പൈസ അല്ല സ്‌നേഹമാണ് വലിയ കാര്യമെന്നൊക്കെ, ചുമ്മാ പറയുന്നതാണ്..

#സൂരജ് സുകുമാരന്‍
ഗോകുലനും സുധി കൊപ്പയും
ഗോകുലനും സുധി കൊപ്പയും

എന്തുകൊണ്ട് സിനിമാനടന്മാരായെന്ന് ചോദിച്ചാല്‍ 'കൊച്ചിയില്‍ ജനിച്ചതുകൊണ്ട്' എന്ന് ഉത്തരം പറയും സുധി കൊപ്പയും ഗോകുലനും. നവ മലയാള സിനിമയിലെ സഹനായക നിരയില്‍ ശക്തമായ സാന്നിധ്യമറിയിച്ച രണ്ട് കൊച്ചിക്കാര്‍. ഒരാള്‍ പേരിനൊപ്പം കൊച്ചിയെയും പള്ളുരുത്തിയെയും കൂടെക്കൂട്ടിയയാള്‍, മറ്റേയാള്‍ നവോദയ സ്റ്റുഡിയോയിലെ സിനിമാക്കാഴ്ചകളുടെ കാറ്റേറ്റ് വളര്‍ന്നവന്‍. അഭിനയ യാത്രയുടെ ആരംഭകാലത്താണ് കൊച്ചിയിലെ ഈ മച്ചാന്‍മാരുടെ സൗഹൃദത്തിന് വിത്തിട്ടത്, ഒരുമിച്ച് അഭിനയിച്ചും യാത്രകള്‍ ചെയ്തും കുശലങ്ങള്‍ പറഞ്ഞുമെല്ലാം അവര്‍ ആ സൗഹൃദത്തെ വളര്‍ത്തി. അഭിമുഖത്തിനായി കടമക്കുടിയുടെ കായലോരങ്ങളിലൂടെ നടന്നപ്പോഴും ചിരിയുടെ അമിട്ടുകള്‍ പൊട്ടി.

സിനിമയില്‍ എത്തുന്നതിന് മുന്‍പേ പരസ്പരം അറിയാമായിരുന്നോ? 

സുധി കൊപ്പ: ഇല്ല, 'ആമേന്‍' സിനിമയുടെ സെറ്റില്‍വെച്ചാണ് ഞാന്‍ ഗോകുലനെ  പരിചയപ്പെടുന്നത്. മുന്‍പ് 'കുടുംബശ്രീ ട്രാവല്‍സ്' എന്ന സിനിമയില്‍ ഗോകുലനെ കണ്ടിട്ടുണ്ട്. നാടക നടനെന്ന നിലയിലും അറിയാം. 

ഗോകുലന്‍: സിനിമയില്‍ എന്നെക്കാളും സീനിയറാണ് സുധിച്ചേട്ടന്‍. 'ആമേന്റെ' സെറ്റില്‍വെച്ചാണ് പരിചയപ്പെടുന്നത്. അതിന് മുന്‍പ് ഞാന്‍ സുധിച്ചേട്ടനെ കണ്ടിട്ടില്ല. നാടകം ആയിരുന്നു എന്റെ പ്രധാന പരിപാടി. അന്നൊന്നും സിനിമ മനസ്സിലില്ല. എന്റെ വീട് എറണാകുളം നഗരത്തില്‍ അല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സിനിമയില്‍ എത്തില്ല. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം കൊച്ചിയില്‍ ജനിച്ചുവളര്‍ന്നതാണെന്നാണ് വിശ്വാസം. അല്ലെങ്കില്‍ അഭിനയമോഹവുമായി വലിയ പൈസ വാടക നല്‍കി കൊച്ചിയില്‍ റൂമെടുത്ത് താമസിക്കേണ്ടിവന്നേനെ. ചിലപ്പോള്‍ എവിടെയും എത്താതെയും പോകുമായിരുന്നു. ഇന്നും പലഭാഗത്തുനിന്ന് വന്ന് അങ്ങനെ ഒരുപാടാളുകള്‍ കൊച്ചിയില്‍ താമസിക്കുന്നുണ്ട്. 

ഗോകുലനും സുധി കൊപ്പയും

സിനിമയിലെ തുടക്കത്തിന് സാഹചര്യം അനുകൂലമായിരുന്നോ? 

സുധികൊപ്പ: ഞാന്‍ കോളേജിലൊന്നും പോയിട്ടില്ല. ഐ.ടി.ഐ വരെയാണ് പഠിച്ചത്. സിനിമ കാണും എന്നതൊഴിച്ച് സിനിമയുമായി ഒരുബന്ധവുമില്ലാത്ത ചുറ്റുപാടിലാണ് വളര്‍ന്നത്. എറണാകുളത്ത് ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സി (ടി.സി.സി) ല്‍ ജോലിക്കാരനായിരുന്നു അച്ഛന്‍ ശിവശങ്കര പിള്ള. അദ്ദേഹം സ്വന്തമായി ബാലെ ട്രൂപ്പ് നടത്തിയിരുന്നു. സിനിമയായിരുന്നു എനിക്കിഷ്ടം. വീട് കൊച്ചിയിലായതിനാല്‍ ചെറുപ്പംതൊട്ടേ സിനിമ ഷൂട്ടിങ് കാണാന്‍ അവസരമുണ്ടായി. എന്നാല്‍ എങ്ങനെയാണ് സിനിമയിലേക്ക് എത്തുക എന്നൊന്നും അറിയില്ലായിരുന്നു. ഇന്ന് നല്ലരീതിയിലുള്ള ഓഡിഷനുകളൊക്കെ നടക്കുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. അന്ന് അതൊന്നുമില്ല. അന്ന് ലൊക്കേഷനുകള്‍ കണ്ടാല്‍ അവിടെച്ചെന്ന് ചാന്‍സ് ചോദിക്കും. അന്ന് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് പത്ര പരസ്യംവരും. തിരുവനന്തപുരം, ഷൊര്‍ണൂര്‍, ഗുരുവായൂര്‍ അങ്ങനെ പല സ്ഥലത്തേക്കും ഓഡിഷന് പോകും. ചിലര്‍ അവസരം വേണമെങ്കില്‍ കാശ് തരണം എന്ന് പറയും. കാശ് കൊടുത്താല്‍ പിന്നെ വിവരമൊന്നും കാണില്ല. പലതും പറ്റിപ്പായിരുന്നു. പിന്നെ എന്റെയൊരു ലുക്കൊക്കെ വെച്ച് നമ്മളെ മലയാള സിനിമയ്ക്ക് ആവശ്യമില്ലെന്നാണ് അന്ന് വിചാരിച്ചത്. 
ആദ്യമായി എന്നെ ഒരുസിനിമയിലേക്ക് തിരഞ്ഞെടുത്തത് 'സാഗര്‍ ഏലിയാസ് ജാക്കി'യിലായിരുന്നു. ഓഡിഷന് പോയി കുറച്ചുനാള്‍ കഴിഞ്ഞാണ് ഫോണ്‍ വന്നത്. വലിയ സന്തോഷമായി. കാരണം 'ബിഗ് ബി'ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമ, 'ഇരുപതാം നൂറ്റാണ്ടി'ന്റെ സീക്വല്‍ അങ്ങനെ വലിയ ഹൈപ്പില്‍ വന്ന സിനിമയായിരുന്നു അത്. 

ഗോകുലന്‍: നാടകത്തില്‍ അഭിനയിക്കാന്‍ മാത്രം എം.ഫിലിന് ചേര്‍ന്നയാളാണ് ഞാന്‍. ലോഹിതദാസിന്റെ അസോസിയേറ്റ്സായിരുന്ന മനോജ് കുമാര്‍, വിനോദ് കുമാര്‍ എന്നിവരുടെ കീഴിലാണ് നാടകാഭിനയം പഠിച്ചത്. കളമശ്ശേരി കേന്ദ്രീകരിച്ച് 'സെലിബ്രേഷന്‍സ്' എന്ന പേരിലൊരു തിയേറ്റര്‍ ഗ്രൂപ്പ് അവര്‍ക്കുണ്ട്. കാക്കനാട് ഭാരതമാത കോളേജില്‍നിന്ന് ഡിഗ്രി, പ്രസ് അക്കാദമിയില്‍നിന്ന് പി.ജി ജേണലിസവും പഠിച്ചു. പിന്നെയാണ് കുസാറ്റില്‍ ബിസിനസ് ഇക്കണോമിക്സ് പി.ജി. അവിടെത്തന്നെ ഇക്കണോമിക്സില്‍ എം.ഫിലും എടുത്തു.  ഒരിക്കലും സിനിമയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന ബോധ്യമുള്ളതുകൊണ്ട് ഓഡിഷന്‍ പരിപാടിക്കൊന്നും പോയിട്ടില്ല. എന്റെയൊരു നാടകം കണ്ട് 'കുടുംബശ്രീ ട്രാവല്‍സ്' എന്ന സിനിമയുടെ സംവിധായകനായ കിരണ്‍ വിളിച്ചു. ഒരു റോളുണ്ട് താത്പര്യമുണ്ടോ എന്ന് ചോദിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്.

സുധികൊപ്പ: സിനിമയ്ക്ക് മുന്‍പേ മ്യൂസിക് ആല്‍ബങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു ഗോകുലന്‍. 

ഗോകുലന്‍: അങ്ങനെയും കുറെ പരിപാടിയുണ്ടായിരുന്നു. ശരിക്കും ആദ്യം ഞാന്‍ അഭിനയിച്ചത് ഒരു തമിഴ് സിനിമയിലാണ്. ജയ് ആയിരുന്നു അതിലെ നായകന്‍. ആ പടത്തിന്റെ അസിസ്റ്റന്റ് എന്റെ അടുത്ത സുഹൃത്തായിരുന്നു. അങ്ങനെ റോള്‍ കിട്ടി. അപ്പോഴും വലിയ താത്പര്യമൊന്നും തോന്നിയില്ല. 'കുടുംബശ്രീ ട്രാവല്‍സ്' കഴിഞ്ഞപ്പോഴും എനിക്കൊരു ആത്മവിശ്വാസം വന്നില്ല. പിന്നെയും നാളുകള്‍ കടന്നുപോയി. ആയിടയ്ക്ക് 'ഓര്‍ക്കൂട്ട് ഒരുഓര്‍മക്കൂട്ട്' എന്ന സിനിമയില്‍ അഭിനയിച്ചു. അതിന്റെ സംവിധായകരും എന്റെ സുഹൃത്തുക്കളായിരുന്നു. പിന്നാലെ 'ആമേന്‍' വന്നു. 'പുണ്യാളന്‍ അഗര്‍ബത്തീസി'ലെ ജിബ്രൂട്ടന്‍ എന്ന കഥാപാത്രം ഹിറ്റായതോടെ ആള്‍ക്കാര്‍ ശ്രദ്ധിച്ചു. ഉണ്ട, ലൗ, തല്ലുമാല, സൗദി വെള്ളക്ക, ആളങ്കം, അയല്‍വാശി അങ്ങനെ ഒരുപിടി നല്ല സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ പിന്നീട്  തേടിയെത്തി. 

സുധികൊപ്പ: ആകസ്മികമായാണ് 'ആമേനി'ലെ കഥാപാത്രം എന്നെത്തേടിയെത്തിയത്. ആദ്യം എനിക്ക് റോള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്‍ എന്ന കഥാപാത്രം ചെയ്യാനിരുന്ന നടന്റെ ഡേറ്റ് ശരിയാവാതെ വന്നതോടെ ആ ഭാഗ്യം എന്നെത്തേടിയെത്തി. പിന്നാലെ 'ആടി'ലെ കഞ്ചാവ് സോമന്‍, 'ജോസഫി'ലെ സുധി, 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ'യിലെ താമര, 'പൊറിഞ്ചുമറിയം ജോസി'ലെ ഡിസ്‌കോ ബാബു, 'ഇലവീഴാപൂഞ്ചിറ'യിലെ സുധി, 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സി'ലെ അഡ്വ. റോബിന്‍ തുടങ്ങി ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങള്‍ തേടിവന്നു. പതിനഞ്ച് വര്‍ഷമായി ഇപ്പോള്‍ സിനിമയില്‍ എത്തിയിട്ട്. 

രണ്ടുപേരെയും പെട്ടെന്ന് ആള്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടോ? 

ഗോകുലന്‍: ഞാന്‍ എന്നും ഈ ഗെറ്റപ്പിലായതുകൊണ്ട് പെട്ടെന്ന് ആള്‍ക്കാര്‍ തിരിച്ചറിയാറുണ്ട്. 'പുണ്യാളനിലെ ജിബ്രൂട്ടനല്ലേ?' എന്ന് ചോദിച്ച് ആള്‍ക്കാര്‍ വരും. എന്നാല്‍ സുധിച്ചേട്ടന്‍ പല ഗെറ്റപ്പുകളില്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ രണ്ടുവര്‍ഷം മുന്‍പൊക്കെ ഞങ്ങളൊന്നിച്ച് പോയാല്‍ ചേട്ടനെ ആള്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ല

സുധികൊപ്പ: സത്യമാണ്,  'ആമേനി'ലും 'ആടി'ലുമൊക്കെ ഞാന്‍ വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു. 'പൊറിഞ്ചുമറിയം ജോസും' 'ഇലവീഴാപൂഞ്ചിറ'യുമൊക്കെ വന്നതോടെയാണ് ആള്‍ക്കാര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. 

നവാഗതര്‍ പലപ്പോഴും ഓഡിഷനുകളുടെ പേരില്‍ പറ്റിക്കപ്പെടാറുണ്ട്, അത്തരം അനുഭവങ്ങളുണ്ടോ...? 

സുധികൊപ്പ: കൊച്ചിയില്‍ ഫ്‌ളാറ്റിലോ അപ്പാര്‍ട്ടുമെന്റിലോ ഒന്നും ജനിച്ചുവളര്‍ന്ന ഒരാളല്ല ഞാന്‍. കൊച്ചി പള്ളുരുത്തിയിലെ സാധാരണ വീട്ടില്‍ ജനിച്ച് എല്ലാത്തരം സാഹചര്യങ്ങളെയും മനുഷ്യരെയും കണ്ട് വളര്‍ന്നയാളാണ്. കൊച്ചിയുടെ 'കൊ' യും, പള്ളുരുത്തിയുടെ 'പ' യും ചേര്‍ന്നാണ് എന്റെ പേരിലെ കൊപ തന്നെ ഉണ്ടായത്. പള്ളുരുത്തി ജയലക്ഷ്മി തിയേറ്ററിന് മുന്നിലുള്ള കൊച്ചു വാടകവീട്ടിലായിരുന്നു ചെറുപ്പത്തില്‍ ഞങ്ങള്‍ താമസിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്‍ പള്ളുരുത്തിയില്‍ തന്നെ ഒരു പഴയവീട് വാങ്ങി. ഓടുമേഞ്ഞ മേല്‍ക്കൂരയും തേക്കാത്ത വെട്ടുകല്ല് അടര്‍ന്ന ചുവരുകളും കുടുസുമുറികളുമുള്ള കൊച്ചുവീട്. ചൂടുകാലത്ത് നിലത്തായിരുന്നു ഞങ്ങള്‍ കിടന്നുറങ്ങിയത്. സിനിമയിലെത്തിയശേഷമാണ് ഇപ്പോള്‍ താമസിക്കുന്ന വീട് പണിതത്. സിനിമയില്‍ എത്തുന്നതിനുമുന്‍പ് പല ജോലികള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തട്ടിപ്പ് ഏതാണെന്നും ശരി ഏതാണെന്നും തിരിച്ചറിയാനുള്ള കഴിവുണ്ട്. പണ്ട് തട്ടിപ്പ് ഓഡിഷനുകള്‍ക്ക് പോയതിനെക്കുറിച്ച് ഓര്‍ത്ത് ഇന്ന് വിഷമിക്കാറില്ല. അതൊക്കെ അന്നത്തെ സാഹചര്യങ്ങള്‍മൂലം സംഭവിച്ചതാണ്. എന്തായാലും ദൈവം സഹായിച്ച് മോശമില്ലാതെ ഇന്ന് ജീവിക്കുന്നുണ്ടല്ലോ.

ഗോകുലന്‍: ഞാന്‍ ചുരുക്കം ചില ഓഡിഷനുകളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ. കാരണം നാടകകാലത്ത് ഒരിക്കലും സിനിമ എന്റെ സ്വപ്‌നമായിരുന്നില്ല. 

സുധികൊപ്പ: 'ആമേനി'ല്‍ ചാന്‍സ് ചോദിച്ച് ചെന്നതുകൊണ്ടാണ് എനിക്ക് അവസരം കിട്ടിയത്. അവസരംചോദിക്കാന്‍ മടിച്ചുനില്‍ക്കേണ്ട ആവശ്യമില്ല. മമ്മൂക്ക പറഞ്ഞതുപോലെ സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല മറിച്ച് നമുക്ക് സിനിമയെയാണ് ആവശ്യം.  മുപ്പതാംവയസ്സില്‍ വിരമിക്കാന്‍വേണ്ടി നമ്മള്‍ ക്രിക്കറ്റ് ഒന്നും അല്ലല്ലോ കളിക്കുന്നത്. സിനിമയാണ്, നമുക്ക് താത്പര്യമുള്ള ഏത് പ്രായംവരെയും അഭിനയിക്കാം. 

കൊച്ചിക്കാരായതിനാല്‍ ബാല്യകാല ഓര്‍മകളില്‍ സിനിമാ ഷൂട്ടിങ് ഉണ്ടാകും, ഒരോര്‍മ പറയാമോ...? 

സുധികൊപ്പ: ഒരുപാട് ഷൂട്ടുകള്‍ കണ്ടിട്ടുണ്ട്. പെട്ടെന്ന് ഓര്‍മയില്‍ വരുന്നത് 'ഇനിയും കഥ തുടരും' എന്ന ജോഷിസാറിന്റെ സിനിമയാണ്. എന്റെ വീടിന് മുന്നിലായിരുന്നു ഷൂട്ടിങ്. മമ്മൂക്ക, ജയപ്രദ, ലാലു അലക്‌സ്, നെടുമുടി വേണു, അംബിക തുടങ്ങി ഒരുപാട് അഭിനേതാക്കള്‍ ഉണ്ടായിരുന്നു.

ഗോകുലന്‍: എന്റെ വീട് കാക്കനാട് നവോദയ സ്റ്റുഡിയോയ്ക്ക് അരികിലാണ്. നവോദയയില്‍ ദിവസവും എന്തെങ്കിലും ഷൂട്ടിങ് കാണും. 'കിഴക്കന്‍ പത്രോസ്' എന്ന മമ്മൂക്ക ചിത്രത്തിന്റെ ഷൂട്ടാണ് ഓര്‍മയില്‍ വരുന്നത്. കൊച്ചിയില്‍നിന്ന് മണല്‍ കൊണ്ടുവന്ന് സ്റ്റുഡിയോയുടെ അകത്ത് കടപ്പുറം സെറ്റുണ്ടാക്കി. അങ്ങനെയാണ് ആ സിനിമ ഷൂട്ട് ചെയ്തത്. ഔട്ട്ഡോര്‍ തോപ്പുംപടി ഹാര്‍ബറിലും. ഒരുമാസത്തോളം ഷൂട്ടുണ്ടായിരുന്നു. 

ആദ്യകാലത്ത് രണ്ടുപേര്‍ക്കും തുടര്‍ച്ചയായി സിനിമകളുണ്ടായിരുന്നില്ല, അന്ന് മറ്റൊരു മേഖലയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ...?

ഗോകുലന്‍: വേറെ എന്തെങ്കിലും മേഖലയിലേക്ക് പോകാം എന്നൊരു ചിന്ത വന്നിട്ടില്ല. സിനിമ വരും എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു.

സുധികൊപ്പ:  കൈയില്‍ പൈസ ഇല്ലെങ്കില്‍ നമ്മുടെ കോണ്‍ഫിഡന്‍സ് കുറെ പോകും. എല്ലാവരും പറയും ജീവിതത്തില്‍ പൈസ ഒന്നും അല്ല സ്‌നേഹമാണ് വലിയ കാര്യമെന്നൊക്കെ. ചുമ്മാ പറയുന്നതാണ്. നമ്മുടെ ആവശ്യങ്ങളും ഉത്തരവാദിത്വങ്ങളും നിറവേറ്റാന്‍ പൈസതന്നെ വേണം. അതിനുവേണ്ടി നമ്മള്‍ പല ജോലികളും ചെയ്യേണ്ടി വരും. ചെയ്തിട്ടുമുണ്ട്, സിനിമയില്‍ എത്തുന്നതിന് മുന്‍പ്. ഇതൊന്നും എന്റെ കഷ്ടപ്പാടായി പറയുന്നതല്ല. വീട്ടില്‍ സാമ്പത്തിക ഭദ്രതയില്ലാത്ത എല്ലാവര്‍ക്കും ഇത്തരം ജോലികള്‍ ചെയ്യേണ്ടിവരും എന്നതാണ് സത്യം. 

ഗോകുലന്‍: എനിക്ക് വീട്ടില്‍ അങ്ങനെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അതുകൊണ്ട് സുധിച്ചേട്ടന്റെ പോലെ പ്രശ്‌നങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. അച്ഛനും ചേട്ടന്മാര്‍ക്കും ജോലി ഉള്ളതിനാല്‍ ഞാന്‍ അത്യാവശ്യമായി ജോലിചെയ്യണം എന്ന സ്ഥിതിയുണ്ടായിരുന്നില്ല. 

സുധികൊപ്പ: ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ എല്ലാവരും കഷ്ടപ്പാട് അനുഭവിക്കണമെന്ന് നിയമമൊന്നും ഇല്ല. ഗോകുലന്‍ എം.ഫില്‍ വരെ പഠിച്ചിട്ടുണ്ട്, കുടുംബത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നില്ല. ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണ്.

Content Highlights: interview of Malayalam film actors Gokulan and Sudhi Koppa