ദംഗലിലെ ആമിര്‍ ഖാന്റെ മകള്‍, പത്തൊമ്പതാം വയസ്സില്‍ വിടപറഞ്ഞു

ദംഗലില്‍ സുഹാനി ഭട്‌നഗര്‍ / Instagram
ദംഗലില്‍ സുഹാനി ഭട്‌നഗര്‍ / Instagram

സുഹാനി ഭട്‌നഗര്‍ (19) മരിച്ചത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ദംഗലിലൂടെയാണ് സുഹാനി അഭിനയരംഗത്തെത്തുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. കഴിഞ്ഞ കുറച്ചുനാളുകളായി സുഹാനി അസുഖബാധിതയായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കുറച്ചുകാലം മുമ്പ് ഒരു വാഹനാപകടത്തില്‍ കാലൊടിഞ്ഞ് ചികിത്സയിലായിരുന്നു താരം. ആ സമയത്ത് കഴിച്ച ചില മരുന്നുകളാണ് സുഹാനിയുടെ ജീവന് ഭീഷണിയായത്. ആ മരുന്നുകളുടെ പാര്‍ശ്വഫലമായി, ശരീരത്തില്‍ ദ്രാവകം അടിഞ്ഞുകൂടുന്ന അസുഖവും ഉണ്ടായിരുന്നുവത്രേ. കാലിനുള്ള മരുന്നിനൊപ്പം തന്നെ നീര് പോവാനുള്ള മരുന്നും സുഹാനി കഴിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അസുഖം കൂടിയപ്പോള്‍ സുഹാനിയെ ഡല്‍ഹി എയിംസില്‍ എത്തിച്ചെങ്കിലും, രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദഗ്ധഡോക്ടറുടെ പരിചരണത്തിലേക്ക് മാറ്റിയിട്ടും, പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. അന്ത്യകര്‍മങ്ങള്‍ ഫരീദാബാദിലായിരിക്കുമെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.   

മുമ്പ് പരസ്യങ്ങളില്‍ സജീവമായിരുന്നു സുഹാനി. എന്നാല്‍, പഠനം തടസ്സപ്പെടാതിരിക്കാന്‍, സിനിമയില്‍നിന്ന് മാറിനില്‍ക്കുകയായിരുന്നു. അപ്പോഴാണ് ആമിര്‍ ഖാന്‍ നായകനായ ദംഗലിലേക്ക് വിളിക്കുന്നത്. മുന്‍ ഗുസ്തിക്കാരനായ മഹാവീര്‍ സിങ് ഫോഗട്ടിന്റെയും അദ്ദേഹത്തിന്റെ മക്കളും ഗുസ്തിതാരങ്ങളുമായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതകഥ പറയുന്ന സിനിമയാണ് ദംഗല്‍. അതില്‍ ബബിത ഫോഗട്ടിന്റെ ചെറുപ്പകാലമാണ് സുഹാനി അഭിനയിച്ചത്. അതിലൂടെ ഒട്ടേറെ ആരാധകരെയും നേടിയെടുത്തു ഈ പെണ്‍കുട്ടി. 

ആമിര്‍ ഖാനൊപ്പം സുഹാനി

സുഹാനിയുടെ അഭിനയം കണ്ട ആമിര്‍ ഖാന്‍ അവരെ പുകഴ്ത്തുകയും ചെയ്തിരുന്നു. ''സുഹാനിയുടെ ഈ സിനിമയിലെ അഭിനയം നോക്കുകയാണെങ്കില്‍, എന്റേതിനേക്കാള്‍ പത്തുമടങ്ങ് മികച്ചതാണെന്ന് പറയാന്‍ പറ്റും. ഞാന്‍ എത്രയോ വര്‍ഷങ്ങളായി ഇവിടെ. പക്ഷേ ഈ കുട്ടി എന്നെ ഞെട്ടിച്ചുകളഞ്ഞു. അത്രയും കഴിവുണ്ട് അവള്‍ക്ക്''. 

കാസ്റ്റിങ് ഡയറക്ടര്‍ മുകേഷ് ഛബ്രയേയും സുഹാനിയുടെ പ്രകടനം ഞെട്ടിച്ചുകളഞ്ഞു. ''11,000-ത്തിലധികം പെണ്‍കുട്ടികളില്‍നിന്നാണ് ഗീത ഫോഗട്ടും ബബിത ഫോഗട്ടുമാവാനുള്ള കുട്ടികളെ തിരഞ്ഞെടുത്തത്. ഒരുപാട് പരിശുദ്ധിയുള്ള പെണ്‍കുട്ടിയാണ് സുഹാനി''. ദംഗലിനുശേഷം പഠനത്തിലേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തു സുഹാനി.

Content Highlights: dangal actress suhani bhatnagar dies at young age