‘ഗോവിന്ദയുടെ സിനിമ പരാജയപ്പെടുത്താൻ തീരുമാനിച്ചു, കരിഞ്ചന്തയിൽനിന്ന് ടിക്കറ്റ് വാങ്ങി’

ഗോവിന്ദയും ചങ്കി പാണ്ഡെയും / IMDb
ഗോവിന്ദയും ചങ്കി പാണ്ഡെയും / IMDb

ബോളിവുഡിലെ ഇണപിരിയാത്ത സുഹൃത്തുക്കളാണ് ചങ്കി പാണ്ഡെയും ഗോവിന്ദയും. ഒട്ടേറെ റിയാലിറ്റി ഷോകളിൽ ഇരുവരും അതിഥികളായി എത്തിയിട്ടുണ്ട്. 1993-ൽ 'ആംഖേൻ' എന്ന സിനിമയിലാണ് ഇവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. രണ്ട് സഹോദരൻമാരുടെ കഥയാണ് സിനിമ പറയുന്നത്. അതിൽ സഹോദരൻമാരായിട്ടാണ് ഇരുവരും അഭിനയിച്ചത്. ഒരു കുരങ്ങനും സിനിമയിലെ പ്രധാനകഥാപാത്രമായിരുന്നു. 1993-ലെ ഏറ്റവും വലിയ ഹിറ്റായി മാറി സിനിമ. 12 ആഴ്ചകളോളം സിനിമ തുടർച്ചയായി ഓടി.

''ദക്ഷിണേന്ത്യയിൽനിന്നുള്ള വിലകൂടിയൊരു കുരങ്ങായിരുന്നുവത്. ആറ് സഹായികൾക്കൊപ്പമാണ് അത് സെറ്റിലെത്തിയത്. താമസം മുംബൈയിലെ ഒരു ഹോട്ടലിലും. സിനിമയിൽ എല്ലാവരും ഡബിൾ റോളിലാണ് അഭിനയിച്ചത്. എനിക്ക് മാത്രം ഡബിൾ റോളില്ല. എന്റെ ഡബിൾ റോളിനു പകരമാണ് കുരങ്ങനെ കൊണ്ടുവന്നതെന്ന് സംവിധായകൻ തമാശ പറയുമായിരുന്നു'', ഒരിക്കൽ അതിനെക്കുറിച്ച് ചങ്കി പാണ്ഡെ പറഞ്ഞതിങ്ങനെ. ''തങ്ങളേക്കാൾ കൂടുതൽ പ്രതിഫലമാണ് ആ കുരങ്ങന് ലഭിച്ചത്'' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ സിനിമയുടെ സെറ്റിൽ തുടങ്ങിയ സൗഹൃദം ഇന്നും മുന്നോട്ടു കൊണ്ടുപോവുകയാണ് ചങ്കിയും ഗോവിന്ദയും. ഏത് പരിപാടിയിലും പരസ്പരം കളിയാക്കാനുള്ള അവസരവും അവർ വിട്ടുകളയാറില്ല. ഏറ്റവുമൊടുവിൽ കജോളും ട്വിങ്കിൾ ഖന്നയും അവതാരകരാവുന്ന 'ടൂ മച്ച്' എന്ന ഷോയിലേക്ക് എത്തുകയാണ് ഇരുവരും. പ്രൊമോയിൽ കുറേ രസകരമായ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട് രണ്ടുപേരും. ഗോവിന്ദയുടെ ഒരു പടം പരാജയപ്പെടുത്താൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറയുന്നുണ്ട് ചങ്കി പാണ്ഡെ അതിൽ. ഗോവിന്ദയുടെ ഒരു സിനിമ ഹിറ്റാകുമെന്ന് ഉറപ്പായപ്പോഴാണ് താനിങ്ങനെ ചെയ്തതെന്ന് അദ്ദേഹം പറയുന്നു. സിനിമയുടെ ഇമേജ് കളങ്കപ്പെടുത്താൻ, ടിക്കറ്റുകൾ കരിഞ്ചന്തയിൽ വാങ്ങി പകുതി വിലയ്ക്ക് വിൽക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ''ഗോവിന്ദയുടെ ഒരു സിനിമ സൂപ്പർ ഹിറ്റിലേക്ക് പോവുകയാണെന്ന് മനസ്സിലായി. അതിനാൽ, ഞാൻ കരിഞ്ചന്തയിൽ നിന്ന് ടിക്കറ്റുകൾ വാങ്ങി, പകുതി വിലയ്ക്ക് വിറ്റു. അങ്ങനെ സിനിമയുടെ ഇമേജ് കളങ്കപ്പെടുത്താൻ ശ്രമിച്ചു'', അദ്ദേഹം പൊട്ടിച്ചിരിയോടെ ഓർത്തെടുത്തു.

2019-ൽ പുറത്തിറങ്ങിയ 'രംഗീല രാജ'യിലാണ് ഗോവിന്ദ അവസാനമായി അഭിനയിച്ചത്. 'സൺ ഓഫ് സർദാർ' ആണ് ചങ്കി പാണ്ഡെയുടെ അവസാനറിലീസ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood friends Chunky Pandey and Govinda share hilarious anecdotes, including Pandey`s plot to sabotage Govinda`s hit film by buying black market tickets at half price