'വിക്കിയുടെ പ്രകടനം കണ്ട് ഞാന്‍ പരിഭ്രാന്തയായി, മൂന്ന് ദിവസം അദ്ദേഹത്തോട് മിണ്ടാന്‍പോലും പറ്റിയില്ല'

വിക്കി കൗശല്‍, തൃപ്തി | PTI
വിക്കി കൗശല്‍, തൃപ്തി | PTI

രണ്‍ബീര്‍ കപൂര്‍ കേന്ദ്രകഥാപാത്രമായെത്തിയ അനിമലിലൂടെയാണ് ബോളിവുഡ് താരം തൃപ്തി ഡിമരി വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തേയും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അനിമലിലൂടെ മുഖ്യധാരയില്‍ അവര്‍ ചര്‍ച്ചാവിഷയമായി. ബാഡ് ന്യൂസ്, വിക്കി വിദ്യാ കാ വോ വാലാ വീഡിയോ എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ചിത്രീകരണവേളയില്‍ വിക്കി കൗശല്‍, രാജ്കുമാര്‍ റാവു എന്നിവരുടെ മുന്നില്‍ അഭിനയിക്കുമ്പോള്‍ പരിഭ്രമിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് തൃപ്തിയിപ്പോള്‍.

കഴിവുറ്റ സഹതാരങ്ങളാണവര്‍. വിക്കി കൗശലിന്റെ നൃത്ത വൈദഗ്ധ്യം വളരെയധികം ആകര്‍ഷിച്ചിരുന്നു. വിക്കിയുടെ മുന്നില്‍ തുറന്നുസംസാരിക്കാന്‍ കുറച്ച് സമയമെടുത്തുവെന്ന് അവര്‍ പറഞ്ഞു. 

'വിക്കിയുടെ കൂടെ ഞാന്‍ വളരെയധികം പരിഭ്രമിച്ചു, മൂന്ന് ദിവസത്തേക്ക്, ഞാന്‍ മരവിച്ചതുപോലെയായിരുന്നു. ആദ്യം പാട്ട് ചിത്രീകരിച്ചു. വിക്കിയുടെ പ്രകടനം കണ്ട് ഞാന്‍ പരിഭ്രാന്തയായതിനാല്‍ അദ്ദേഹവുമായി ശരിയായി ഇടപഴകാന്‍ പോലും കഴിഞ്ഞില്ല. 5-10 ദിവസം വേണ്ടിവന്നു എനിക്ക് സെറ്റിലെ ആളുകളുമായും സിനിമയുമായും സംവിധായകനുമായും ഇഴുകിച്ചേരാന്‍'-തൃപ്തി പറഞ്ഞു. 

ബുദ്ധിമുട്ടുള്ള രംഗങ്ങള്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് രാജ്കുമാറിനെ അവര്‍ പ്രശംസിച്ചു. അതേസമയം, അഭിനയം തന്റെ അഭിലാഷമായിരുന്നില്ലെന്നും എന്നാല്‍ സാധാരണജീവിതം ആഗ്രഹിക്കാത്തതിനാലാണ് സിനിമയില്‍ വരാന്‍ തീരുമാനിച്ചതെന്നും തൃപ്തി പറഞ്ഞു. 

അനിമല്‍ പുറത്തിറങ്ങുന്നതിനു മുമ്പേ പുതിയ ചിത്രങ്ങളില്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തൃപ്തി പറഞ്ഞു.
 

Content Highlights: couldn’t speak to vicky kaushal for three days-triptii dimri