മാളവിക ജയറാമിന്റെ വിവാഹം ഗുരുവായൂരില്‍വെച്ച്; നിശ്ചയം കഴിഞ്ഞു

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. വ്യാഴാഴ്ച രാവിലെ പത്തിനും പതിനൊന്നിനുമിടയ്ക്കായിരുന്നു മുഹൂര്‍ത്തം. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്‍. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വെച്ചാണ് വിവാഹം.
അടുത്തബന്ധുക്കള്‍ മാത്രമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്. പൂപ്പന്തലിലൂടെ നടന്നുവന്ന മാളവികയെ, കാളിദാസാണ് കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുവന്നത്. അകമ്പടിയായി തരിണിയും പാര്‍വതിയും.
ലെഹംഗ സെറ്റ് ധരിച്ചാണ് മാളവികയെത്തിയത്. ഡാര്‍ക്ക് മെറൂണ്‍, ഗോള്‍ഡന്‍ എന്നിവയിലുള്ള എംബ്രോയ്ഡറിയായിരുന്നു ലെഹംഗയുടെയും ബ്ലൗസിന്റെയും പ്രത്യേകത. ഒപ്പം ദുപ്പട്ടയും. ആഭരണമായി ഹെവി ചോക്കര്‍ സെറ്റും.
ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു നവനീതിന്റെ വേഷം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മാളവികയുടെ സഹോദരന്‍ കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം നടന്നത്. ചെന്നൈയിലെ മുന്‍നിര മോഡലായ തരിണി കലിംഗരായര്‍ ആണ് കാളിദാസിന്റെ പ്രതിശ്രുതവധു. വിഷ്വല്‍ കമ്യൂണിക്കേഷന്‍ ബിരുദധാരിയായ തരിണി, പഠനത്തിനൊപ്പം തന്നെ മോഡലിങ്ങും ചെയ്തിരുന്നു. 2021-ല്‍ മിസ് ദിവ സൗന്ദര്യമത്സരത്തിലെ തേര്‍ഡ് റണ്ണറപ്പ് കൂടിയാണ് തരിണി.
ഈ അടുത്താണ് മാളവിക തന്റെ വിവാഹത്തെക്കുറിച്ച് സൂചന തരുന്നത്. Here's to dreams coming true എന്ന് കാപ്ഷനിട്ട് പാര്‍വതി, ജയറാം, കാളിദാസ്, തരിണി എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു. ഏറ്റവും അവസാനമുള്ള ഫോട്ടോയിലൂടെ തന്റെ പ്രിയപ്പെട്ടവനെ മാളവിക ലോകത്തിന് പരിചയപ്പെടുത്തി. നവനീതിന്റെ തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോ ആയിരുന്നുവത്. പിന്നീട് കാളിദാസിന്റെ നിശ്ചയത്തിനുശേഷം എല്ലാവരുമൊത്തുള്ള ഫോട്ടോയും മാളവിക സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.
Content Highlights: engagement ceremony of malavika jayaram