'ഭർത്താവ് പബ്ബുകളില്‍ മറ്റു സ്ത്രീകളോട് എങ്ങനെയാണെന്ന് ഞാനറിഞ്ഞു'-മുന്‍ മിസ് വേള്‍ഡിന്റെ ജീവിതം

1999-ലാണ് യുക്ത മുഖി ലോകസുന്ദരിപ്പട്ടം ചൂടുന്നത്. ഇന്ത്യക്കുവേണ്ടി മിസ് വേള്‍ഡ് വിജയി ആവുന്ന നാലാമത്തെ വ്യക്തി. സിനിമാമേഖലയിലേക്ക് നല്ല കഥാപാത്രങ്ങളുമായി പ്രവേശിക്കുകയെന്നത് പലർക്കും സ്വപ്നമാണ്. ബ്യൂട്ടി പേജിയന്റുകള്‍ക്ക് സിനിമാഅരങ്ങേറ്റം പൊതുവെ എളുപ്പമാവാറുണ്ട്. ഓരോ വര്‍ഷവും പുതുമുഖങ്ങള്‍ ഒട്ടേറെയെത്തുന്ന സിനിമാ ഇന്‍ഡസ്ട്രിയില്‍ പക്ഷേ പിടിച്ചുനില്‍ക്കുക ആര്‍ക്കും എളുപ്പമുള്ള കാര്യമല്ല. ബോളിവുഡില്‍ തുടക്കം ഗംഭീരമാക്കി പിന്നീട് ശോഭിക്കാനാവാതെ പോയ വ്യക്തികളിലൊരാളാണ് യുക്ത മുഖി. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിലും വലിയ പ്രയാസങ്ങളിലൂടെ കടന്നുപോയിട്ടുള്ള യുക്തയുടെ ജീവിതത്തിലൂടെ.
ലോകസുന്ദരി ആകുന്നതിനു മുമ്പേ ഫെമിന മിസ് വേള്‍ഡ് പട്ടം യുക്ത നേടിയിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം അഭിനയരംഗത്തേക്കും കടന്നുവന്നു. 2002-ല്‍ അഫ്താബ് ശിവ്ദാസാനിക്കൊപ്പം 'പ്യാസ'യായിരുന്നു ആദ്യത്തെ ചിത്രം. ആദ്യസിനിമയോടെ തന്നെ പ്രശസ്തയായി. എന്നാല്‍ അതിനുശേഷം കരിയറില്‍ നേട്ടമായിപ്പറയാന്‍ ഒന്നും തന്നെയില്ലായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. മേംസാഹബ്, സ്വയം സിദ്ധ, ഗുഡ് ന്യൂസ് (2019) തുടങ്ങിയവയാണ് അവര്‍ അഭിനയിച്ച മറ്റു സിനിമകള്‍. ഭോജ്പുരി, ഒറിയ സിനിമകളിലും ഒരു കൈ നോക്കിയെങ്കിലും ഹിറ്റുകളൊന്നും സമ്പാദിക്കാനായില്ല. വെള്ളിത്തിരയില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
വ്യക്തിജീവിതത്തിലും താരത്തിന് ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. പ്രണയവിവാഹമായിരുന്നു. 2008-ല്‍ സിനിമാപ്രൊമോഷന്റെ ഭാഗമായി നാഗ്പുരില്‍ വന്നപ്പോള്‍ യുക്ത താമസിച്ചിരുന്നത് തുലി ഇന്റര്‍നാഷണല്‍ ഹോട്ടലിലായിരുന്നു. അവിടെവെച്ചാണ് തുലി കുടുംബത്തിലെ പ്രിന്‍സ് തുലിയെ പരിചപ്പെടുന്നത്. യുക്തയുടെ നമ്പര്‍ കണ്ടുപിടിച്ച് പിന്നീട് വിളിച്ചതും കണ്ടുമുട്ടാന്‍ അവസരമൊരുക്കിയതും പ്രിന്‍സാണ്. വൈകാതെ മുംബൈയില്‍ താമസമായ യുക്തയുടെ അച്ഛനമ്മമാരുമായി സംസാരിച്ച് വിവാഹത്തിന് സമ്മതം വാങ്ങി.
ന്യൂയോര്‍ക്ക് കേന്ദ്രമായി ബിസിനസ് നടത്തുന്ന പ്രിന്‍സ് തുലിയെ അക്കൊല്ലം തന്നെ യുക്ത വിവാഹം ചെയ്തു. പരമ്പരാഗത സിഖ് ചടങ്ങനുസരിച്ച് ആഡംബരപൂർവം നടന്ന വിവാഹം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു. വൈകാതെ ഇരുവര്‍ക്കും മകന്‍ പിറന്നു. എന്നാല്‍ വിവാഹജീവിതത്തില്‍ എപ്പോഴോ കല്ലുകടി തുടങ്ങിയിരുന്നു.
സഹോദരിയുടെ ചോദ്യംചെയ്യല്‍
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനകം തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നെന്ന് അവര്‍ പിന്നീട് അഭിമുഖത്തില്‍ പറഞ്ഞു. ''വിവാഹത്തിനുമുമ്പ് ഹോട്ടലില്‍ വെച്ച് ഭര്‍ത്താവിന്റെ സഹോദരി എന്നെ ചോദ്യം ചെയ്തിരുന്നു. ഞാന്‍ എത്ര സമ്പാദിച്ചു, ജീവിതത്തില്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്, വിവാഹശേഷം പണം എന്തുചെയ്യും, അത് ഭര്‍ത്താവിനും കുടുംബത്തിനും നല്‍കുമോ, പുലര്‍ച്ച മൂന്നുമണിവരെ വരെ നീണ്ടും ആ ചോദ്യം ചെയ്യല്‍. പ്രിന്‍സിന് 31 വയസ്സായിരുന്നു അന്ന്, സഹോദരിക്കും എനിക്കും 34 വയസ്സും.''
എന്റെ ഫ്ലാറ്റ് ആവശ്യപ്പെട്ടു
''വിവാഹശേഷം എളുപ്പമായിരുന്നില്ല. മയക്കുമരുന്നുപയോഗവും മദ്യപാനവും സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു പ്രിന്‍സിന്. അത് വീട്ടുകാര്‍ക്കും അറിയാം. കുഞ്ഞിനെ വെച്ചും എന്റെ ജീവന്‍ വെച്ചും അയാള്‍ എന്നോട് പണം ആവശ്യപ്പെടാന്‍ തുടങ്ങി. സ്ത്രീകള്‍ അദ്ദേഹത്തിന് മറ്റൊരു തരത്തില്‍ മെസ്സേജ് അയക്കുന്നതും പാര്‍ട്ടികളില്‍ മറ്റു രീതിയില്‍ ഇടപഴകുന്നതും ഞാനറിഞ്ഞു. ഞാന്‍ അസ്വസ്ഥയായി. ഞാന്‍ ചോദ്യംചെയ്തു. മുംബൈയില്‍ മോശമായ സാഹചര്യത്തില്‍ അദ്ദേഹത്തെ കണ്ടവിവരം സുഹൃത്തുക്കള്‍ എന്നോടു പറയുമായിരുന്നു. പിന്നീട് അപകടം പിടിച്ച ഒരു ബിസിനസിന് പണം കണ്ടെത്താന്‍ എന്റെ ഫ്‌ളാറ്റുകളിലൊന്ന് ആവശ്യപ്പെട്ടു. ഈ ബിസിനസില്‍ നിന്ന് പിന്മാറാന്‍ കുടുംബവും ഞാനും പലതവണ പറഞ്ഞിരുന്നു. പക്ഷേ തയ്യാറായില്ല. ആ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയല്ലാതെ എനിക്ക് മറ്റു വഴികളില്ലായിരുന്നു. ഞാന്‍ വീട്ടില്‍ തിരിച്ചുവന്നതോടെ എന്നെയും ബന്ധുക്കളെയും പ്രിന്‍സ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി.''-യുക്ത പറയുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് തന്നെ മര്‍ദിക്കാറുണ്ട്, പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയയാക്കി, ലൈംഗികമായി ഉപദ്രവിക്കാറുണ്ട് എന്നെല്ലാം കാട്ടി യുക്ത പോലീസില്‍ പരാതിപ്പെട്ടു. ഭര്‍ത്താവിന്റെ കുടുംബത്തിനെതിരേ ഗാര്‍ഹികപീഡനക്കേസും നൽകി. മുംബൈയില്‍ അച്ഛനമ്മമാര്‍ക്കൊപ്പം താമസവുമാക്കി. ആദ്യമൊന്നും മകളുടെ തീരുമാനത്തോട് അവര്‍ യോജിച്ചില്ല. അഡ്ജസ്റ്റ് ചെയ്യാനായിരുന്നു അവരുടെ ഉപദേശം. പിന്നീടവരും ഒപ്പംനിന്നു. 2013-ല്‍ യുക്ത വിവാഹമോചനത്തിന് ഫയല്‍ ചെയ്തു. 2014-ല്‍ വിവാഹമോചിതരായി.
ബോളിവുഡിലേക്ക് തിരിച്ചുവരാന്‍ യുക്ത ശ്രമിച്ചെങ്കിലും വേണ്ടത്ര തിളങ്ങാനായില്ല. അക്ഷയ് കുമാറിന്റെ 'ഗുഡ്‌ന്യൂസി'ലാണ് ഒടുവിൽ അഭിനയിച്ചത്.
Content Highlights: former miss world yukta mookhey life