ബാന്‍ ചെയ്യാത്ത എമ്പുരാനും ബാന്‍ ചെയ്യപ്പെടുന്ന 'സന്തോഷും'

എംമ്പുരാന്‍, സന്തോഷ്‌
എംമ്പുരാന്‍, സന്തോഷ്‌

സെന്‍സര്‍ ബോര്‍ഡിന്റെ പച്ചകൊടി കിട്ടി തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്‍' വലിയ രീതിയിലുള്ള വിചാരണയ്ക്കും വിമര്‍ശനത്തിനുമാണ് വിധേയമായി കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പരാമര്‍ശവും മറ്റ് ചില സീനുകളുമാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ചൊടിപ്പിച്ചതും സോഷ്യല്‍മീഡിയയില്‍ വലിയ സൈബര്‍ അറ്റാക്കിന് വിധേയമായതും. എന്നാല്‍ എമ്പുരാന് പ്രദര്‍ശാനുമതി നല്‍കിയ അതേ സെന്‍സര്‍ ബോര്‍ഡ് തന്നെ കഴിഞ്ഞ ദിവസം ഒരു അന്തര്‍ദേശീയ ശ്രദ്ധനേടിയ ഇന്ത്യന്‍ ചിത്രത്തിന് പ്രദര്‍ശാനുമതി നിഷേധിച്ചിരുന്നു. സന്ധ്യ സുരി സംവിധാനം ചെയ്ത 'സന്തോഷ്' എന്ന ചിത്രത്തിനാണ് ഇന്ത്യയില്‍ കഴിഞ്ഞദിവസം പ്രദര്‍ശാനുമതി നിഷേധിച്ചത്. അന്തര്‍ദേശീയ മേളകളില്‍ ഏറെ പ്രശംസനേടിയ സന്തോഷ് ബ്രിട്ടന്‍-ഇന്ത്യ പങ്കാളിത്തതില്‍ നിര്‍മിച്ചതാണ്. എമ്പുരാന് പ്രദര്‍ശാനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് എന്തുകൊണ്ടാണ് 'സന്തോഷ്' ന് നിരോധനമേര്‍പ്പെടുത്തിയത്..? 

അധികാര ഇടനാഴികളെ തൊട്ടുകൂടായ്മ

' ആജ്ഞകളെ അനുസരിക്കുന്നതിനേക്കാള്‍ ഭയാനകമായി മറ്റൊന്നുമില്ല..' (Nothing more dangerous than obeying orders ) ബ്രിട്ടന്റെ ഓസ്‌കാര്‍ എന്‍ട്രിയായിരുന്ന 'സന്തോഷ്' എന്ന ഇന്ത്യന്‍ സിനിമയുടെ ടാഗ്‌ലൈന്‍ ഇങ്ങനെയായിരുന്നു. കാന്‍ ഫിലിംഫെസ്റ്റിവലിലും ബാഫ്റ്റയിലുമൊക്കെ നിരൂപക പ്രശംസ നേടിയ 'സന്തോഷ് ' എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. ചിത്രത്തിലെ പ്രധാന ഭാഗങ്ങളടക്കം നിരവധി ഭാഗങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമേ പ്രദര്‍ശനാനുമതി നല്‍കൂ എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഹൃദയഭേദകമായ തീരുമാനമാണ് ഇതെന്നാണ് സംവിധായിക സന്ധ്യ സുരി സെന്‍സര്‍ ബോര്‍ഡ് നീക്കത്തെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. 

കാക്കിക്കുള്ളിലെ ജാതീയത...

ഇന്ത്യന്‍ പൊലീസ് സേനക്കുള്ളിലെ ജാതീയതയെ കുറിച്ചും ഇസ്ലാമോഫോബിയയെ കുറിച്ചുമാണ് സന്തോഷ് എന്ന സിനിമ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നത്. പൊലീസുകാരനായ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് സന്തോഷ് എന്ന സ്ത്രീയ്ക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി ലഭിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന ദളിത് വിഭാഗത്തില്‍ പെട്ട മനുഷ്യര്‍ക്ക് ഇന്നും ഇന്ത്യയിലെ പൊലീസ് ഓഫീസടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ധൈര്യപൂര്‍വ്വം കയറിചെല്ലാനോ തങ്ങളുടെ പരാതിയും ആവശ്യവും ബോധ്യപ്പെടുത്താനോ ഉള്ള സാഹചര്യമില്ലെന്ന് സിനിമ തുറന്നുകാട്ടുന്നു.

പൊലീസിലെത്തിയ സന്തോഷിന് കേസന്വേഷണ വഴികളില്‍ നിന്ന് ഇപ്പോഴും നിലനില്‍ക്കുന്ന ജാതീയതയെയും തൊട്ടുകൂടായ്മയെയും കുറിച്ചുണ്ടാകുന്ന തിരിച്ചറിവുകള്‍ സിനിമയില്‍ കാണാം. ഇന്ത്യയില്‍ നിലവില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സ്ഥിതിയെ കുറിച്ചും അതിനുള്ളില്‍ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചുമെല്ലാം 'സന്തോഷ്' കഥാവഴിയില്‍ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി ഷഹാന ഗോസ്വാമിയാണ്. ചിത്രത്തിലെ അഭിനയത്തിന് അവര്‍ ഏഷ്യന്‍ ഫിലിം അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

Content Highlights: empuran not banned but why is india banning britains-oscar entry the film santosh