മൈ നെയിം ഈസ് റാംജിറാവു...ഉറുമീസ് തമ്പാന്‍ ഉണ്ടോ?

മാന്നാര്‍ മത്തായി സ്പീക്കിങ്‌
മാന്നാര്‍ മത്തായി സ്പീക്കിങ്‌

അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം ഒന്നിനൊന്ന് മനോഹരവും വ്യത്യസ്തവുമായ പേരുകളാണ് സിദ്ദിഖ് സമ്മാനിച്ചത്. റാംജിറാവുവില്‍ തുടങ്ങുന്നുവത്. മാന്നാര്‍ മത്തായി, റാംജിറാവു, ഉറുമീസ് തമ്പാന്‍, ഇന്‍ ഹരിഹര്‍നഗറിലെ ജോണ്‍ ഹോനായ്, വിയറ്റ്‌നാം കോളനിയിലെ റാവുത്തര്‍, മൂസ സേട്ട്, എരുമേലി, വട്ടപ്പള്ളി, ഇരുമ്പ് ജോണ്‍, കാബൂളിവാലയിലെ കന്നാസ്-കടലാസ്, ഹിറ്റ്‌ലറിലെ ഹൃദയഭാനു, ഫ്രണ്ട്‌സിലെ ചക്കച്ചാംപറമ്പില്‍ ജോയ്, സുന്ദരേശന്‍...സിനിമകളിലെ പേരുകളെല്ലാം സ്വന്തം ജീവിതത്തില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നുമാണ് കിട്ടിയതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. 

മാന്നാര്‍ മത്തായി
പുറത്തുനിന്ന് കാണുന്നവര്‍ക്ക് അയാളൊരു നാടകട്രൂപ്പ് മുതലാളിയാണ്. അപ്പോള്‍ പിന്നെ പേരിനും വേണമൊരു എടുപ്പ്. അടുപ്പമുള്ളവര്‍ക്ക് അയാള്‍ മത്തായിച്ചനാണ്. മാന്നാര്‍ മത്തായിക്കൊപ്പം തന്നെ ഹിറ്റായതാണ് മത്തായിച്ചന്റെ ഡയലോഗുകളും. മുണ്ട്...നീ മുണ്ട്, വിവരമില്ലാത്തവന്‍ ആണേലും സത്യമേ പറയൂ...ഇതൊക്കെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് ഡയലോഗുകളാണ്. 

ഗര്‍വാസീസ് ആശാന്‍
റാംജിറാവുവിന്റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായിയിലും വെറൈറ്റി പേരുകള്‍ക്ക് പഞ്ഞമൊന്നുമില്ല. അതിലേറ്റവും രസകരമായതാണ് ഗര്‍വാസീസ് ആശാന്‍. കുട്ടിക്കാലത്ത് സിദ്ദിഖും കൂട്ടുകാരും ചവിട്ടുനാടകം കാണാന്‍ പോകുമായിരുന്നു. അങ്ങനെയൊരു ദിവസം വേദിയിലെ അനൗണ്‍സ്‌മെന്റില്‍നിന്നാണ് ആ പേര് വീണുകിട്ടുന്നത്. പിന്നീട് തിരക്കഥയെഴുതുമ്പോള്‍ ഇത് വീണ്ടും പൊങ്ങിവന്നു. ജനാര്‍ദനന്‍ അവതരിപ്പിക്കുന്ന പഴയ നാടകക്കാരനായ കഥാപാത്രത്തിന് വ്യത്യസ്തമായൊരു പേരുവേണമെന്നായിരുന്നു ചിന്ത. പിന്നെയൊന്നും ആലോചിച്ചില്ല, ഗര്‍വാസീസ് ആശാനെന്ന് തന്നെ പേരുചൊല്ലി വിളിച്ചു. ആശാനേന്ന് ചുരുക്കിയും വിളിച്ചു.  

സന്ധ്യാവ്
മാന്നാര്‍ മത്തായിയില്‍ ആശാന്റെ സഹായിയാണ് സന്ധ്യാവ്. സിനിമയില്‍ ഗര്‍വാസീസ് ആശാന്‍ സന്ധ്യാവേ എന്ന് നീട്ടിവിളിക്കുമ്പോള്‍, അതിലും നീട്ടിവിളികേട്ടുകൊണ്ട് സന്ധ്യാവ് രംഗത്തെത്തുന്നു. ആശാന് പറ്റിയ ശിഷ്യന്‍. സന്ധ്യാവ് എന്ന പേര് സ്‌കൂള്‍കാലത്തുനിന്നാണ് സിദ്ദിഖിന്റെ മനസ്സിലേക്കെത്തിയത്. സ്‌കൂളിലെ സഹപാഠിയായ പാട്ടുകാരന്‍. 
 

ഗോഡ്ഫാദറില്‍നിന്ന്‌

അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും
ഗോഡ്ഫാദറിലെ അഞ്ഞൂറാനു പിന്നിലുമുണ്ട് ഒരു കഥ. തിരക്കഥയെഴുതുമ്പോള്‍ അപ്രതീക്ഷിതമായി ശബ്ദതാരാവലി എടുത്തുനോക്കിയതായിരുന്നു സിദ്ദിഖ്. പേജുകള്‍ മറിക്കുന്നതിനിടയില്‍ അഞ്ഞൂറ്റിക്കാര്‍ എന്ന വാക്ക് അദ്ദേഹം കണ്ടു. അതില്‍നിന്നാണ് അഞ്ഞൂറാന്‍ എന്ന കേന്ദ്രകഥാപാത്രത്തിലേക്ക് എത്തുന്നത്. എന്‍.എന്‍.പിള്ള എന്ന നാടകാചാര്യന്റെ കൈയില്‍ ആ കഥാപാത്രം ഭദ്രമാവുകയും ചെയ്തു. സിനിമയില്‍ അഞ്ഞൂറാനൊപ്പം കട്ടയ്ക്കുകട്ടയ്ക്ക് നില്‍ക്കുന്ന ആനപ്പാറ അച്ചാമ്മ. ഫിലോമിന അനശ്വരമാക്കിയ ഈ കഥാപാത്രം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയം തന്നെ.
 

Content Highlights: evergreen characters of director siddique