'വാഴ' സിനിമയുടെ രണ്ടാംഭാഗം വരുമ്പോൾ; ഹാഷിറിനും ടീമിനും പറയാനുള്ളത്

#സൂരജ് സുകുമാരന്‍
ഹാഷിര്‍, അലന്‍, വിനായക്, അജിന്‍  ഫോട്ടോ-എം.പി. ഉണ്ണികൃഷ്ണന്‍
ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ഫോട്ടോ-എം.പി. ഉണ്ണികൃഷ്ണന്‍

'വാഴ' സിനിമയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചുകഴിഞ്ഞു.  'വാഴ'യില്‍ ഹാഷിറും ടീമും സ്‌ക്രീനില്‍ എത്തിയപ്പോഴെല്ലാം നിലയ്ക്കാത്ത കയ്യടിയായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ കിരീടംവയ്ക്കാത്ത ചിരി രാജാക്കന്മാരാണ് ഈ നാൽവർസംഘം. ഓരോ വീഡിയോക്കും ലക്ഷക്കണക്കിന് കാഴ്ചക്കാര്‍, ലക്ഷങ്ങള്‍വരുന്ന ഫോളോവേഴ്സ്. 

നിങ്ങള്‍ നാലുപേരും ചെറുപ്പകാലംതൊട്ടേ സുഹൃത്തുക്കളാണോ?
ഹാഷിര്‍: ഒരിക്കലുമല്ല, വീഡിയോചെയ്ത് കൂട്ടുകാരായവരാണ് ഞങ്ങള്‍. ഞാനും അജിനും ഒന്നിച്ചുപഠിച്ചവരാണ്. വിനായക് പ്ലസ് വണ്ണിലാണ് ഞങ്ങളുടെ കൂടെ പഠിക്കാനെത്തിയത്. അലന്‍ എന്റെ സുഹൃത്തിന്റെ സുഹൃത്തായിരുന്നു. ഒരുദിവസം ഞാന്‍ വീഡിയോ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഒരാള്‍കൂടി വേണമെന്ന് തോന്നി. അലന് ഇത്തരം കാര്യങ്ങളില്‍ താത്പര്യമുണ്ടെന്ന് തോന്നിയതിനാല്‍ അവനെ വിളിച്ചു. ആദ്യകാലത്തെല്ലാം ഒന്നിച്ച് വീഡിയോ ചെയ്യുമ്പോള്‍ കാണുമെന്നല്ലാതെ അത്ര അടുത്തിരുന്നില്ല. എന്നാല്‍, മെല്ലെ മെല്ലെ ഞങ്ങളുടെ വൈബ് സെറ്റായി. ആ സമയത്താണ് 'എന്തൊക്കെയാ ഈ കേരളത്തില്‍ സംഭവിക്കുന്നത്' എന്ന വൈറല്‍ കണ്ടന്റൊക്കെ ചെയ്തത്. വീഡിയോകള്‍ ഹിറ്റായപ്പോള്‍ വേറെ പലരും കൂട്ടത്തില്‍ ചേരാന്‍ താത്പര്യമറിയിച്ചിരുന്നു. എന്നാല്‍, ഇനി വേറെ ആരെയും എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. 

സ്‌കൂള്‍ കാലത്തെ സ്വപ്‌നങ്ങള്‍ ? 
ഹാഷിര്‍: സ്വപ്‌നമൊന്നും ഉണ്ടായിരുന്നില്ല. പ്ലസ്ടുവിന് കംപ്യൂട്ടര്‍ സയന്‍സാണ് പഠിച്ചത്. അതുകഴിഞ്ഞ് ഡിഗ്രിക്ക് ഒരുബന്ധവുമില്ലാത്ത ഹിസ്റ്ററി പഠിച്ചു. വീട്ടുകാര്‍ ഓരോന്ന് പഠിപ്പിക്കുന്നു, ഞാന്‍ പഠിക്കുന്നു, അത്രമാത്രം. ഡിഗ്രി ആദ്യശ്രമത്തില്‍ വിജയിക്കില്ലെന്നാണ് വിചാരിച്ചത്. അതിനാല്‍ ഒരുവര്‍ഷം സപ്ലികള്‍ എഴുതാന്‍ മാറ്റിവച്ചു. വേറൊരു കോഴ്സിനെക്കുറിച്ച് ചിന്തിക്കുകയോ അതിന് ശ്രമിക്കുകയോ  ചെയ്തില്ല. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ പാസായി. കൂടെ പഠിച്ച അടുത്ത സുഹൃത്തുക്കള്‍ക്ക് സപ്ലി വന്നു. ഒന്നും പ്ലാന്‍ ചെയ്യാത്തതിനാല്‍ അടുത്തവര്‍ഷം അവര്‍ക്കൊപ്പം അടുത്ത കോഴ്സിന് പോകാമെന്നു തീരുമാനിച്ചു. ആയിടയ്ക്ക് അലനുമായി വീഡിയോ ചെയ്തുതുടങ്ങി. വെറുതേ മാറ്റിവെച്ച ആ വര്‍ഷം ജീവിതത്തിന്റെ ടേണിങ് പോയിന്റായി. 

അജിന്‍: ഞാനും ഹാഷിറും സ്‌കൂളില്‍ നല്ല സുഹൃത്തുക്കളായിരുന്നു. പ്ലസ് വണ്ണിന് ഞങ്ങള്‍ ബയോളജി സയന്‍സ് പഠിക്കാമെന്നാണ് തീരുമാനിച്ചത്. സ്‌പോര്‍ട്സ് ക്വാട്ടയില്‍ എനിക്ക് പ്രവേശനം കിട്ടിയെങ്കിലും ഹാഷിറിന് കംപ്യൂട്ടര്‍ സയന്‍സാണ് കിട്ടിയത്. ഹാഷിര്‍ ഇല്ലെന്ന് മനസ്സിലായതോടെ ബയോളജി സയന്‍സ് പഠിക്കാന്‍ എനിക്ക് താത്പര്യമില്ലാതായി. കുറച്ചു സുഹൃത്തുക്കള്‍ കൊമേഴ്സിലുണ്ടായിരുന്നു. ഞാന്‍ അതിലേക്ക് മാറി. പിന്നീട് ബി.കോം ചെയ്തു. 

വിനായക്: അജിന്‍ കൊമേഴ്സില്‍ പോയ ഒഴിവിലാണ് ഞാന്‍ ആ സ്‌കൂളില്‍ ബയോളജി പഠിക്കാനെത്തിയത്. ഇവരെ പരിചയമുണ്ട് എന്നല്ലാതെ അതിനപ്പുറം സൗഹൃദമുണ്ടായിരുന്നില്ല. 

അലന്‍: അങ്ങനെ സീറ്റൊഴിവുബന്ധം ഇവര്‍ തമ്മില്‍ പണ്ടേ ഉണ്ട് (ചിരിക്കുന്നു). ശരിക്കും പറഞ്ഞാല്‍ വീഡിയോ തുടങ്ങുന്നകാലത്ത് ആകാശ് എന്ന  സുഹൃത്തും ഞങ്ങളുടെകൂടെയുണ്ടായിരുന്നു. എന്നാല്‍, വീട്ടിലെ സാമ്പത്തികപ്രശ്‌നങ്ങളാല്‍ അവന് അപ്രതീക്ഷിതമായി പ്രവാസിയാകേണ്ടിവന്നു. 

വീഡിയോ ചെയ്തുതുടങ്ങാനുള്ള പ്രചോദനം എന്തായിരുന്നു? 
ഹാഷിര്‍: പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു. ചെയ്യുന്ന വീഡിയോകള്‍ അല്പം വ്യത്യസ്തമായിരിക്കണമെന്ന് തീരുമാനിച്ചിരുന്നു.  തിരുവനന്തപുരം ഭാഷയെ അതിഭാവുകത്വം കലര്‍ത്തി അവതരിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. അത് മാറ്റി ഇവിടത്തെ മനുഷ്യര്‍ സംസാരിക്കുന്ന രീതിയില്‍ അവതരിപ്പിക്കണമെന്നും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഭാഷയാക്കി മാറ്റണമെന്നും ആഗ്രഹം തോന്നി.  തുടക്കകാലത്ത് വീഡിയോ ചെയ്യാന്‍ ഞാനും അലനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2000 ഫോളോവേഴ്സൊക്കെ ആയപ്പോള്‍ ആളുകള്‍ ശ്രദ്ധിക്കാനും മെസേജയക്കാനുമൊക്കെ തുടങ്ങി. ആ ആവേശത്തില്‍ കൂടുതല്‍ നല്ല കണ്ടന്റുകള്‍ ചെയ്തു. ആയിരം കാഴ്ചക്കാര്‍ എന്നുള്ളത് ഒരുലക്ഷവും പിന്നീട് പത്തുലക്ഷവും ഒരുകോടിയുമൊക്കെയായി വളര്‍ന്നു. പിന്തുടരുന്നവരുടെ എണ്ണവും വര്‍ധിച്ചു. 

അലന്‍: ഹാഷിറിന്റെ ഇന്‍സ്റ്റാ അക്കൗണ്ടിലാണ്  വീഡിയോകള്‍ ചെയ്തുതുടങ്ങിയത്. അന്ന് ഞാനും ഹാഷിറും മാത്രമേയുള്ളൂ. പിന്നെ അജിനും വിനായകും വന്നു. അതോടെ ടീം സെറ്റായി. ആദ്യകാലത്ത് ആഴ്ചയില്‍ രണ്ടുവീഡിയോകള്‍ ചെയ്തു. കാഴ്ചക്കാരുടെ എണ്ണം കൂടിയതോടെ നാലുപേരുടെയും അക്കൗണ്ടുകള്‍ ആക്ടീവാക്കി.  ഓരോരുത്തരുടെ അക്കൗണ്ടുകളിലും രണ്ടുവീഡിയോ എന്ന കണക്കില്‍ ചെയ്തുതുടങ്ങി. ഒരാഴ്ച എട്ടുവീഡിയോ ഷൂട്ട് ചെയ്യും. ഓരോദിവസവും ഓരോരുത്തരുടെ പേജ് എന്നനിലയില്‍  അപ്ലോഡ് ചെയ്യും. 

അജിന്‍:  വീഡിയോകളില്‍ മോശം വാക്കുകള്‍ ഉപയോഗിക്കരുത്, ദ്വയാര്‍ഥപ്രയോഗങ്ങള്‍ ഒഴിവാക്കണം, ബോഡി ഷെയിമിങ് പാടില്ല തുടങ്ങി കുറച്ച് തീരുമാനങ്ങള്‍ എടുത്തിരുന്നു. ആള്‍ക്കാര്‍ വീഡിയോ കണ്ട് നെഗറ്റീവ് കാര്യങ്ങള്‍ പറയരുതെന്ന ബോധ്യമാണ് ആ തീരുമാനത്തിന് പിന്നില്‍. 

അഭിനയത്തില്‍ കോണ്‍ഫിഡന്‍സ് തോന്നിയത് എപ്പോഴാണ്? 
അലന്‍: അങ്ങനെയൊന്നും ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. അഭിനയത്തെക്കുറിച്ചോ വീഡിയോ ക്വാളിറ്റിയെക്കുറിച്ചോ ഒന്നും അധികം ആലോചിക്കാറില്ല. വീഡിയോ കാണുവര്‍ക്ക് ചിരിവരണം എന്നതുമാത്രമാണ് ആഗ്രഹം. നല്ലരീതിയില്‍ പിന്തുണയ്ക്കുന്ന പ്രേക്ഷകര്‍ തന്നെയാണ് ഞങ്ങളെ ഇവിടെവരെ എത്തിച്ചത്. ചില വീഡിയോകള്‍ അവര്‍ക്ക് വര്‍ക്കായില്ലെങ്കില്‍, ബ്രോ, അടുത്തത് അടിപൊളിയാക്കണേ എന്നാണ് കമന്റിടാറ്. ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.

വീഡിയോകള്‍ ചെയ്തുനടക്കുമ്പോള്‍ വീട്ടുകാരുടെ നിലപാട് എന്തായിരുന്നു?
 അജിന്‍: ആദ്യകാലത്ത് വീഡിയോകളൊക്കെ ചെയ്യുമ്പോള്‍, എന്താണ് ഇവരുടെ പരിപാടി, ജീവിതത്തില്‍ രക്ഷപ്പെടണമെന്നൊന്നും ഇല്ലേ എന്നൊക്കെയുള്ള ചിന്താഗതിയായിരുന്നു അവര്‍ക്ക്. കാരണം, സോഷ്യല്‍മീഡിയയിലെ സാധ്യതകളെപ്പറ്റി അവര്‍ക്ക് അറിവില്ലായിരുന്നു. എന്തെങ്കിലും കോഴ്സ് പഠിച്ച് പാസായാലേ നല്ലൊരു ജോലികിട്ടി രക്ഷപ്പെടുകയുള്ളൂ എന്നാണ് രക്ഷിതാക്കളുടെ വിചാരം. ഇപ്പോള്‍ 'വാഴ' സിനിമ വിജയിച്ച് ഞങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരവും ജനശ്രദ്ധയുമൊക്കെ കാണുമ്പോള്‍, ഇവര്‍ അത്യാവശ്യം നല്ലവഴിയിലാണ് നീങ്ങുന്നതെന്ന് വീട്ടുകാര്‍ക്ക് തോന്നിയിട്ടുണ്ട്. അത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 

ജീവിതത്തെ സിനിമ എങ്ങനെ മാറ്റി? 

വിനായക്: സിനിമ ഇറങ്ങിയപ്പോള്‍ കിട്ടിയ പിന്തുണ വളരെ വലുതാണ്. സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സ് കുടുംബാംഗത്തെപ്പോലെ കണ്ട് പിന്തുണച്ചു. നിലവിലെ സാഹചര്യത്തില്‍ സെലിബ്രിറ്റിയാകാന്‍ സിനിമ വേണമെന്നില്ല, സോഷ്യല്‍ മീഡിയ മതി. ഞങ്ങളെപ്പോലെ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഏത് മേഖലയിലാണെങ്കിലും നിങ്ങള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നുവെങ്കില്‍ ശ്രദ്ധിക്കപ്പെടും. ഇപ്പോള്‍ ഞങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നത് മികച്ച അഭിനേതാക്കളായതുകൊണ്ടല്ല, മറിച്ച് സോഷ്യല്‍മീഡിയയില്‍ ഞങ്ങളെ ലക്ഷക്കണക്കിന് ഫോളോവേഴ്സ് പിന്തുണയ്ക്കുന്നതുകൊണ്ടാണ്. ആ പിന്തുണയെ സിനിമയിലേക്കുകൂടി ഉപയോഗപ്പെടുത്തുന്നു. 

ഹാഷിര്‍: ജീവിതത്തില്‍ അങ്ങനെ സിനിമകൊണ്ട് വലിയ മാറ്റം സംഭവിച്ചുവെന്നൊന്നും തോന്നിയിട്ടില്ല. മറിച്ച് ഇത്രനാളും ഞങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു പ്രത്യേക പ്രായത്തിലുള്ള ആള്‍ക്കാര്‍ക്കിടയില്‍ മാത്രമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. സിനിമ ഇറങ്ങിയതോടെ പുതിയതരം പ്രേക്ഷകരിലേക്ക് എത്താന്‍ സാധിച്ചു എന്ന സന്തോഷമുണ്ട്. സോഷ്യല്‍ മീഡിയ അധികം ശ്രദ്ധിക്കാത്ത സിനിമാസംവിധായകരും മറ്റുള്ളവരും, 'വാഴ'യില്‍ അഭിനയിച്ചതോടെ ഞങ്ങളെ ശ്രദ്ധിച്ചുതുടങ്ങി. 

അലന്‍: ആള്‍ക്കാര്‍ തിരിച്ചറിയുന്നുവെന്നത് സന്തോഷം. അതുകൊണ്ട് ഇപ്പോള്‍ പൊതുസ്ഥലത്ത് ചെല്ലുമ്പോള്‍ അധികം അലമ്പൊന്നും കാണിക്കാതെ മാന്യമായി നില്‍ക്കും. കാരണം, നമ്മളറിയാതെ ആരൊക്കെയോ നമ്മുടെ വീഡിയോ ഒക്കെ എടുക്കുന്നുണ്ടാകും. മറിച്ച് നമ്മുടെ സുഹൃദ്വലയത്തിനുള്ളില്‍ എല്ലാ അലമ്പും കാണിച്ച് പഴയപോലെതന്നെ പെരുമാറുകയും ചെയ്യും. 

ഓരോരുത്തരുടെയും കണ്ടന്റ് എല്ലാവരുംകൂടി സെറ്റുചെയ്യുകയാണോ?

ഹാഷിര്‍: അല്ല, ഓരോരുത്തരുടെയും പേജിലേക്ക് വേണ്ട കണ്ടന്റിന്റെ ഐഡിയ സ്വയം ആലോചിച്ചുണ്ടാക്കുന്നതാണ്. ശേഷം ഷൂട്ടുചെയ്യുന്ന ദിവസം എല്ലാവരും ചര്‍ച്ചചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തി ഫൈനലൈസ് ചെയ്യും. എഴുതുന്ന പരിപാടിയൊന്നും ഇല്ല. ചില കാര്യങ്ങള്‍ സ്‌പോട്ടിലുണ്ടാക്കുന്നതാണ്. 

വിനായക്: ജീവിതത്തിലുണ്ടായ അനുഭവങ്ങളും സംഭവങ്ങളുമൊക്കെ പലരീതിയിലുള്ള വീഡിയോകളാക്കിമാറ്റുന്നു. ഞങ്ങളുടെ പ്രായത്തിലുള്ളവര്‍ക്കും പുതിയ ജനറേഷനുമെല്ലാം ആ സംഭവങ്ങള്‍ പെട്ടെന്ന് കണക്ടുചെയ്യാന്‍ പറ്റുന്നുണ്ട്. 

അജിന്‍: നാലുപേരും ഒരേ വൈബില്‍ ചിന്തിക്കുന്നവരാണ്. അതിനാലാണ് ഓരോരുത്തരും പറയുന്ന കോമഡികള്‍ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കണക്ടാകുന്നത്. 

അലന്‍: യൂട്യൂബിന്റെയും ഇന്‍സ്റ്റയുടെയും കമ്യൂണിറ്റി ഗൈഡ്ലൈന്‍സ് തമ്മില്‍ വ്യത്യാസങ്ങളുണ്ട്. അതിനാല്‍ ഇന്‍സ്റ്റയിലിട്ട വീഡിയോ അതുപോലെ യൂട്യൂബിലിടാന്‍ സാധിക്കാറില്ല. ഇന്‍സ്റ്റ റീല്‍സിന് 1.30 മിനിറ്റ് ദൈര്‍ഘ്യം അനുവദനീയമാണ്. എന്നാല്‍, യൂട്യൂബ് ഷോര്‍ട്ട്സിന് ഒരുമിനിറ്റ് ദൈര്‍ഘ്യമേ പാടുള്ളൂ. 30 സെക്കന്‍ഡ് കട്ട് ചെയ്യുമ്പോള്‍ പലപ്പോഴും നല്ല കോമഡികള്‍ നഷ്ടമാകും. ആ ബുദ്ധിമുട്ടാണ് ഞങ്ങള്‍ നേരിടുന്നത്. അതുപോലെ രണ്ടും രണ്ടുതരത്തിലുള്ള ഓഡിയന്‍സാണ്. 

കരിയറെന്നനിലയില്‍ ഈ മേഖല നല്‍കുന്ന സന്തോഷം?

ഹാഷിര്‍: ഇപ്പോള്‍ സ്വന്തം കാര്യം നോക്കാനുള്ള വരുമാനം ലഭിക്കുന്നു. വീട്ടുകാരെ സാമ്പത്തികമായി ആശ്രയിക്കാതെ ജീവിക്കാനാകുന്നു. ആവുന്നരീതിയില്‍ വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം സഹായിക്കുന്നുമുണ്ട്. അത് നിലനിര്‍ത്തിപ്പോകണമെന്നാണ് ആഗ്രഹം. കുറച്ചധികം അധ്വാനിക്കണം. അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

വിനായക്: സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട്. ഞങ്ങള്‍ക്ക് സ്വതന്ത്രമായി ഒരു സിനിമ എഴുതി സംവിധാനം ചെയ്യണമെന്നുണ്ട്. ഞങ്ങളുടെ നൂറുശതമാനവും ഉപയോഗിക്കുന്ന സിനിമയായിരിക്കും അത്. എപ്പോള്‍ സാധിക്കുമെന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. 

അജിന്‍: ഒരുപാട് കഷ്ടപ്പാടുള്ള ചുറ്റുപാടുകളില്‍ ജീവിച്ചവരാണ് ഞങ്ങളെല്ലാവരും. അതിനാല്‍ പണത്തിന്റെ മൂല്യത്തെക്കുറിച്ചെല്ലാം കൃത്യമായ ബോധ്യമുണ്ട്. ഇപ്പോള്‍ കുറച്ച് കാശ് കൈയിലുണ്ടെന്നുകരുതി അനാവശ്യധൂര്‍ത്തൊന്നും നടത്താറില്ല. ചെറിയരീതിയില്‍ ഓരോ ആഗ്രഹം സാധിച്ചെടുക്കുകയാണ് ചെയ്യുന്നത്.

Content Highlights: hashir and team interview