സിത്താർ മാന്ത്രികൻ രവിശങ്കറായി ഫർഹാൻ അക്തർ, സന്തോഷവാർത്ത പങ്കുവെച്ച് ഷിബാനി അക്തർ

'ഡോൺ 3' വിവാദങ്ങൾക്കിടയിൽ ഫർഹാൻ അക്തർ ഹോളിവുഡിലേക്ക്. ബോളിവുഡ് താരമായ ഫർഹാൻ അക്തർ തന്റെ ആദ്യത്തെ പ്രധാന ഹോളിവുഡ് വേഷത്തിന് തയ്യാറെടുക്കുകയാണ്. വിഖ്യാത സംഗീത ബാൻഡ് 'ദി ബീറ്റിൽസിനെ' കുറിച്ച് ഓസ്കാർ ജേതാവായ സാം മെൻഡിസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഫർഹാൻ അഭിനയിക്കുന്നത്. ഇതിഹാസ സിത്താർ കലാകാരനായ പണ്ഡിറ്റ് രവിശങ്കറായാണ് ഫർഹാൻ അക്തർ എത്തുക.
'ദി ബീറ്റിൽസ് - എ ഫോർ ഫിലിം സിനിമാറ്റിക് ഇവന്റ്' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ്, സോണിയും നീൽ സ്ട്രീറ്റും ചേർന്നാണ് നിർമ്മിക്കുന്നത്. നാല് സിനിമകളായാണ് ഇത് പുറത്തിറങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.കെയിൽ ചിത്രീകരണം ആരംഭിച്ച ഈ നാല് ചിത്രങ്ങളും 2028 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തും.
ജോർജ്ജ് ഹാരിസണെ സ്വാധീനിക്കുകയും ബീറ്റിൽസിന്റെ സംഗീതത്തിൽ ഇന്ത്യൻ സംഗീത ഉപകരണങ്ങളെ പരിചയപ്പെടുത്തുകയും ചെയ്ത ലോകപ്രശസ്ത സിത്താർ മാന്ത്രികനാണ് രവിശങ്കർ. അദ്ദേഹത്തിന്റെ വേഷമാണ് ഫർഹാൻ അവതരിപ്പിക്കുന്നത്. ഹാരി ലോറ്റി (സ്റ്റുവർട്ട് സട്ട്ക്ലിഫ്), ലൂസി ബോയിന്റൺ (ജെയ്ൻ ആഷർ), മോർഫിഡ് ക്ലാർക്ക് (സിന്തിയ ലെനൻ) എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഫർഹാന്റെ ഭാര്യ ഷിബാനി അക്തർ ഇൻസ്റ്റഗ്രാമിലൂടെ ഈ സന്തോഷവാർത്ത പങ്കുവെക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇതിനുമുമ്പ് 2022-ൽ പുറത്തിറങ്ങിയ ഡിസ്നി പ്ലസ് പരമ്പരയായ 'മിസ് മാർവലിൽ' ഫർഹാൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു.
സംവിധായകൻ സാം മെൻഡിസ് ബീറ്റിൽസിലെ ഓരോ അംഗത്തിന്റെയും (ജോൺ ലെനൻ, പോൾ മക്കാർട്ട്നി, ജോർജ്ജ് ഹാരിസൺ, റിംഗോ സ്റ്റാർ) കാഴ്ചപ്പാടിലൂടെ നാല് വ്യത്യസ്ത സിനിമകളാണ് ഒരുക്കുന്നത്. ബീറ്റിൽസ് അംഗങ്ങളുടെ ജീവിതകഥയും സംഗീതവും ഉപയോഗിക്കാൻ ആപ്പിൾ കോർപ്സ് പൂർണ്ണ അനുമതി നൽകുന്ന ആദ്യ സിനിമയാണിത്.
ഫർഹാൻ അക്തറിന്റെ പ്രൊഡക്ഷൻ ഹൗസായ എക്സൽ എന്റർടൈൻമെന്റ്, റൺവീർ സിങ് സിനിമയിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് അദ്ദേഹത്തിൽ നിന്ന് വലിയ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 40 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 2026 ജനുവരിയിൽ ചിത്രീകരണം തുടങ്ങാനിരുന്ന 'ഡോൺ 3'-യുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ മാറ്റങ്ങൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Farhan Akhtar gears up for a major Hollywood role as Pandit Ravi Shankar in Sam Mendes` Beatles biopic series. Shibani Akhtar shares the happy news!