‘ജെൻസികൾ എനിക്കൊപ്പം നിൽക്കണം, എന്റെ ജീവിതത്തിലും രാക്ഷസന്മാരുണ്ട്’

സുനിത അഹുജ
സുനിത അഹുജ

39 വർഷത്തെ ദാമ്പത്യമാണ് ബോളിവുഡ് നടൻ ഗോവിന്ദയുടേതും സുനിത അഹൂജയുടേതും. അടുത്തിടെയായി ഗോവിന്ദ തന്റെ ‘രൂപ’ സിനിമയിലെ സഹനടിയായ കോമൾ റാണി സ്വർണ്കറുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ പുറത്തുവരുന്നുണ്ട്. മുംബൈയിലെ ലാൽബാഗ്ച രാജയിൽ ഇരുവരെയും ഒരുമിച്ച് കണ്ടത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതിനിടെ കൊൽക്കത്തയിലെ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തിലെ സന്ദർശനത്തിനിടയിൽ സുനിത തന്റെ ജീവിതത്തിലെ ‘രാക്ഷസന്മാരെക്കുറിച്ച്’ സംസാരിക്കുകയും തനിക്കൊപ്പം നിൽക്കാൻ ജെൻസി തലമുറയോട് അഭ്യർത്ഥിക്കുകയുമുണ്ടായി. ഗോവിന്ദയുമായുള്ള ദാമ്പത്യത്തിൽ ബുദ്ധിമുട്ടുകളുണ്ടെന്നും സുനിത തുറന്നുപറഞ്ഞു. ദേവി രാക്ഷസന്മാരെ നശിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കവേയാണ് സ്വന്തം ജീവിതത്തെപ്പറ്റിയും അവർ പരാമർശിച്ചത്. “എന്റെ ജീവിതത്തിലും ചില രാക്ഷസന്മാരുണ്ട്, അവരെയും ഉൻമൂലനം ചെയ്യണമേയെന്ന് പ്രാർത്ഥിക്കാനാണ് ഞാൻ ദേവിയുടെ അടുക്കൽ വന്നത്.”

തുടർന്ന്, പ്രശസ്തിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അവകാശപ്പെട്ട അവർ, ഭർത്താവിന്റെ ഈ പ്രവൃത്തിയെ ആരും പിന്തുണയ്ക്കരുതെന്നും അഭ്യർത്ഥിച്ചു. “നിങ്ങളുടെ മകൾക്കോ മരുമകൾക്കോ ഇതുപോലൊരു അവസ്ഥ ഉണ്ടായാൽ എന്ത് ചെയ്യും? എല്ലാവരും എനിക്ക് പിന്തുണ നൽകണമെന്ന് ഞാനാഗ്രഹിക്കുന്നു. ജെൻസി കുട്ടികളും സ്ത്രീകളും എനിക്ക് പിന്തുണ തരൂ. എനിക്ക് നേരിടേണ്ടി വരുന്നത് നല്ല കാര്യങ്ങളല്ല. യാതൊരു കാരണവുമില്ലാതെയാണ് എന്റെ വീട് തകരുന്നത്.”

2024 ഡിസംബറിൽ, സുനിത ഗോവിന്ദയുമായി വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. പിന്നീട് പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു. ഇക്കൊല്ലം ആദ്യം മുംബൈ വിമാനത്താവളത്തിൽ ഗോവിന്ദയെയും കോമളിനെയും ഒന്നിച്ച് കണ്ടതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റി അഭ്യൂഹങ്ങൾ സജീവമായി. ലാൽബാഗ്ച രാജയിൽ വെച്ച് ഇരുവരെയും ഒരുമിച്ച് വന്നത് വിവാദമായതോടെ നടൻ ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരുന്നു. ഇത് ആർക്കും ചർച്ച ചെയ്യാനുള്ള വിഷയമല്ല, ഒരു ബന്ധമുണ്ടെങ്കിൽ പോലും. ഞാൻ ജോലി ചെയ്യുകയാണ്, പ്രൊഫഷണൽ ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. കരിഷ്മ കപൂർ, രവീണ ടാണ്ടൻ തുടങ്ങിയ സഹനടിമാർക്കൊപ്പം മുൻകാലങ്ങളിൽ ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു-എന്നായിരുന്നു നടന്റെ മറുപടി.

1987-ലാണ് ഗോവിന്ദയും സുനിതയും വിവാഹിതരായത്. ടീന അഹൂജ, യഷ്‌വർദ്ധൻ അഹൂജ എന്നിവരാണ് മക്കൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Sunita Ahuja asked Gen Z and women for support amid rumors of Govinda's alleged affair with co-star Komal Rani Swarnkar., Sunita spoke about 'demons' in her life during a visit to the Dakshineswar Kali temple in Kolkata., Govinda denied the affair rumors, calling it a professional relationship, while Sunita previously filed and withdrew a divorce petition., Govinda and Sunita have been married since 1987 and share two children, Tina and Yashvardhan.