ഭീഷണിയും വധശ്രമവുമായി അധോലോകം വിടാതെ പിന്തുടർന്നു; ഒടുവിൽ രാജീവിന് രാജ്യം വിടേണ്ടിവന്നു

രാജീവ് റായ്, മൊഹ്‌റ എന്ന സിനിമയിൽ രവീണ ഠണ്ടനും അക്ഷയ് കുമാറും / AFP, IMDb
രാജീവ് റായ്, മൊഹ്‌റ എന്ന സിനിമയിൽ രവീണ ഠണ്ടനും അക്ഷയ് കുമാറും / AFP, IMDb

അധോലോകത്തിന്റെ നിർദേശമനുസരിച്ച് ബോളിവുഡ് പ്രവർത്തിച്ചൊരു കാലമുണ്ടായിരുന്നു. ആ നിർദേശങ്ങൾ അനുസരിക്കാത്തവരെ വെടിവെച്ചുകൊല്ലാൻ പോലും മടിച്ചിരുന്നില്ല. അതിനൊപ്പം പണമാവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണിയും. അതുപേടിച്ച് രാജ്യം വിട്ടോടി പല താരങ്ങളും സംവിധായകരും. അതിലൊരാളാണ് സംവിധായകൻ രാജീവ് റായ്. അക്ഷയ് കുമാർ-രവീണ ഠണ്ടൻ ജോഡിയുടെ മൊഹ്‌റ, ഗുപ്ത്, ത്രിദേവ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രാജീവ്. അധോലോകത്തിന്റെ ഭീഷണി ഭയന്ന് സിനിമയും രാജ്യവും തന്നെ വിട്ടുപോകേണ്ടിവന്നു അദ്ദേഹത്തിന്.

പല തവണ അദ്ദേഹത്തിനുനേരെ ഭീഷണികളുണ്ടായി, വധശ്രമങ്ങളും. അദ്ദേഹത്തിന്റെ ഓഫീസ് വരെ ആക്രമിക്കപ്പെട്ടു. എല്ലാം പണമാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു. ഒടുവിൽ സുരക്ഷയ്ക്കായി അദ്ദേഹത്തിന് ബോഡിഗാർഡുകളെ അനുവദിച്ചുകൊടുത്തു. എന്നിട്ടും ഫലമുണ്ടായില്ല.

ഒടുവിലൊരു വധശ്രമത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. തന്റെ ഓഫീസിൽനിന്ന് പുറത്തുവരികയായിരുന്നു രാജീവ്. ഒപ്പം ബോഡിഗാർഡുമുണ്ടായിരുന്നു. അപ്പോഴാണ് അധോലോകതലവൻ അബു സലീമിനുകീഴിലുള്ള അഞ്ചംഗസംഘം അദ്ദേഹത്തെ ആക്രമിക്കാനെത്തിയത്. തുരുതുരെ വെടിവെച്ചെങ്കിലും, അതിൽനിന്ന് രാജീവ് കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നാലെ അദ്ദേഹം രാജ്യം വിട്ടു, ലണ്ടനിലേക്ക് പോയി.

വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയെങ്കിലും ഭീഷണികളെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല. പിന്നെയും രണ്ടുസിനിമകൾ സംവിധാനം ചെയ്‌തെങ്കിലും അതു രണ്ടും വിജയിച്ചില്ല. അതോടെ, സിനിമയിൽനിന്ന് പൂർണമായി അകലുകയും ചെയ്തു.

ഈയുടത്താണ് രാജീവ് ആദ്യമായി തനിക്കുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയുന്നത്. ''നിരന്തരം കോളുകൾ വരുമായിരുന്നു. അതിനൊപ്പം വീട്ടിലെയും ഓഫീസിലെയും ലാൻഡ് ലൈനുകളിലേക്കും കോളുകൾ വന്നുകൊണ്ടിരുന്നു. ഭീഷണിയുമായി വരുന്ന ഫോൺകോളുകളൊന്നും എടുക്കരുതെന്നാണ് പോലീസ് പറഞ്ഞത്. എല്ലാം പണം ചോദിച്ചുകൊണ്ടുള്ള കോളുകൾ. ചിലപ്പോൾ ഞാൻ ഫോണെടുക്കും. എന്നിട്ട് വേറെ ആരെയോ പോലെ സംസാരിക്കും. അതോടെ വിളിക്കുന്നവർ വെച്ചിട്ടുപോവും. അങ്ങനെയൊക്കെയായിരുന്നു ജീവിച്ചുപോയത്''.

ഗുപ്ത് എന്ന സിനിമയ്ക്കുശേഷമായിരുന്നു പ്രശ്‌നങ്ങൾ തുടങ്ങിയതെന്നും അദ്ദേഹം പറയുന്നു. ''ഗുപ്തിനുശേഷം രണ്ടുസിനിമകൾ ചെയ്തു, രണ്ടും വിജയിച്ചില്ല. അതെന്നെയും വല്ലാതെ ബാധിച്ചിരുന്നു. അപ്പോഴാണ് കോളുകൾ വരുന്നത്''. അന്ന് സ്വയരക്ഷയ്ക്കായി സി.ഐ.ഡി പരിശീലനം നേടാനും പോലീസ് എന്നെ ഉപദേശിച്ചു. അങ്ങനെ അതും ചെയ്തു. ''വാഹനങ്ങൾ എങ്ങനെ മാറണമെന്നും, എങ്ങനെയാണ് ഓരോന്നും സംശയത്തോടെ നോക്കേണ്ടതെന്നുമൊക്കെ എന്നെ പഠിപ്പിച്ചു''. ഒടുവിൽ സമ്മർദം കാരണമാണ് താൻ രാജ്യം വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ''അച്ഛന് തീരെ സുഖമില്ലായിരുന്നു. അദ്ദേഹത്തെ സംരക്ഷിക്കണമായിരുന്നു എനിക്ക്. ഞാൻ മരിച്ചാൽ അച്ഛനെ ആരുനോക്കുമെന്നാണ് ഞാനാദ്യം ചിന്തിച്ചത്''.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: rajiv rai, director of mohra and gupt, reveals his ordeal with underworld threats and assassination attempts