എമ്പുരാനില്‍ ഖുറേഷി അബ്രഹാമിന് പുറകെപോകുന്ന രഹസ്യാന്വേഷണ ഏജൻസി. എന്താണ് SAS & M16?

ആൻഡ്രിയ ടിവഡാർ, എംപുരാൻ സിനിമയിലെ രംഗം/ Youtube: Aashirvad Cinemas
ആൻഡ്രിയ ടിവഡാർ, എംപുരാൻ സിനിമയിലെ രംഗം/ Youtube: Aashirvad Cinemas

പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ 'ലൂസിഫറി'ന്റെ രണ്ടാംഭാഗം, 'എമ്പുരാനു'ള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച ക്യാരക്ടര്‍ റിവീല്‍ വീഡിയോകള്‍ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയിലാഴ്ത്തി.  
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സംവിധായകന്റെ വൈദഗ്ധ്യത്തെ പ്രശംസിക്കുകയാണ് സിനിമാലോകം. 

ആറാമതായി പുറത്തുവന്ന ആന്‍ഡ്രിയ ടിവ്ഡാറിന്റെ ക്യാരക്ടര്‍ റിവീല്‍ ഞെട്ടിക്കുന്നതായിരുന്നു. റൊമേനിയന്‍ വേരുകളുള്ള ബ്രിട്ടീഷ് നടിയും നിര്‍മാതാവുമാണ് ആന്‍ഡ്രിയ ടിവ്ഡാര്‍. മിഷാല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ 'എമ്പുരാനി'ല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യഭാഗമായ 'ലൂസിഫറി'ലുമുണ്ട് ഈ ബ്രിട്ടീഷ് നടി. 
"ഖുറേഷി അബ്രഹാമിനു പുറകെ പോകുന്ന രഹസ്യാന്വേഷണ ഏജന്‍സിയായ എം.ഐ.6 ന്റെ എസ്.എ.എസ്. ഓപ്പറേറ്റീവായ മിഷാല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തേയാണ് ഞാന്‍ 'എമ്പുരാനി'ല്‍ അവതരിപ്പിക്കുന്നത്" എന്ന് ആന്‍ഡ്രിയ ടിവ്ഡാര്‍ വെളിപ്പെടുത്തുകയുണ്ടായി. എന്താണ് ആന്‍ഡ്രിയ ടിവ്ഡാര്‍ പറഞ്ഞ SAS, MI6 ?

മിലിറ്ററി ഇന്റലിജന്‍സ്, സെക്ഷന്‍ 6 എന്നതാണ് എം.ഐ.6 ന്റെ പൂര്‍ണരൂപം. സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് എന്ന യു.കെയുടെ ഇന്റലിജന്‍സ് ഏജന്‍സി പൊതുവെ അറിയപ്പെടുന്നത് എം.ഐ.6 എന്നാണ്. ലണ്ടനിലാണ് എം.ഐ.6 ന്റെ ആസ്ഥാനം. 1909 ല്‍ രൂപീകരിക്കപ്പെട്ടതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതുമായ ഇന്റലിജന്‍സ് ഏജന്‍സിയാണിത്. 
അമേരിക്കയുടെ CIA (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി), ഇന്ത്യയുടെ R&AW (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) പോലെ ബ്രിട്ടന്റെ രഹസ്യാന്വേഷണ ഏജന്‍സി. രാജ്യത്തിനകത്തും പുറംരാജ്യങ്ങളിലുമുള്ള ഡേറ്റാശേഖരണം, തീവ്രവാദം, ആണവയുദ്ധങ്ങള്‍...തുടങ്ങി രാജ്യത്തെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ തടയുക, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് പോലുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിക്കുക തുടങ്ങിയവയാണ് സീക്രട്ട് ഇന്റലിജന്‍സ് ഏജന്‍സിയുടെ ചുമതല. വിഖ്യാതമായ ജെയിംസ് ബോണ്ട് സിനിമാ പരമ്പരകളിലെ ബ്രിട്ടീഷ് രഹസ്യാന്വേഷകനായ ജെയിംസ് ബോണ്ട് എന്ന നായകകഥാപാത്രവും ഇത്തരത്തില്‍ MI6 ന്റെ ഇന്റലിജന്‍സ് ഓഫീസറായിരുന്നു. 

ബ്രിട്ടീഷ് സേനയുടെ സീക്രട്ടീവ് സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റാണ് SAS അഥവാ സ്‌പെഷ്യല്‍ എയര്‍ സര്‍വീസ്. എത് പരിതസ്ഥിതിയിലും ഊര്‍ജത്തോടെ പ്രവര്‍ത്തിക്കാനും ശത്രുവിന്റെ സ്ഥലത്തുചെന്ന് രഹസ്യദൗത്യങ്ങള്‍ നടത്തുന്നതിലും വിദഗ്ധരാണ് ഈ സേന. 1941 ലാണ് ഈ സേന ആദ്യമായി രൂപീകരിക്കുന്നത്. തീവ്രവാദ പ്രതിരോധം, തടങ്കലിലുള്ള ബന്ദികളെ രക്ഷപ്പെടുത്തല്‍, മറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷനുകള്‍... തുടങ്ങിയവയാണ് SAS ന്റെ പ്രവര്‍ത്തനമേഖലകള്‍.

Content Highlights: character revealing of andrea tivadar in empuran movie