെ പേരെടുത്തു.
ഒടുവിൽ 'റംബിൾ ഇൻ ദി ബ്രോങ്ക്‌സ്', 'റഷ് അവർ', 'ഷാങ്ഹായ് നൂൺ' തുടങ്ങിയ ഹിറ്റുകളിലൂടെ ഹോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തി. സിനിമാ ചരിത്രത്തിലെ ആയോധനകലാ വിദഗ്ദ്ധരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന ജാക്കി ചാന്റെ സിനിമകൾ ആഗോളതലത്തിൽ ഏകദേശം 6 ബില്യൺ ഡോളർ നേടിയിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: action superstar jackie chan criticizes big hollywood studios for prioritizing profits over quality filmmaking at the locarno film festival.