ഹം ഗൂര്‍ഖ ഹൂം... ഹേ... ഹൈ... ഹം... ഹിന്ദി പറഞ്ഞു ചിരിപ്പിച്ച ചിലര്‍

തൊഴില്‍ അന്വേഷിച്ചലയുന്ന സേതുവിനെ ചങ്ങാതി മാധവന്‍ സഹായിക്കാമെന്നേല്‍ക്കുന്നു. കള്ളന്മാരുടെ ശല്യമുള്ള തൊട്ടടുത്തെ ഹൗസിങ് കോളനിക്കാര്‍ ഒരു ഗൂര്‍ഖാ സെക്യൂരിറ്റിയെ അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്ന മാധവന്‍ സേതുവിനെ നേപ്പാളിയായ രാം സിങിന്റെ വേഷമണിയിക്കുന്നു. സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിന്റെ (1986) കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് കോളനിയുടെ ഒത്ത നടുക്കുള്ള റോഡില്‍ സേതു പൊരിഞ്ഞ അഭ്യാസം നടത്തി ആളെക്കൂട്ടുന്നു. വട്ടനാണെന്ന് കരുതി അന്തിച്ചുകൂടിയ ജനത്തോട് അയാള്‍ പറയുന്നു:
''മേം ഗൂര്‍ഖ ഹൂം... ഹേ... ഹൈ... ഹം... ഭായിയോം ഓര്‍ ബഹനോം, പത്രത്തില്‍ യെ കോളനി കോ ഏക് ഗൂര്‍ഖ കി ആവശ്യകത ഹേ... മേനേ പടാ, ഇസ്ലിയെ മേം ആഗയി.''
കോളനിക്കാര്‍ക്ക് മുന്നില്‍ ഈ മുറിഹിന്ദി പ്രസംഗിച്ച് ഭീം സിംങ് ചാര്‍ജെടുത്തു. മലയാള സിനിമയില്‍ ഹിന്ദി പറഞ്ഞ് ചിരിപ്പിച്ച് കടന്നുപോയ പല കഥാപാത്രങ്ങളുമുണ്ട്. അതില്‍ പ്രധാനിയാണ് ഭീം സിംങ് കാ ബേട്ടാ രാം സിങ്.
നാരി സ്ത്രീയാണെന്ന് അണികളിലൊരുത്തന്റെ വിവര്‍ത്തനം കൂടിയാകുമ്പോള്‍ പൊതുവാള്‍ നിന്നങ്ങ് ദഹിക്കും. ''സ്ത്രീ നഹീ... സ്ത്രീ നഹീ''ന്ന് അയാള്‍ സഹായിയോട് കെഞ്ചി ബോധിപ്പിക്കുന്നു. അതുമല്ല സംഗതി എന്ന് മനസ്സിലാക്കുമ്പോള്‍ പൊതുവാള്‍ നിസ്സഹായനാകും- ''വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ പാര്‍ട്ടിയിലില്ലേ?''
നാരിയല്‍ പാനി ഇളനീരാണെന്ന് മനസ്സിലാക്കുന്നതും പാര്‍ട്ടിക്കാര്‍ കണ്ട തെങ്ങിലൊക്കെ വലിഞ്ഞുകയറും. ഇളനീര്‍ മധുരമൊന്നും സഹായിയെ തണുപ്പിക്കുന്നില്ല. മലയാളികളുടെ മണ്ടത്തരങ്ങള്‍ പൊറുക്കാനാകാതെ സഹായി പൊട്ടിത്തെറിക്കും.
''മേനേ സോച്ചാ കി കേരള്‍ മേം ബുദ്ധിമാന്‍ കാ ലോഗ് രഹ്താ ഹേ. മഗര്‍ അഭി മാലൂം പടാ, മേനെ ഗലത് സംജാ ഹൂം ... സമ്പൂര്‍ണ സാച്ചരത. ബന്ദര്‍ ക ബച്ചേ.''
ഹിന്ദി പഠിച്ചിരുന്നെങ്കില്‍ കിലുക്കത്തിലെ (1991) നിശ്ചലിന് ഹോസ്പിറ്റല്‍ ബില്‍ പകുതിയെങ്കിലും കുറഞ്ഞു കിട്ടിയേനെ. ജോജിയെ അന്വേഷിച്ചെത്തുന്ന സമര്‍ ഖാനെ തന്റെ ഹിന്ദി അറിവില്ലായ്മ കൊണ്ട് പോരിന് വിളിച്ച് പൊരിഞ്ഞയടി മേടിച്ചുകൂട്ടുന്നുണ്ട് നിശ്ചല്‍. ''തും ഹംസേ ഝഗഡാ കരേംഗേ'', ''തൂ മേരാ ദുശ്മന്‍ ഹേ'' എന്നീ ചോദ്യങ്ങള്‍ക്ക് ഉടനടി യെസ് എന്നാണ് നിശ്ചലിന്റെ മറുപടി. സമര്‍ഖാന്‍ അയാളെ പിടിച്ചു കുടയും, എന്നിട്ട് ജോജിയെവിടെ എന്ന് ഒരിക്കല്‍ക്കൂടി ചോദിക്കും. ''മുഝെ മാലൂം...'' എന്നതിനപ്പുറം പറയാനുള്ള ഹിന്ദി നിശ്ചലിനറിയില്ലല്ലോ. സമര്‍ഖാന്റെ ക്ഷമ വറ്റും. ''എനിക്ക് ഒന്നും അറിഞ്ഞൂടാന്ന് ഈ മറുതാനോട് പറഞ്ഞുകൊടുക്കെടാ'' എന്ന നിശ്ചലിന്റെ ദീന രോദനം മറക്കാനാകുമോ?
''ഞാന്‍ ചപ്പാത്തി കഴിക്കാറില്ല. ചോറാണ് തിന്നണത്. അതുകൊണ്ട് എനിക്ക് ഹിന്ദിയറിയാനും പാടില്ല'' എന്നതാണ് പഞ്ചാബി ഹൗസിലെ രമണന്റെ പക്ഷം. കാണ കഴുകാനൊന്നും വിളിച്ചാല്‍ രമണന് വയ്യ. ''നഹീന്ന് പറഞ്ഞാല്‍ നഹീ പോടോ ഹേ...'' വിശന്നിട്ട് അലക്കാന്‍ പറ്റാതാകുമ്പോള്‍ രമണന്‍ അടുക്കളയിലേക്ക് ചെല്ലും. ചോറ് കിട്ടുമോ എന്നറിയാന്‍. ''തു ചോര്‍ ഹേ'' എന്ന ചോദ്യത്തിന് ''ഐ ആം ചോര്‍'' എന്ന് ഉത്തരം കൊടുക്കും. പിന്നെക്കിട്ടിയ അടിക്ക് കണക്കില്ല.
''തും കുത്ത, മേം കുത്ത ലവ് ഹേ...'' ജൂലിയെ മടക്കിക്കൊടുക്കാന്‍ പോവുന്ന മൂസ എന്ന മൂലംകുഴിയില്‍ സഹദേവന്റെ ഡയലോഗാണ്. മീന എന്ന നോര്‍ത്തിന്ത്യക്കാരി പെണ്‍കുട്ടിയെ പ്രണയിക്കാന്‍ സഹദേവന്‍ ഭാഷയില്ലാതെ വിയര്‍ക്കുകയാണ്. പക്ഷേ, വിട്ടുകൊടുക്കാന്‍ അയാള്‍ക്ക് മനസ്സില്ല. ഹിന്ദി സിനിമാപ്പേരുകള്‍ കൂട്ടിയിണക്കി സഹദേവന്‍ ഒരു പ്രണയഗാനം തന്നെ തീര്‍ക്കും. അവളുടെ പിറകെ നടക്കാന്‍. അവള്‍ക്ക് മലയാളം അറിയാമെന്ന തിരിച്ചറിവില്‍ അയാള്‍ ഒടുവില്‍ സ്തബ്ദനായിപ്പോവുന്നുണ്ട്.
അങ്ങനെ എത്രയോ സിനിമകള്‍, എത്രയോ കഥാപാത്രങ്ങള്‍, പല സാഹചര്യങ്ങളും സംഭാഷണങ്ങളും. മലയാള സിനിമയിലെ ഒരുപാട് മികച്ച ഹാസ്യരംഗങ്ങള്‍ക്ക് ഹിന്ദിയുടെ മധുരമുണ്ട്.
Content Highlights: national hindi day