ഏറ്റവും ദൈര്‍ഘ്യമുള്ള ലിപ്‌ലോക്ക് രംഗം കാണികളെ ചൊടിപ്പിച്ചു; അതൊന്നും ദേവികാ റാണിയെ കുലുക്കിയില്ല

ദേവികാ റാണി / ഫോട്ടോ: wikipedia, international roerich memorial trust
ദേവികാ റാണി / ഫോട്ടോ: wikipedia, international roerich memorial trust

പ്രിയങ്ക ചോപ്രയ്ക്കും ഐശ്വര്യ റായ്ക്കും മുന്നേ ലണ്ടനിലും ബെര്‍ലിനിലും സുപരിചിതയായ ഇന്ത്യന്‍ അഭിനേത്രി, ഇന്ത്യന്‍സിനിമയിലെ ആദ്യവനിത, ആദ്യമായി ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം നേടിയ വ്യക്തി...വിശേഷങ്ങളേറെയാണ് 1930-കളില്‍ ഇന്ത്യന്‍ സിനിമയെ അടക്കിഭരിച്ച ദേവികാ റാണിക്ക്.   

ജനിച്ചത് ഇന്ത്യയിലാണെങ്കിലും ബാല്യവും കൗമാരവുമെല്ലാം ലണ്ടനിലായിരുന്നു. ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക്ക് ആര്‍ട്ടിലായിരുന്നു പഠനം. പല കോഴ്‌സുകളും പഠിച്ചശേഷം ഒടുവില്‍ കോസ്റ്റിയൂം ഡിസൈനറായി ജോലി ചെയ്യാന്‍ തുടങ്ങി. അതിനിടയിലാണ് ചലച്ചിത്രനിര്‍മാതാവായ ഹിമാന്‍ഷു റായെ പരിചയപ്പെടുന്നത്. ഹിമാന്‍ഷു തന്റെ പുതിയ സിനിമയുടെ ജോലികളിലായിരുന്നു ആ സമയത്ത്. ദേവികയുടെ ഡിസൈനുകളിഷ്ടപ്പെട്ട ഹിമാന്‍ഷു, 'എ ത്രോ ഓഫ് ഡൈസ്' എന്ന സിനിമയിലേക്ക് കോസ്റ്റിയൂം ഡിസൈനറായി ക്ഷണിച്ചു. അതിനൊപ്പം കലാസംവിധാനവും ദേവിക നിര്‍വഹിച്ചു. അങ്ങനെയാണ് സിനിമയിലേക്കുള്ള ചുവടുവെപ്പ്.

ആ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ദേവികയേക്കാള്‍ പതിനാറ് വയസ്സ് കൂടുതലായിരുന്നു ഹിമാന്‍ഷുവിന്. പക്ഷേ പ്രണയത്തെ അതൊന്നും ബാധിച്ചില്ല. തൊട്ടടുത്തവര്‍ഷം അവര്‍ വിവാഹം കഴിച്ചു. അവിടുന്നങ്ങോട്ട് ഒരുമിച്ച് വളരുകയായിരുന്നു ദേവികാ റാണിയും ഹിമാന്‍ഷു റായും. ഫിലിംപ്രൊഡക്ഷനില്‍ രണ്ടുപേരും പരിശീലനം നേടി. പിന്നീട് കര്‍മ എന്ന സിനിമ നിര്‍മിക്കാന്‍ ഹിമാന്‍ഷു തീരുമാനിച്ചു. ഹിമാന്‍ഷുവും ദേവികയും നായികാ-നായകന്‍മാരാകാമെന്നും ധാരണയായി. അക്കാലത്ത് 'നല്ല കുടുംബത്തില്‍ പിറന്ന' സ്ത്രീകളാരും ബോളിവുഡ്‌സിനിമയില്‍ അഭിനയിക്കാറുണ്ടായിരുന്നില്ല. സ്ത്രീകളുടെ വേഷങ്ങള്‍ ചെയ്തത് അധികവും പുരുഷന്‍മാരായിരുന്നു. 

ഇതൊക്കെ അറിഞ്ഞിട്ടും പിന്‍മാറാന്‍ ദേവിക തയ്യാറായിരുന്നില്ല. അവര്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സ്ത്രീ അഭിനേതാവായി, 'കര്‍മ'യില്‍ (1933) അഭിനയിച്ചു. ലണ്ടനിലെ സ്റ്റോള്‍ സ്റ്റുഡിയോസിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഹിന്ദി-ഇംഗ്ലീഷ് ഭാഷകളില്‍ നിര്‍മിച്ച ആദ്യത്തെ ഇന്ത്യന്‍സിനിമയാണത്. അതിലേറെ ആ സിനിമയ്ക്ക് പേര് നേടിക്കൊടുത്തത് മറ്റൊന്നാണ്, ഇന്ത്യന്‍സിനിമയിലെ ആദ്യത്തേതും ഏറ്റവും നീളമുള്ളതുമായ ലിപ് ലോക്ക് രംഗമുള്ള സിനിമയെന്ന പേരായിരുന്നുവത്. നാലുമിനിറ്റ് നീണ്ടുനില്‍ക്കുന്ന ആ ചുംബനരംഗം പലരെയും ഞെട്ടിച്ചു. ലണ്ടനില്‍ അത് നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും, ഈ ചുംബനരംഗം ഉള്ളതുകൊണ്ട് മാത്രം ഇന്ത്യയില്‍ സിനിമ പരാജയപ്പെട്ടു. 
 

ഫോട്ടോ: wikipedia

ഇന്ത്യയിലേക്ക് വരുന്നു...
തൊട്ടടുത്ത വര്‍ഷം ഹിമാന്‍ഷുവും ദേവികയും ഇന്ത്യയിലെത്തി. ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ബോംബെ ടാക്കീസ് എന്ന നിര്‍മാണക്കമ്പനി തുടങ്ങി. ബോംബെ ടാക്കീസിന്റെ എല്ലാ സിനിമകളിലും ദേവികയായിരുന്നു നായിക. സ്ത്രീകേന്ദ്രീകൃതമായ, സാമൂഹ്യസന്ദേശങ്ങളുള്ള സിനിമകളായിരുന്നു അവയിലേറെയും. 

ഇന്ത്യയിലെത്തിയശേഷം ദേവികയുടെ പല പ്രവൃത്തികളും ആളുകളെ ചൊടിപ്പിച്ചു. പരസ്യമായി മദ്യപിക്കാനും പുകവലിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. ആളുകള്‍ അവരെക്കുറിച്ച് പലതും പറഞ്ഞു. അതൊന്നും ദേവികാ റാണിയെ തെല്ലും ഏശിയില്ലെന്നതാണ് സത്യം.

ഹിമാന്‍ഷുവിന്റെ ആറാമത്തെ ചിത്രമായ 'ജീവന്‍ നയ്യ'യിലും ദേവികയായിരുന്നു നായിക. നായകനായെത്തിയത് നജ്മുള്‍-ഹസ്സനും. സിനിമാഷൂട്ടിങ്ങിനടിയില്‍ ഇരുവരും വളരെ പെട്ടെന്ന് തന്നെ അടുത്തു. ഇതറിഞ്ഞ ഹിമാന്‍ഷു, സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയും ചെയ്തു. അതില്‍ രോഷംപൂണ്ട ദേവിക, ഹസനൊപ്പം ഒളിച്ചോടി. അവരൊരുമിച്ച് താമസിക്കാനും തുടങ്ങി. സിനിമ മുടങ്ങിയത് ഹിമാന്‍ഷുവിന് തന്നെയാണ് തിരിച്ചടിയായത്. ബോംബെ ടാക്കീസ് സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുന്ന സമയമാണ്. 'ജീവന്‍ നയ്യ' പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിര്‍മാതാക്കള്‍ക്ക് പണം തിരിച്ചുകൊടുക്കേണ്ടിവരും. അതിനും വഴിയില്ല. അങ്ങനെ ദേവികയെ തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചു.

ഇരുവരുടെയും ഒരു പൊതുസുഹൃത്ത് വിഷയത്തിലിടപെട്ടു. തിരികെ വരാന്‍ ദേവിക കുറേ നിബന്ധനകള്‍ നിരത്തി. അഭിനയിക്കുന്ന ഓരോ സിനിമയിലും പ്രതിഫലം തരണം, വീട്ടുചെലവെല്ലാം ഹിമാന്‍ഷു വഹിക്കണം എന്നിവയായിരുന്നു പ്രധാനനിബന്ധനകള്‍. ഹിമാന്‍ഷു അതെല്ലാം സമ്മതിച്ചു. ഹസ്സനെ മാറ്റി, അശോക് കുമാറിനെ നായകനാക്കി സിനിമ പൂര്‍ത്തിയാക്കി. അതിനുശേഷവും സമൂഹത്തിനുമുന്നില്‍ ഹിമാന്‍ഷുവും ദേവികയും ഭാര്യ-ഭര്‍ത്താക്കന്‍മാരായി തുടര്‍ന്നു.
 

ദേവികാ റാണിയും സ്വെറ്റോസ്ലാവ് റോറിച്ചും

ജീവിതം വഴിമാറുന്നു...
1940-ല്‍ ഹിമാന്‍ഷുവിന്റെ മരണശേഷം, ബോംബെ ടാക്കീസിന്റെ പ്രവര്‍ത്തനം ദേവിക ഏറ്റെടുത്തു. ഇന്ത്യന്‍ സിനിമയിലെ മിന്നുംതാരമായ ദിലീപ് കുമാറിനെ സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചതും ദേവികയാണ്. യൂസഫ് ഖാന്‍ എന്ന തന്റെ പേര് മാറ്റിയത് ദേവികാ റാണിയാണെന്ന് ദിലീപ് കുമാര്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമയുടെ ആര്‍ട്ട് ചെയ്യാനായി ഒരാളെ തിരയുന്നതിനിടയിലാണ് റഷ്യന്‍ ചിത്രകാരനായ സ്വെറ്റോസ്ലാവ് റോറിച്ചിനെ പരിചയപ്പെടുന്നത്. ആ സൗഹൃദം വളര്‍ന്നു. റോറിച്ചിന്റെ മണാലിയിലെ വീട്ടില്‍ ദേവിക സ്ഥിരംസന്ദര്‍ശകയായി. 

ഇതിനൊക്കെ ഇടയിലും നിര്‍മാണക്കമ്പനി വലിയ തിരിച്ചടികള്‍ നേരിടുകയായിരുന്നു. ആരും സഹായത്തിനില്ലാത്തതിനാല്‍ അധികം വൈകാതെ അത് അടച്ചുപൂട്ടേണ്ടിയും വന്നു. സിനിമയില്‍നിന്ന് പൂര്‍ണമായും അകന്ന ദേവിക, 1944-ൽ റോറിച്ചിനെ വിവാഹംകഴിച്ചു. പിന്നീട് മണാലിയിലായിരുന്നു അവര്‍ കുറേക്കാലം. അവിടുന്ന് ബാംഗ്ലൂരിലേക്ക് മാറി, മരണംവരെ അവിടെ തുടര്‍ന്നു ദേവികയും റോറിച്ചും. 1994-ലാണ് ദേവികയുടെ മരണം.

ഹിമാന്‍ഷു റായ് / ഫോട്ടോ: wikipedia

അറിഞ്ഞതൊന്നുമല്ല ദേവികാ റാണി
ദേവികയുടെ മരണശേഷം കിഷ്വര്‍ ദേശായ് എഴുതിയ പുസ്‌കത്തിലും, അവര്‍ തിരക്കഥയെഴുതിയ നാടകത്തിലും കാണുന്നത് മറ്റൊരു ദേവികയെയാണ്. കിഷ്വര്‍ ദേശായ് എഴുതിയ 'ദ ലോങ്ങസ്റ്റ് കിസ്: ദ ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് ദേവിക റാണി' എന്ന പുസ്തകത്തില്‍ ആരുമറിയാത്ത ദേവികയുടെ ജീവിതത്തെക്കുറിച്ച് പറയുന്നുണ്ട്. ദേവികാ റാണി ഗോഡസ് ഓഫ് ദ സില്‍വര്‍ സ്‌ക്രീന്‍ എന്ന നാടകവും അതെല്ലാം സ്ഥിരീകരിക്കുന്നു. ഒരു സീനില്‍ ഹിമാന്‍ഷുവിന്റെയും ദേവികയുടെയും ജീവിതത്തിലെ കറുത്ത ഏടുകളാണ് കാണിക്കുന്നത്. ഹിമാന്‍ഷുവിന്റെ മര്‍ദനമേറ്റ ദേവിക നിലത്തുവീഴുന്നതും അവരുടെ മൂക്കില്‍നിന്നും രക്തമൊഴുകുന്നതും കാണാം.

''ഈ കഥകള്‍ അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ലോകത്തിന് അവളൊരു സുന്ദരിയായ പാവക്കുട്ടിയാണ്. പക്ഷേ അവരുടെ എഴുത്തുകളിലെല്ലാം കാണുന്നത് കരയാന്‍ മടിക്കുന്ന ഒരു പെണ്‍കുട്ടിയെയാണ്'', കിഷ്വര്‍ ദേശായ് പറയുന്നു. ബോംബെ ടാക്കീസ് സ്ഥാപിക്കുന്നതിനായി സ്വന്തം ആഭരണങ്ങള്‍ വിറ്റ സ്ത്രീ. ഭര്‍ത്താവിന് ജര്‍മന്‍ യുവതിയില്‍ ഒരു കുഞ്ഞുണ്ടെന്നറിയുന്നറിയുമ്പോള്‍ തകര്‍ന്നുപോവുന്ന ഭാര്യ. ഇതൊക്കെയായിരുന്നു ദേവികാ റാണിയെന്ന് അവര്‍ ഉറപ്പിച്ചുപറയുന്നു. അതിനു തെളിവായി ദേവികയുടെ പല എഴുത്തുകളും അവര്‍ നിരത്തുന്നു. ഹിമാന്‍ഷുവിന്റെ മരണം പോലും ദേവികയെ സംബന്ധിച്ചിടത്തോളം ഒരു അക്രമാസക്തമായ ദാമ്പത്യത്തില്‍നിന്നുള്ള പുറത്തുകടക്കലായിരുന്നുവത്രേ. എന്തായാലും ഇന്ത്യന്‍സിനിമയിലെ ആദ്യനായികയുടെ ജീവിതത്തിലും ഒരു ട്രാജിക് സിനിമയുടെ എല്ലാ ചേരുവകളും കാണാം.

Content Highlights: first lady superstar of indian cinema-devika rani