തലച്ചോറിലെ ശസ്ത്രക്രിയയിലുണ്ടായ പിഴവ്; ശ്രീദേവിയുടെ അമ്മയ്ക്ക് ഓർമ നഷ്ടപ്പെട്ടു

നടി ശ്രീദേവിയുടെ ജീവിതത്തിലും കരിയറിലും വളരെയേറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അവരുടെ അമ്മ രാജേശ്വരി. പലപ്പോഴും അതിനെക്കുറിച്ച് ശ്രീദേവി തുറന്നുപറഞ്ഞിട്ടുമുണ്ട്. ''ഞാനിന്ന് എന്തൊക്കെ ആയിട്ടുണ്ടോ, അതിനെല്ലാം കാരണം അമ്മ മാത്രമാണ്. എന്റെ വിജയകരമായ കരിയറിൽ അമ്മ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അമ്മ എന്നെ പഠിപ്പിച്ച, 50 ശതമാനമെങ്കിലും എന്റെ കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞാൽ, എനിക്ക് സന്തോഷമാവും''. എല്ലാ സെറ്റുകളിലും ശ്രീദേവിക്കൊപ്പം അമ്മയുമുണ്ടായിരുന്നു. പലപ്പോഴും സിനിമകൾ തിരഞ്ഞെടുത്തിരുന്നതുപോലും അമ്മ തന്നെ.
അമ്മയ്ക്കുണ്ടായ അസുഖമാണ് അവരെ അടിമുടി തകർത്തത്. ശ്രീദേവിയുടെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ഏടും അതാണെന്ന് അവരോട് അടുപ്പമുള്ളവർ പറയുന്നു. 1995-ലാണ് രാജേശ്വരിക്ക് ബ്രെയിൻ ട്യൂമർ ആണെന്നറിയുന്നത്. ഇടതുഭാഗത്ത് ഒരു മുഴ വളരുന്നു. അത് എത്രയും പെട്ടെന്ന് നീക്കംചെയ്യണം. കുറച്ചുനാൾ ചെന്നൈയിൽ തന്നെയായിരുന്നു ചികിത്സ. എന്നാൽ, അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കണമെന്നായിരുന്നു ശ്രീദേവിയുടെ ആഗ്രഹം. അങ്ങനെ ചില ഡോക്ടർമാരുടെ നിർദേശപ്രകാരം വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു. ഒടുവിൽ ന്യൂയോർക്കിലെ ഒരു ആസ്പത്രിയിൽവെച്ച് ശസ്ത്രക്രിയ നടത്താമെന്നുറപ്പിച്ചു.
അന്ന് ഓരോ കാര്യങ്ങൾക്കും ശ്രീദേവിയെ സഹായിച്ചത് ബോണി കപൂറാണ്. ബോണി പ്രണയാഭ്യർഥനയുമായി ശ്രീദേവിയെ അതിനു മുമ്പും സമീപിച്ചിരുന്നുവെങ്കിലും, ഈ സംഭവത്തിനുശേഷമാണ് ശ്രീദേവിക്കും ഇഷ്ടം തോന്നുന്നത്. അതുവരെ മകളുടെ വരനായി ബോണി കപൂറിനെ അംഗീകരിക്കാൻ രാജേശ്വരിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ ഈ സംഭവത്തോടെ അവരുടെ മനസ്സുമാറി. ബോണി നിർമിക്കുന്ന ഒരു സിനിമയിൽ സൗജന്യമായി അഭിനയിക്കണമെന്ന് അമ്മ ശ്രീദേവിയോട് പറയുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്ക് പോകുമ്പോൾ രാജേശ്വരിക്കൊപ്പം ശ്രീദേവി മാത്രമാണുണ്ടായിരുന്നത്. ഒരു പേടിയോടെയാണ് രാജേശ്വരി തിയേറ്ററിലേക്ക് കടന്നത്. ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകും മുമ്പ് അവർ ശ്രീദേവിയുടെ കൈയിൽ അമർത്തിപ്പിടിച്ചു. ഒരു ഭയമായിരുന്നു അതിൽ നിറഞ്ഞുനിന്നത്. ശസ്ത്രക്രിയയ്ക്കൊടുവിൽ രാജേശ്വരിയുടെ പേടി പോലെ തന്നെയാണ് സംഭവിച്ചത്. ഇടതുഭാഗത്തിനുപകരം ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് വലതുഭാഗത്തായിരുന്നു. അതോടെ രാജേശ്വരിയുടെ ഓർമ നശിച്ചു. പൂർണമായും ഡോക്ടറുടെ പിഴവ്. മറ്റൊരു രോഗിയുടെ എക്സ്റേയുമായിട്ടാണ്, ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിലെത്തിയത്. ആ എക്സ്റേ നോക്കിയാണ് ശസ്ത്രക്രിയ നടത്തിയതും.
ഈ സംഭവം അമേരിക്കയിലെ മാധ്യമങ്ങളിലും ഇന്ത്യൻമാധ്യമങ്ങളിലും വാർത്തയായി. അമേരിക്കയിലെ മറ്റൊരു ആസ്പത്രിയിൽവെച്ച് ട്യൂമർ നീക്കിയെങ്കിലും, രാജേശ്വരിയുടെ ആരോഗ്യസ്ഥിതി പിന്നീട് പഴയതുപോലെയായില്ല. ഈ ചികിത്സാപ്പിഴവിൽ ശ്രീദേവി സ്വയം പഴിച്ചു. തന്റെ തീരുമാനം കാരണം അമ്മയ്ക്ക് ഈ അവസ്ഥ വന്നത് അവരെ വേദനിപ്പിച്ചു. നല്ലൊരു ഡോക്ടറെവെച്ച് ചികിത്സിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന കുറ്റബോധം അവരെ വേട്ടയാടി.
ആസ്പത്രിക്കെതിരെ ശ്രീദേവി നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തു. കേസിനൊടുവിൽ ഏഴുകോടിക്ക് മുകളിൽ നഷ്ടപരിഹാരം ലഭിച്ചു. എന്നാൽ, ആ പണത്തിന്റെ പേരിൽ ശ്രീദേവിയും സഹോദരി ശ്രീലതയും തമ്മിൽ പിണക്കത്തിലുമായി. നഷ്ടപരിഹാരമായി ലഭിച്ച പണം ശ്രീദേവി അനുജത്തിക്ക് കൊടുത്തില്ലത്രേ. ഇതിനെതിരെ ശ്രീലത കേസ് കൊടുത്തു. ശ്രീദേവി രണ്ടുകോടി അനുജത്തിക്ക് കൊടുക്കണമെന്നതായിരുന്നു കോടതി ഉത്തരവ്. അതോടെ ഇരുവരും പൂർണമായും അകന്നു.
1998-ൽ പുറത്തിറങ്ങിയ 'ജീൻസ്' എന്ന സിനിമയുടെ ഒരു ഭാഗം രാജേശ്വരിയുടെ ശസ്ത്രക്രിയയെ ആസ്പദമാക്കിയുള്ളതാണ്. അതിൽ രാജേശ്വരിയുടെ വേഷം അവതരിപ്പിച്ചത് നടി ലക്ഷ്മിയാണ്.
ശ്രീദേവി / ഫോട്ടോ: UNI, PTI
Content Highlights: doctor operated on wrong part of brain and it causes memory loss