ഈ ട്രാന്‍സ്ഫര്‍മേഷനോളം വരില്ല ഒന്നും, 27 കിലോ കൂട്ടി 33 കിലോ കുറച്ച ഭൂമി പട്‌നേകര്‍

ഭൂമി പെട്‌നേകര്‍ | Google, AFP
ഭൂമി പെട്‌നേകര്‍ | Google, AFP

തടിയുള്ള നായികമാരെ ബോളിവുഡില്‍ അധികം കാണാറില്ല. വണ്ണക്കൂടുതലുള്ള നായികമാരെ അവതരിപ്പിക്കാന്‍ പൊതുവെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെല്ലാം മടിയാണ്. എന്നാല്‍ 2015-ലിറങ്ങിയ, ശരത് കതാരിയ സംവിധാനം ചെയ്ത 'ദം ലഗാ കേ ഹൈശ' എന്ന ചിത്രം അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അമിതഭാരമുള്ള നവവധുവിന്റെ കഥ പറയുന്ന ചിത്രമായിരുന്നു അത്. ഭൂമി പട്‌നേകറാണ് നായികയായെത്തിയത്.  

അമിതഭാരമുള്ള സ്ത്രീയുടെ വേഷത്തിലൂടെ ബോളിവുഡിലെ അരങ്ങേറ്റമായിരുന്നു ഭൂമിക്കത്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഭൂമി യഷ്‌രാജ് സിനിമകളുടെ കാസ്റ്റിങ് ഡയറക്ടറായി ആറുവര്‍ഷത്തോളം ജോലിചെയ്തശേഷമാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. അരങ്ങേറ്റത്തിന് വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തേണ്ടിവന്നു. ശരീരഭാരം 27 കിലോകൂട്ടി 92-ലെത്തിച്ചു. കഥാപാത്രം ഗംഭീരമായി. ആയുഖ്മാന്‍ ഖുറാനയുടെ ഭാര്യയാണ് ഭൂമിയുടെ കഥാപാത്രം.

സിനിമയ്ക്ക് വളരെയധികം അഭിനന്ദനങ്ങള്‍ ലഭിച്ചു. മികച്ച പുതുമുഖതാരത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്‌ക്രീന്‍ അവാര്‍ഡും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡും ഭൂമി സ്വന്തമാക്കി. പ്രേക്ഷകര്‍ കണ്ട വണ്ണമുള്ള ഭൂമി യഥാർത്തില്‍ സിനിമയിലെ കഥാപാത്രം മാത്രമായിരുന്നു. 

സിനിമ വിജയകരമായി പൂര്‍ത്തിയാക്കിയശേഷം താരം ഫിറ്റ്‌നെസിലേക്കുള്ള തിരിച്ചുള്ള യാത്ര ആരംഭിച്ചു. കഠിനമായ പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെ, പട്ടിണി കിടക്കാതെ സ്വാഭാവികമായിട്ടാണ് ഭാരത്തെ അവര്‍ വരുതിയിലാക്കിയത്. 89 കിലോയില്‍ നിന്ന് 33 കിലോഗ്രാം കുറച്ച് 56-ലേക്കെത്തി. നാലുമാസം കൊണ്ടായിരുന്നു ഇത്. 2017-ലെ തന്റെ അടുത്ത സിനിമയ്ക്കുമുമ്പേ അവര്‍ ശരീരം ഫിറ്റാക്കിയിരുന്നു. ഭൂമിയുടെ ഈ മാറ്റം പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. പിന്നാലെ, ഭൂമിയോട്‌ ടിപ്‌സ് ചോദിച്ച് പലരും രംഗത്തെത്തി.

ഭക്ഷണപ്രിയയായ ഭൂമി ഇഷ്ടപ്പെട്ട ഒന്നിനോടും പൂര്‍ണമായും നോ പറഞ്ഞില്ല. ദീര്‍ഘനേരം പട്ടിണി കിടക്കാനും അവര്‍ തയ്യാറായിരുന്നില്ല. പകരം ആരോഗ്യകരമായ, വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചു. ഒരിക്കലും പ്രഭാതഭക്ഷണം മുടക്കിയിട്ടില്ല. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാണ് ദിവസം തുടങ്ങുന്നത്. ഉച്ചയ്ക്ക് പഴങ്ങളും ധാന്യങ്ങളും ഡ്രൈഫ്രൂട്‌സുമടങ്ങുന്ന ഭക്ഷണം. 8.30-നുമുമ്പ് രാത്രിഭക്ഷണം കഴിക്കും. അതില്‍ കോഴിയിറച്ചിയും ഗ്രില്‍ഡ് മത്സ്യവും പനീറുമെല്ലാം ഉള്‍പ്പെടുത്തും. 

ഓട്ടവും മെഷീന്‍ വര്‍ക്കൗട്ടും നീന്തലും ഡാന്‍സുമെല്ലാമായി മിതമായ വ്യായാമങ്ങളും ചെയ്തു. പഞ്ചസാരയോട് പൂര്‍ണമായും നോ പറഞ്ഞിരുന്നു. ഇത് എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിച്ചു. രാത്രിയില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയും ചെയ്തു. ദിവസവും ആറോ ഏഴോ ലിറ്റര്‍ വെള്ളം താരം കുടിക്കുമായിരുന്നത്രേ, അതിനായി പലതരം പാനീയങ്ങള്‍ പരീക്ഷിച്ചു. ഭാരം കുറച്ചശേഷവും ഈ ശീലങ്ങളെല്ലാം തുടര്‍ന്നു. 

ഭാവിയില്‍ ഒരിക്കലും ഒരു പ്രോജക്ടിനുവേണ്ടിയും വലിയ തോതില്‍ ഭാരം കൂട്ടാന്‍ ശ്രമിക്കില്ലെന്ന് ഭൂമി തുറന്നുപറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര നിയമസഭയില്‍ മന്ത്രിയായ സതീഷ് പട്‌നേകറിന്റെയും ആക്ടിവിസ്റ്റായ സുമിത്രയുടെയും മകളാണ് ഭൂമി. കാലാവസ്ഥാവ്യതിയാനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകൂടിയാണവര്‍.

Content Highlights: bhumi pednekars impressive weight loss and body transformation