ആട്-3 എപ്പോള്‍ വരും? 'അഞ്ചാംപാതിര പോലൊരു സിനിമ ഇനി ചെയ്യില്ല, ഓസ്‌ലര്‍ അടിമുടി വേറൊരു സിനിമ'-മിഥുൻ

ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനും ഒരുപോലെ കഴിയുക എന്നത് ചെറിയ കഴിവല്ല, എന്നാല്‍ മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്‍ ഈ രണ്ടുവഴികളിലും സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്, പ്രായഭേദമില്ലാതെ മലയാളിയെ ചിരിപ്പിച്ച് കിടത്തിയ ആട് സീരിസ്, ഫീല്‍ഗുഡ് വഴിയിലെ ആന്‍മരിയ, ത്രില്ലടിപ്പിച്ച് നെഞ്ചിടിപ്പ് കൂട്ടിയ അഞ്ചാം പാതിര.. ഓരോ സിനിമയിലും പുതുമയുടെ കൈയൊപ്പ് ചാര്‍ത്തുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ' അബ്രഹാം ഓസ്‌ലര്‍' എന്ന പുത്തന്‍ ചിത്രവുമായി മിഥുന്‍ വീണ്ടും തിയേറ്ററിലെത്തുമ്പോള്‍ അതിലൊളിപ്പിച്ച ത്രില്ലിങ് കഥാവഴി അറിയാനുള്ള ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകര്‍. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അബ്രഹാം ഓസ്‌ലറായി ജയറാം കളം നിറയുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലറാണ്. ഓസ്‌ലറിന്റെ വിശേഷങ്ങളെകുറിച്ച് മിഥുന്‍ മാനുവല്‍ തോമസ്സ് സംസാരിക്കുന്നു.
എവിടെ നിന്നാണ് അബ്രഹാം ഓസ്‌ലറിനെ കണ്ടെത്തിയത്...?
അഞ്ചാം പാതിരയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനെ തന്നെ നായകനാക്കി മറ്റൊരു സിനിമയായിരുന്നു ഞാന്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ ചില തടസ്സങ്ങള്‍ കാരണം ആ സിനിമയുടെ ഷൂട്ടിങ് മാറ്റിവയ്‌ക്കേണ്ടി വന്നു. ആ സമയത്താണ് എന്റെ സുഹൃത്തും വയനാട്ടുകാരനുമായ സംവിധായകന്‍ ജോണ്‍ മന്ത്രിക്കല്‍ ഒരുകഥയെ കുറിച്ച് എന്നോട് പറയുന്നത്. പ്രമുഖ ഓര്‍ത്തോസര്‍ജനായ രണ്‍ധീര്‍ കൃഷ്ണന്‍ എഴുതിയ കഥയായിരുന്നു അത്. ജോണിന്റെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ ആ കഥ കേട്ടു. മെഡിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള ആ ഇമോഷണല്‍ ക്രൈം ഡ്രാമ എന്നെ വളരെ ആകര്‍ഷിക്കുകയും ഇത് സംവിധാനം ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് അബ്രഹാം ഓസ്‌ലര്‍ എന്ന സിനിമയോടൊപ്പമുള്ള എന്റെ യാത്ര ആരംഭിക്കുന്നത്.
മനസ്സില്‍ ഓസ്‌ലറിന്റെ രൂപത്തില്‍ ആദ്യമേ ജയറാം തന്നെയായിരുന്നോ...?
അപൂര്‍വ്വം സന്ദര്‍ഭങ്ങളൊഴിച്ചാല്‍ ആര്‍ട്ടിസ്റ്റിനെ മുന്നില്‍കണ്ട് കഥ എഴുതുന്ന രീതി സ്വീകരിക്കാറില്ല. എന്റെ സിനിമയ്ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുകയാണ് ചെയ്യാറുള്ളത്. ഓസ്‌ലറിലും കഥ ലോക്ക് ആവുന്നത് വരെ ഒരുആര്‍ട്ടിസ്റ്റും മനസ്സിലുണ്ടായിരുന്നില്ല. ഇത്തരമൊരു ഡാര്‍ക്ക് ക്രൈം ഡ്രാമ മുമ്പ് ചെയ്തിട്ടില്ലാത്ത ഒരുതാരം കേന്ദ്രകഥാപാത്രമായി വന്നാല്‍ നന്നാകുമെന്ന് തോന്നി. കാരണം അഞ്ചാം പാതിരയില്‍ ചാക്കോച്ചനെ (കുഞ്ചാക്കോ ബോബന്‍) കേന്ദ്രകഥാപാത്രമാക്കിയതും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരാള്‍ ത്രില്ലര്‍ ചെയ്യട്ടെ എന്ന തീരുമാനത്തിലാണ്. അതിലൊരു പുതുമ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. അഞ്ചാം പാതിരയുടെ വിജയം ആ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു. അതേ തോന്നല്‍ തന്നെയാണ് ഓസ്‌ലറിലെ കേന്ദ്രകഥാപാത്രമായി ജയറാമേട്ടനെ ആലോചിക്കാന്‍ പ്രേരിപ്പിച്ചത്. കുറച്ച് കാലമായി നല്ലൊരു സിനിമയ്ക്കായി ജയറാമേട്ടന്‍ മലയാളത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് നില്‍ക്കുകയാണ്. അതുപോലെ കരിയറില്‍ അധികം ത്രില്ലര്‍ സിനിമകള്‍ ജയറാമേട്ടന്‍ ചെയ്തിട്ടുമില്ല. കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെടുകയും സമ്മതിക്കുകയും ചെയ്തു. എഴുതിയതിനേക്കാള്‍ മികവോടെ അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുപോലെ ട്രെയ്‌ലറില്‍ കണ്ടതും കാണാത്തതുമായ അഭിനേതാക്കള്‍ ഓസ്‌ലര്‍ എന്ന സിനിമയിലുണ്ടാകും. അത് ആരാണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. അതൊരു സസ്‌പെന്‍സായി സിനിമ കാണുന്നത് വരെ പ്രേക്ഷകരുടെ ചിന്തയിലുണ്ടാകട്ടെ. പ്രേക്ഷകര്‍ അഞ്ചാം പാതിരയെ പോലെ തന്നെ ഇരുകൈയും നീട്ടി ഓസ്‌ലറിനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ.
വലിയ വിജയങ്ങള്‍ക്ക് ശേഷം അടുത്ത സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദങ്ങളുണ്ടാവാറുണ്ടോ..?
ഞാന്‍ ഒരു സിനിമയുടെ വിജയമോ പരാജയമോ കണ്ട് അടുത്ത സിനിമ പ്ലാന്‍ ചെയ്യുന്ന സ്വഭാവക്കാരനല്ല. കുറച്ച് എടുത്തുചാട്ടക്കാരനാണ്. നമുക്ക് ഇഷ്ടപ്പെട്ട കഥ കിട്ടി കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ വര്‍ക്ക് ചെയ്യുക ബാക്കി വരുന്നയിടത്ത് വച്ച് കാണാം എന്ന് വിചാരിക്കുന്നയാളാണ്. അതുതന്നെയാണ് ഓസ്‌ലറിന്റെ കാര്യത്തിലും സംഭവിച്ചത്. അഞ്ചാം പാതിരയ്ക്ക് ശേഷം എന്നെ മോഹിപ്പിച്ച ഒരു തിരക്കഥ മുന്നില്‍ വന്നപ്പോള്‍ അത് സംവിധാനം ചെയ്തു. വിജയത്തിന്റെ തോത് അനുസരിച്ച് മാത്രം സിനിമകള്‍ സംവിധാനം ചെയ്യാന്‍ പോയാല്‍ പലപ്പോഴും നമുക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യാന്‍ കഴിയാതെ വരും.
നമ്മള്‍ സിനിമകള്‍ ചെയ്ത് വളരുന്നതിനനുസരിച്ച് നമ്മുടെ ചിന്തകളും വളരും എന്നാണ് എന്റെ വിശ്വാസം. നമ്മള്‍ തെരഞ്ഞെടുക്കുന്ന കഥകള്‍ക്കും അത്തരം സവിശേഷതകളുണ്ടാകും. അത് വിശ്വസിച്ച് മുന്നോട്ട് പോകുക. അല്ലെങ്കില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കേണ്ടി വരും. ഓസ് ലര്‍ കഴിഞ്ഞാല്‍ അടുത്ത പടം എന്താണെന്ന് തീരുമാനിച്ച് വച്ചിട്ടുണ്ട്, അതുമായി മുന്നോട്ട് പോകുക. അത്രമാത്രം.
അഞ്ചാം പാതിര പോലൊരു സിനിമ തന്നെ ഓസ്‌ലറിലും പ്രതീക്ഷിക്കാമോ...?
അഞ്ചാം പാതിരയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്നത് മാത്രമേ അഞ്ചാം പാതിരയുമായി സാമ്യതയുള്ളു. ഓസ്‌ലര്‍ അടിമുടി വേറൊരു സിനിമയാണ്. ചിലര്‍ സോഷ്യല്‍ മീഡിയയിലൊക്കെ ചോദിക്കാറുണ്ട് അഞ്ചാം പാതിര പോലൊരു സിനിമ പ്രതീക്ഷിക്കാമോ എന്ന്. അതിനുള്ള ഉത്തരം അഞ്ചാം പാതിര പോലൊരു സിനിമ ഇനി ചെയ്യില്ല. അഥവാ ചെയ്താല്‍ അത് ഏതെങ്കിലും ഭാഷയില്‍ അഞ്ചാം പാതിരയുടെ റീമേക്കോ അല്ലെങ്കില്‍ ആറാം പാതിരയോ മാത്രമായിരിക്കും. കാരണം എനിക്ക് എന്നെ തന്നെ ആവര്‍ത്തിക്കാന്‍ താത്പര്യമില്ലാത്ത ഒരാളാണ്.
മമ്മൂട്ടിയ്‌ക്കൊപ്പം 'ടര്‍ബോ' ഒരുങ്ങുകയാണ്, ഒപ്പം ആറാം പാതിര, ആട്-3, കോട്ടയം കുഞ്ഞച്ചന്‍-2 അനൗണ്‍സ് ചെയ്ത ചിത്രങ്ങള്‍ വേറെയുമുണ്ട്...?
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ' ആക്ഷന്‍ കോമഡി ജോണറില്‍ പെടുന്ന സിനിമയാണ്. ആദ്യമായാണ് അത്തരമൊരു ജോണറിലൊരു തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടീം ടര്‍ബോയില്‍ വര്‍ക്ക് ചെയ്യാനാകുന്നു എന്നതില്‍ സന്തോഷമുണ്ട്. ഹിറ്റ് കോംമ്പോ ആയതിനാല്‍ പ്രേക്ഷകര്‍ക്കിടയിലും ആ ഹൈപ്പുണ്ടാകും എന്നെനിക്കറിയാം. അതിനാല്‍ പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന സിനിമയായി 'ടര്‍ബോ' മാറുമെന്നാണ് ഞങ്ങളുടെയെല്ലാവരുടെയും പ്രതീക്ഷ.
കോട്ടയം കുഞ്ഞച്ചന്‍-2 എന്ന സിനിമ പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു എന്നത് നേരത്തെ പറഞ്ഞതാണ്. അനൗണ്‍സ് ചെയ്ത സിനിമകളില്‍ ചെയ്യാന്‍ സാധ്യതയുള്ളത് ആട്-3യും ആറാം പാതിരയുമാണ്. അതില്‍ ആട്-3 എന്ന സിനിമ ചെയ്യണമെന്ന് എനിക്ക് ഒരുപാട് സമ്മര്‍ദ്ദമുള്ള സിനിമയാണ്. എത്രസിനിമകള്‍ ചെയ്താലും എവിടെ പോയാലും എല്ലാവരും ചോദിക്കുന്നത് ആട്-3 എപ്പോള്‍ വരും എന്നാണ്. കാരണം കുട്ടികളടക്കം വലിയൊരു ഫാന്‍ ബേസുള്ള ഫ്രഞ്ചൈസി ആണത്. തിരക്കഥ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ആട്-3 സമീപഭാവിയില്‍ തന്നെ ചെയ്താല്‍ കൊള്ളാം എന്നൊരു ആഗ്രഹമുണ്ട്.
സുരേഷ് ഗോപി, മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബന്‍... സൂപ്പര്‍താരങ്ങളുടെ കൂടെയാണ് സമീപകാല സിനിമകളെല്ലാം, മിഥുന്‍ ഒരുക്കാലത്ത് സ്വപ്‌നം കണ്ട സിനിമ വഴിയില്‍ എത്തിയോ...?
നമ്മള്‍ സിനിമകള്‍ കണ്ടുവളര്‍ന്ന, സ്വാധീനിച്ച അഭിനേതാക്കളിലേക്ക് എത്താന്‍ കഴിഞ്ഞു. പ്രത്യേകിച്ച് ഇപ്പോള്‍ മമ്മൂക്കയ്‌ക്കൊപ്പം ടര്‍ബോ എന്ന സിനിമ ചെയ്യുന്നു, ജയറാമേട്ടന്റെ ഓസ്‌ലര്‍, സുരേഷേട്ടന്റെ കൂടെ ഗരുഡന്‍, ചാക്കോച്ചന്റെ കൂടെ അഞ്ചാം പാതിര.. ഒരുപാട് സന്തോഷമുള്ള കാര്യമാണ് സംഭവിക്കുന്നത്. സിനിമയിലേക്ക് എത്തുന്ന ഏതൊരാളും ആഗ്രഹിക്കുക ഇന്‍ഡസ്ട്രിയിലെ നമ്മളിഷ്ടപ്പെടുന്ന സൂപ്പര്‍താരങ്ങളുടെ കൂടെ സിനിമ ചെയ്യണം എന്നാണല്ലോ. കാലക്രമേണ ആയൊരു ഘട്ടത്തിലേക്ക് എത്തിയതില്‍ ഒരുപാട് സന്തോഷമുണ്ട്, അതുപോലെ ഏറെ ആസ്വദിക്കുന്നുമുണ്ട്.
എഴുതുന്നവയില്‍ സ്വയം സംവിധാനം ചെയ്യാനുള്ള സിനിമകള്‍ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്...?
നമ്മുടെ മനസ്സില്‍ ഒരുപാട് കഥാതന്തുക്കളും കഥകളുമൊക്കെയുണ്ടാകും. എല്ലാ കഥകളും എനിക്ക് തന്നെ സംവിധാനം ചെയ്യണമെന്ന് നിര്‍ബന്ധബുദ്ധി ഉള്ളയാളൊന്നുമല്ല ഞാന്‍. കാരണം എഴുതുന്ന സിനിമകളും നമ്മുടേത് കൂടിയാണല്ലേ. എനിക്കൊരു നല്ല കഥ കിട്ടിയാല്‍ പരിചയമുള്ള നല്ലൊരു സംവിധായകന് അത് കൊടുക്കുന്നതില്‍ ഏറെ സന്തോഷമുള്ളയാളാണ് ഞാന്‍. തിരക്കഥാകൃത്തിന്റേത് കൂടിയാണല്ലോ സിനിമ. എഴുത്തുകാരന്റെ റോളായാലും സംവിധായകന്റെ റോളായാലും തുല്യനിലയില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. ആട് പോലുള്ള സ്ലാപ്സ്റ്റിക് കഥകള്‍ മനസ്സില്‍ വരികയാണെങ്കില്‍ അത് ചിലപ്പോള്‍ ഞാന്‍ തന്നെ സംവിധാനം ചെയ്യും. കാരണം അത്തരമൊരു കഥ മറ്റൊരാളോ പറഞ്ഞ് മനസ്സിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്.
മിഥുന്‍, ബേസില്‍ ജോസഫ്, സ്റ്റെഫി സേവ്യര്‍.. ഒരുകാലത്ത് മലയാളസിനിമയില്‍ തീരെ പ്രാതിനിധ്യമില്ലാതിരുന്ന വയനാട്ടില്‍ നിന്ന് ഇന്ന് മികച്ച സംവിധായകര്‍ കടന്നു വരുന്നു. ഈയൊരു മാറ്റത്തെ എങ്ങനെ കാണുന്നു...?
ഒരുപാട് സന്തോഷം, അതിന്റെ പ്രധാന കാരണം സിനിമ വളരെ ഓപ്പണായി. പണ്ട് സിനിമയിലേക്കും സിനിമക്കാരിലേക്കും എത്തിപ്പെടുക എന്ന് പറയുന്നത് വളരെ പ്രയാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയൊക്കെ വന്നതോടെ കാര്യങ്ങള്‍ കുറേ എളുപ്പമായി. താത്പര്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ഇന്ന് ആര്‍ക്കും സിനിമയിലെത്താം. അത്തരമൊരു സാധ്യത വന്നതുകൊണ്ടാണ് വയനാട്ടില്‍ നിന്നടക്കം ഒരുപാട് പേര്‍ സിനിമയിലേക്ക് വരുന്നത്. പിന്നെ വയനാട് ഒരുപിന്നോക്ക ജില്ലയാണ് എന്നൊരു പൊതുബോധം ഒരുകാലം വരെ ഇവിടെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, മറ്റേത് ജില്ലയിലെ പോലെ തന്നെ എല്ലാ മേഖലകളിലും മികവ് പുലര്‍ത്തുന്ന സ്ഥലമായി വയനാടും മാറിക്കഴിഞ്ഞു. സിനിമയിലെ എല്ലാ മേഖലയിലും ഇന്ന് ഒരുപാട് വയനാട്ടുകാരുണ്ട്. ഇനിയും ഒരുപാട് ആളുകള്‍ സിനിമയില്‍ എത്തും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
Content Highlights: interview with director midhun manuvel thomas based Abraham Ozler