കള്ളപ്പവും ചിക്കന്‍ കറിയും, കരോള്‍ ഗാനം, പാതിരാ കുര്‍ബാന, വരാനിരിക്കുന്ന സിനിമകൾ; ലിജോമോൾ ജോസ്

ലിജോമോള്‍ ജോസ്
ലിജോമോള്‍ ജോസ്

പ്രകൃതിയൊരുക്കിയ കാഴ്ചവിരുന്നുകളുടെ കൂടെ ക്രിസ്മസ് അലങ്കാരങ്ങള്‍ കൂടിയാവുമ്പോള്‍ ഇടുക്കിയിലെ ക്രിസ്മസിന് പകിട്ടേറുമെന്ന് പറയുകയാണ് പ്രിയനടി  ലിജോമോള്‍ ജോസ്. മനസ്സില്‍ മായാതെ കിടക്കുന്ന, കുട്ടിക്കാലത്തെ ഓര്‍മ്മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് ലിജോമോള്‍ സംസാരിച്ചുതുടങ്ങി. വരാനിരിക്കുന്ന സിനിമകള്‍, വെബ്‌സീരീസുകള്‍... പുതുവര്‍ഷക്കനവുകള്‍ നിറയുന്നു ആ വര്‍ത്തമാനത്തില്‍.

''കുട്ടിക്കാലത്തെ ക്രിസ്മസിന് ആവേശം കൂടുതലായിരുന്നു. വീട്ടിലേക്ക് കരോള്‍ സംഘം വരുന്നതും കാത്ത് അങ്ങനെ ഇരിക്കും. സ്‌കൂളില്‍ കരോള്‍ ഗാനം പാടുന്നതിന് മത്സരമൊക്കെ ഉണ്ടായിരുന്നു. പുല്‍ക്കൂട് ഒരുക്കുന്നത് വലിയ ആഘോഷം തന്നെയാണ്. കാരണം ആ പ്രദേശത്തെ വാര്‍ഡ് അനുസരിച്ച് ഓരോ ഗ്രൂപ്പുകളായി തിരിച്ച് പുല്‍ക്കൂട് ഒരുക്കുന്ന മത്സരമുണ്ടാകും. ആട്ടിടയനായും മാലാഖയുമൊക്കെ വേഷം കെട്ടി മത്സരത്തിന് ഊഴം കാത്തിരിക്കും. കൂടാതെ പള്ളിയിലെ ക്രിസ്മസ് ട്രീയില്‍ നിറയെ സമ്മാനങ്ങള്‍ കെട്ടിത്തൂക്കുമായിരുന്നു. അഞ്ചു രൂപ കൊടുത്താല്‍ ആ ട്രീയിലെ ഏതെങ്കിലും ഒരു സമ്മാനം നമുക്ക് സ്വന്തമാക്കാം. ചിലപ്പോള്‍ അത് പേനയാവാം, മിഠായി ആവാം...അങ്ങനെ പല പല സമ്മാനങ്ങളും ഉണ്ടാകും.

പാതിരാ കുര്‍ബാനയ്ക്ക് കുടുംബത്തിനൊപ്പം പള്ളിയില്‍ പോകുന്നതൊക്കെ രസമായിരുന്നു. സ്‌കൂളിലും വേദപഠന ക്ലാസിലും ഓരോരുത്തര്‍ക്കും ക്രിസ്മസ് ഫ്രണ്ട് ഉണ്ടാവും. ആ ഫ്രണ്ടിന് ക്രിസ്മസ് സമ്മാനം നല്‍കുന്നത് ഉള്ളില്‍ സന്തോഷം നിറയ്ക്കുമായിരുന്നു. തീര്‍ച്ചയായും ക്രിസ്മസ് രുചി മറക്കാനാവില്ല. രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന് കള്ളപ്പവും ചിക്കന്‍ കറിയും എന്തായാലും ഉണ്ടാവും...ഇതൊക്കെയാണ് ഞാനെന്നും കാത്തുസൂക്ഷിക്കുന്ന സന്തോഷങ്ങള്‍. 

സിനിമയിലേക്ക് വന്നതിനുശേഷവും ആഘോഷങ്ങള്‍ക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. പണ്ട് എങ്ങനെയായിരുന്നോ അതുപോലെ തന്നെ ആഘോഷിക്കും. പള്ളിയില്‍ പോകാറുണ്ട്. ക്രിസ്മസ് ട്രീയും പുല്‍ക്കൂടും ഒരുക്കും. ഒന്നിനും ഒരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ കുട്ടിക്കാലത്തെപ്പോലെ അത്ര ആവേശവും കൗതുകവും ഇല്ലെന്നുമാത്രം. ചിലപ്പോള്‍ മുതിര്‍ന്നപ്പോള്‍ അതിനോടുള്ള മനോഭാവം മാറുന്നതായിരിക്കാം. എന്നാലും ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ നേര്‍ത്ത കുളിര് ഇരച്ചുകയറുന്നതുപോലെ തോന്നും. 

ഈ പുതുവര്‍ഷത്തില്‍ എന്റെ രണ്ട് മൂന്ന് സിനിമകളും ഒരു വെബ്‌സിരീസും റിലീസാവുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അതാണ്. ജനുവരിയില്‍ സോണി ലിവില്‍ റിലീസാവുന്ന 'ബ്ലൈന്‍ഡ് ഫോള്‍ഡ്' എന്ന വെബ്‌സിരീസ് സംവിധാനം ചെയ്തിരിക്കുന്നത് അന്‍സാറുള്ള ആണ്. 'പുഴു', 'ഉണ്ട' എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഹര്‍ഷാദ്ക്കയാണ് ഇതിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. അര്‍ജുന്‍ രാധാകൃഷ്ണന്‍, ലുക്മാന്‍, സ്വാതിദാസ് എന്നിങ്ങനെ ഒരുപാട് പേര്‍ സീരിസില്‍ അഭിനയിച്ചിട്ടുണ്ട്.

ഫെബ്രുവരിയിലാണ് 'പൊന്മാന്‍' എന്ന സിനിമ റിലീസാവുന്നത്. ആര്‍ട്ട് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ജോതിഷ് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ജി.ആര്‍.ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് 'പൊന്മാന്‍' ഒരുക്കിയിരിക്കുന്നത്. ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മറ്റൊരു ചിത്രം 'ദാവീദ്' ആണ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത് ആന്റണി പെപ്പെ നായകനാകുന്ന ചിത്രം സെഞ്ച്വറി മാക്‌സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. ബോക്‌സിങ് റിലേറ്റഡ് കഥയാണ്. സൈജു കുറുപ്പും വിജയരാഘവന്‍ ചേട്ടനുമൊക്കെ ഇതിലുണ്ട്. പിന്നെ, തമിഴില്‍ 'കാതല്‍ എന്‍ബത് പൊതു ഉടമൈ' എന്ന സിനിമയും റിലീസാവുന്നുണ്ട്. ക്രിസ്മസ് കഴിഞ്ഞ് പുതുവര്‍ഷത്തിലേക്കെത്തുമ്പോള്‍ കാത്തിരിക്കുന്ന സന്തോഷങ്ങളേറെയാണ്.''

Content Highlights: christmas nostalgia by lijomoljose