ഹോളിവുഡ് സിനിമയില്‍ പോലും ഉപയോഗിച്ച ബോളിവുഡ് ഗാനം; ‘ഛയ്യ ഛയ്യ’ എന്ന ക്ലാസിക്

ഇന്ത്യയില്‍ പിറന്ന എക്കാലത്തെയും ഹിറ്റ് സോങ്ങാണ് ‘ഛയ്യ ഛയ്യ’ എന്ന് നിസ്സംശയം പറയാം. 1998-ലാണ് മണിരത്‌നം സംവിധാനം ചെയ്ത ‘ദില്‍ സെ’ സിനിമ റിലീസായത്. ഹിന്ദി, തമിഴ്, തെലുഗ്, ഉറുദു, ആസാമി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങി. ഇന്ത്യയില്‍ ഏറ്റവുമധികംപേരുടെ സംസാരഭാഷ ഹിന്ദി ആയതിനാലും ബോളിവുഡിന് വിദേശത്തു കാര്യമായ സ്വീകാര്യത ഉണ്ടെന്നതിനാലും ‘ഛയ്യ ഛയ്യ’ എന്ന ഹിന്ദി വേര്‍ഷന്‍ ഗാനമാണ് ലോകപ്രശസ്തമായത്.
ഗുല്‍സാര്‍ എഴുതിയ വരികള്‍ക്ക് എ.ആര്‍. റഹ്‌മാന്‍ അനശ്വര സംഗീതം പകര്‍ന്നു. ഗാനരംഗത്തിനുമുണ്ട് പ്രത്യേകത. കിങ് ഖാന്റെ പവര്‍പാക്ക് പെര്‍ഫോമന്‍സ്. ഒപ്പം മലൈക അറോറയുടെ എനര്‍ജെറ്റിക് ചുവടുകള്‍. സഞ്ചരിക്കുന്ന ട്രെയിനിന് മുകളില്‍ വെച്ച് പരിമിതമായ സുരക്ഷാചട്ടങ്ങള്‍ക്കുള്ളില്‍ നിന്നായിരുന്നു ഷൂട്ടിങ്. ക്യാമറ ട്രിക്കുകള്‍ ഒന്നും തന്നെയില്ല. ഊട്ടിയിലെ കല്‍ക്കരി ട്രെയിനിന് മുകളില്‍ കയറാനുള്ള ധൈര്യം കിട്ടാന്‍ തന്നെ ഏറെ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നെന്ന് മലൈക പറഞ്ഞിട്ടുണ്ട്. ഫറാ ഖാനാണ് ഗാനം കൊറിയോഗ്രാഫി ചെയ്തത്. നാലര ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഒരു പഞ്ചാബി ഭക്തിഗാനത്തിനുള്ള അന്വേഷണത്തിലായിരുന്നു എ.ആര്‍. റഹ്‌മാന്‍. ഗായകന്‍ സുഖ്വിന്ദർ സിങ്ങാണ് റഹ്‌മാന് ബാബ ബുള്ളെ ഷാ ചിട്ടപ്പെടുത്തിയ സൂഫി ഗാനങ്ങള്‍ പരിചയപ്പെടുത്തിയത്. അതില്‍ ‘തയ്യ തയ്യ’ എന്നൊരു ഗാനം ഉള്‍പ്പെട്ടിരുന്നു. അതിന്റെ താളം റഹ്‌മാനെ ആകര്‍ഷിച്ചു. ആ പ്രചോദനമുള്‍ക്കൊണ്ട് അദ്ദേഹം ‘ഛയ്യ ഛയ്യ’യുടെ മ്യൂസിക് ചിട്ടപ്പെടുത്തി.
‘വന്ദേമാതരം’ എന്ന ആല്‍ബത്തില്‍ ഗാനം ഉള്‍പ്പെടുത്താനായിരുന്നു റഹ്‌മാന്റെ പ്ലാന്‍. എന്നാല്‍ ആല്‍ബത്തിന് ചേരുന്ന സ്വഭാവമല്ല ഗാനത്തിന് എന്നു തോന്നി അദ്ദേഹം മാറ്റി വെക്കുകയായിരുന്നു. അപ്പോഴാണ് ‘ദില്‍ സെ’ എന്ന പ്രൊജക്ടുമായി മണിരത്‌നം അദേഹത്തെ സമീപിക്കുന്നത്. റഹ്‌മാന്‍ ‘ഛയ്യ ഛയ്യ’ കേള്‍പ്പിച്ചതും അത് മതിയെന്നായി മണിരത്‌നം. സിനിമയുടെ കഥ കേട്ട ശേഷം ചില്ലറ മാറ്റങ്ങള്‍ കൂടി റഹ്‌മാന്‍ വരുത്തി. ഗുല്‍സാര്‍ വരികളും മാറ്റിയെഴുതി സിനിമയ്ക്ക് കൂടുതല്‍ അനുയോജ്യമാക്കിയെടുത്തു.
ശാശ്വതമായ ജനപ്രീതിയാണ് ‘ഛയ്യ ഛയ്യ’യെ കാത്തിരുന്നത്. റഹ്‌മാന്റെ ‘ഛയ്യ ഛയ്യ’യെ ഭാഷയറിയാത്ത അന്യരാജ്യക്കാര്‍ പോലും നെഞ്ചേറ്റി. 2006-ല്‍ സ്‌പൈക്ക് ലീ സംവിധാനം ചെയ്ത ‘ഇന്‍വിസിബിള്‍ മാന്‍’ എന്ന ഹോളിവുഡ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ഈ ഗാനത്തോടെയാണ്. ഫിലിം പ്രൊഫെസറായിരുന്ന കാലത്ത് ഒരു വിദ്യാര്‍ത്ഥിയാണ് സ്‌പൈക്ക് ലീയെ ‘ദില്‍ സേ’യിലെ സംഗീതം കേള്‍പ്പിക്കുന്നത്. അന്നുമുതല്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പാട്ട് അലയടിക്കുകയായിരുന്നു.
ഇന്നും സോഷ്യല്‍മീഡിയ റീലുകളില്‍ ‘ഛയ്യ ഛയ്യ’ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ബോളിവുഡ് മ്യൂസിക്കിന്റെ പര്യായമായിപ്പോലും ഈ ഗാനം അറിയപ്പെടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the iconic Bollywood song `Chaiyya Chaiyya` from Dil Se, its legendary shooting, AR Rahman`s inspiration, and its Hollywood debut. A timeless classic!