ദൃശ്യം മൂന്നിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറിയത് ഏഴുദിവസം മുമ്പ്, 'ഞങ്ങൾക്ക് സന്തോഷമായിരുന്നില്ല'

അക്ഷയ് ഖന്ന / AFP
അക്ഷയ് ഖന്ന / AFP

ഹിന്ദി 'ദൃശ്യം 3' സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് പ്രധാനപ്പെട്ടൊരു വേഷം ചെയ്യേണ്ടിയിരുന്ന അക്ഷയ് ഖന്ന അതിൽനിന്ന് പിന്മാറുന്നത്. അതിൽ തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾ പങ്കുവെക്കുകയാണ് സംവിധായകനും എഴുത്തുകാരനുമായ അഭിഷേക് പഥക്. ഹിന്ദി ദൃശ്യത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗം അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഷൂട്ടിങ്ങിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അക്ഷയ് പ്രോജക്റ്റിൽ നിന്ന് പിന്മാറി. പിന്മാറ്റത്തിനുള്ള യഥാർഥകാരണം വ്യക്തമല്ലെങ്കിലും, ഇത് നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കി.

ഷൂട്ടിങ് നീട്ടിവെക്കാതെ അഭിഷേകും സംഘവും തിരക്കഥയിൽ മാറ്റങ്ങൾ വരുത്തി, ഒരു പകരക്കാരനെ കണ്ടെത്തി. അതൊരു പ്രതിസന്ധി നിറഞ്ഞ ആഴ്ചയായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

“പരിഭ്രാന്തി എന്നല്ല, ഈ സംഭവങ്ങളിൽ ഞങ്ങൾക്ക് സന്തോഷമുണ്ടായിരുന്നില്ല. 'ഇതെന്തൊരു രീതീയാണ്' എന്നാണ് ഞാൻ കരുതിയത്”.

തുടർന്ന് അക്ഷയ് ഖന്നയ്ക്ക് വേണ്ടി എഴുതിയിരുന്ന ഭാഗങ്ങൾ അഭിഷേക് മാറ്റിയെഴുതി. അദ്ദേഹത്തിന് പകരമായി ജയ്ദീപ് അഹ്ലാവത്തിനെ ചിത്രത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. “പ്രേക്ഷകർ ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തിന് പകരമായാണ് അദ്ദേഹം വരുന്നത്. ഞാൻ അദ്ദേഹത്തെ വിളിച്ചു, 'കാസ്റ്റിങ് മാറ്റമാണോ അതോ കഥാപാത്ര മാറ്റമാണോ?' എന്നദ്ദേഹം ചോദിച്ചു. ഞാൻ കഥാപാത്രത്തെ മാറ്റുകയാണെന്ന് മറുപടി പറഞ്ഞു. തുടർന്നദ്ദേഹം സ്ക്രിപ്റ്റ് വായിച്ചുനോക്കി, ഇഷ്ടപ്പെടുകയും ചെയ്തു. അതെല്ലാം 5-6 ദിവസത്തിനുള്ളിലാണ് സംഭവിച്ചത്.”

ഷൂട്ടിങ് നീട്ടേണ്ടെന്ന തീരുമാനം സംഘമെടുത്തിരുന്നു. “തുടരാമെന്നും ടീമിനോട് 'നിൽക്കൂ, ഒന്നും റദ്ദാക്കരുത്. നമ്മൾ ഇത് ചെയ്യും' എന്ന് പറയാമെന്നുമുള്ള തീരുമാനമായിരുന്നു ഏറ്റവും കഠിനമായ ഭാഗം. അങ്ങനെ പറഞ്ഞുപോയി, പക്ഷേ ഇനി അത് ചെയ്തേ പറ്റൂ. എഴുതുകയും വേണമായിരുന്നു. ഇത് സാധ്യമാകുമോയെന്നു നോക്കാൻ 2-3 ദിവസം ചോദിച്ചു. അജയ് ദേവ്ഗൺ സാറുമായുള്ള അദ്ദേഹത്തിന്റെ രംഗം ചിത്രീകരിക്കാൻ ഏഴ് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് ഈ സംഭവങ്ങൾ,” അദ്ദേഹം പറഞ്ഞു.

സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന 200-ലധികം ആളുകളുടെ ജോലി മുടങ്ങാതിരിക്കാനാണ് ഷൂട്ടിങ് തുടർന്നത്. സെറ്റ് ഇതിനകം തയ്യാറായിരുന്നു, ഷെഡ്യൂൾ മാറ്റിയാൽ അത് അണിയറപ്രവർത്തകരേയും ഡേറ്റ് നൽകിയിട്ടുള്ള അഭിനേതാക്കളെയും ബാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അജയ് ദേവ്ഗൺ, ശ്രിയ ശരൺ, തബു, ജൈദീപ് അഹ്ലാവത്ത് എന്നിവരാണ് 'ദൃശ്യം 3'-ൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒക്ടോബർ 2-ന് ചിത്രം തിയേറ്ററുകളിലെത്തും. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Director Abhishek Pathak addressed Akshaye Khanna's sudden exit just days before Drishyam 3 shooting., Jaideep Ahlawat replaced Akshaye Khanna after quick script rewrites within 5-6 days., The director chose not to delay the shoot to protect the livelihoods of over 200 crew members., Drishyam 3 is scheduled to release in cinemas on October 2.