120 കോടി ബജറ്റിൽ ബാഹുബലിയുടെ ആനിമേഷൻ ചിത്രം; ബാഹുബലി: ദി എറ്റേണൽ വാർ – പാർട്ട് 1' ടീസർ പുറത്ത്

ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും സംയോജിപ്പിച്ച ബാഹുബലി ദി എപ്പിക് എന്ന ചിത്രം ഇന്ന് മുതൽ പ്രദർശനത്തിനെത്തിക്കഴിഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങളില്‍, മറ്റൊരു സർപ്രെെസ് ഒരുക്കി കാണികളെ ഞെട്ടിച്ചിരിക്കുകയാണ് രാജമൗലിയും ടീമും. ചിത്രത്തിന്റെ എൻഡ് ക്രെഡിറ്റിൽ അപ്രതീക്ഷിതമായൊരു 3D ആനിമേറ്റഡ് ചിത്രത്തിന്റെ ടീസർ വെളിപ്പെടുത്തിയായിരുന്നു അത്. 'ബാഹുബലി: ദി എറ്റേണൽ വാർ – പാർട്ട് 1' എന്ന് പേരിട്ടിരിക്കുന്ന ആനിമേഷൻ ചിത്രത്തിന്റെ ടീസറായിരുന്നു അത്. എന്നാൽ പരിചിതമായ മുഖങ്ങളേക്കാൾ, സിനിമയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്.
ആരാധകരിൽ ചിലർ ട്രെയിലറിന്റെ ആദ്യ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയുണ്ടായി. ‘എസ്എസ് രാജമൗലി ഒരു വലിയ സർപ്രൈസ് നൽകിയിരിക്കുന്നു.'ബാഹുബലി: ദി എറ്റേണൽ വാർ' എന്ന് പേരിട്ടിരിക്കുന്ന 120 കോടി രൂപയുടെ 3D ആനിമേറ്റഡ് ബാഹുബലി ചിത്രം!” എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്. പ്രശസ്ത ആനിമേഷൻ സീരീസായ 'ആർക്കേൻ: ലീഗ് ഓഫ് ലെജൻഡ്‌സ്' ഒരുക്കിയ അതേ ടീം തന്നെയാണ് ഈ ചിത്രത്തിനും പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ആനിമേഷൻ അവതരണം ലോകോത്തര നിലവാരത്തിമുള്ളതാണെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ‘ഇത് തികച്ചും അവിശ്വസനീയമായി തോന്നുന്നു! ഇതാണ് ഇന്ത്യക്ക് വേണ്ട ആനിമേഷൻ നിലവാരം, പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് എസ്.എസ്. രാജമൗലിക്ക് കൃത്യമായി അറിയാം’ , ‘ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച ആനിമേറ്റഡ് വർക്ക് ആണിത്’, എന്നിങ്ങനെ നീളുന്നു ട്വീറ്റുകൾ.
ഈ ആഴ്ച ആദ്യവാരം പുറത്തിറങ്ങിയ 'ബാഹുബലി: ദി എപ്പിക്'-ന്റെ പ്രൊമോ വീഡിയോയിൽ എസ്എസ് രാജമൗലി രണ്ട് ഭാഗങ്ങളുള്ള ഈ ആനിമേറ്റഡ് പ്രോജക്റ്റിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഏകദേശം 120 കോടി രൂപയാണ് ഇതിന്റെ ബജറ്റെന്നും അദ്ദേഹം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം, നിർമ്മാതാവ് ശോഭു യർലഗദ്ദ ഈ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തന്റെ ട്വിറ്റർ പേജിൽ അദ്ദേഹം കുറിച്ചു, "ബാഹുബലിയെ അടിസ്ഥാനമാക്കിയുള്ള ഈ പ്രോജക്റ്റിൽ ആനിമേഷൻ ഫിലിം മേക്കർ ഇഷാൻ ശുക്ലയുമായി ഞങ്ങൾ ഏകദേശം രണ്ട് വർഷമായി പ്രവർത്തിച്ചുവരികയാണ്. ഇന്ത്യയിൽ നിന്ന് ഇത്തരത്തിലുള്ള ആദ്യത്തെ ആനിമേഷൻ ചിത്രം സംഭാവന ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം."
ഈ പ്രോജക്റ്റ് സംവിധാനം ചെയ്തിരിക്കുന്നത് ഇഷാൻ ശുക്ലയാണ്. ചിത്രത്തിന്‍റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Surprise 3D animated Bahubali film `The Eternal War` revealed, Featuring familiar characters and world-class animation from Arcane`s team.