ഹൃത്വിക്കിനും വേണം നെഗറ്റീവ് റോളുകൾ? സൽസ്വഭാവി വേഷം മടുത്തെന്ന് താരം

ഒരുകാലത്ത് ബോളിവുഡ് അടക്കിവാണ താരമാണ് ഹൃത്വിക് റോഷൻ. അദ്ദേഹത്തിന്റെ നൃത്തത്തിനും റൊമാൻസിനും എല്ലാ കാലത്തും ആരാധകരുണ്ടായിരുന്നു. ദീർഘകാലമായി താൻ ചെയ്തുവരുന്ന ‘നല്ല വ്യക്തി’ വേഷങ്ങളിൽ നടനിപ്പോൾ അസ്വസ്ഥനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്ഥിരം ശൈലി ഒന്നു മാറ്റി കുറച്ച് ഡാർക്ക് ക്യാരക്റ്റർ പരീക്ഷിക്കാൻ തനിക്ക് താല്പര്യമുണ്ടെന്ന് നടൻ സൂചിപ്പിച്ചു. പോസിറ്റീവ് റോളുകൾക്ക് മാത്രമാണ് സംവിധായകർ തന്നെ സമീപിക്കുന്നതെന്നും ഇത് ഒരു പരിധി വരെ നിരാശാജനകമാണെന്നും ഹൃത്വിക് പറയുന്നു. നടൻ തന്റെ ഓൺ-സ്‌ക്രീൻ ഇമേജ് മാറ്റാൻ തയ്യാറെടുക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച, പാരിസിൽ നിന്നു പകർത്തിയ ഒരു സെൽഫിക്കൊപ്പം നൽകിയ അടിക്കുറിപ്പാണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്.
"ഏത് തരത്തിലുള്ള റോൾ ചെയ്യാൻ വേണ്ടിയാണ് നോക്കുന്നതെന്ന് അടുത്തിടെ എന്നോട് ചോദിച്ചിരുന്നു. Luck by Chance എന്ന ചിത്രത്തിലെ സഫറിനെ ഓർക്കുന്നുണ്ടോ? അങ്ങനെയൊന്ന്."-ഹൃത്വിക് കുറിച്ചു. "അങ്ങനെയൊന്നിനായി ഞാൻ എടുത്തുചാടും. പക്ഷെ സംവിധായകർക്ക് ഞാൻ നല്ല കഥാപാത്രങ്ങൾ ചെയ്യുന്നത് കാണാൻ മാത്രമേ താല്പര്യമുള്ളൂ. സങ്കടം" നടൻ കൂട്ടിച്ചേർത്തു.
Luck By Chance (2009) ചിത്രത്തിൽ അഹങ്കാരിയും കൗശലക്കാരനുമായ സിനിമാതാരം സഫറിനെയാണ് നടൻ അവതരിപ്പിച്ചത്. കാമിയോ വേഷമായിരുന്നു ഇത്. സോയ അക്തർ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അദ്ദേഹത്തിന് സ്ക്രീൻ ടൈം വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ കഥാപാത്രം പ്രേക്ഷകരിൽ ശക്തമായ സ്വാധീനം ചെലുത്തി. ഹൃത്വികിന്റെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന പ്രകടനങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. ഫർഹാൻ അക്തർ, കൊങ്കണ സെൻ ശർമ്മ, അന്തരിച്ച നടൻ ഋഷി കപൂർ, ഡിംപിൾ കപാഡിയ, ജുഹി ചൗള, സഞ്ജയ് കപൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അതേസമയം, ഹൃത്വിക്കിന്റെ പോസ്റ്റിന് ആദ്യം കമന്റുമായെത്തിയത് സോയ അക്തറായിരുന്നു. Let’s get that coffee എന്നായിരുന്നു കമന്റ്. പ്രൊഫഷണൽ രംഗത്ത്, ഹൃത്വിക് തന്റെ സംവിധാന അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്. ‘ക്രിഷ് 4’ ആണ് ചിത്രം. യഷ് രാജ് ഫിലിംസ് രാകേഷ് റോഷനുമായി സഹകരിച്ച് നിർമ്മിക്കുന്ന സൂപ്പർഹിറോ ചിത്രത്തിൽ നായകനും ഹൃത്വിക് തന്നെ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hrithik Roshan expresses a desire to play complex, darker characters rather than traditional heroes., He cites his character Zaffar from 'Luck By Chance' as the benchmark for the roles he seeks., Zoya Akhtar has publicly responded to his request for a collaboration., Hrithik is currently focusing on his directorial debut 'Krrish 4' and producing the OTT thriller 'Storm'.