മന്നത്ത് ഷാരൂഖ് ഖാൻ വാങ്ങും മുമ്പ് താനവിടെയെത്തിയിരുന്നെന്ന് അനിൽ കപൂർ, പഴയ ഓർമകൾ പങ്കുവെച്ച് താരം

'ഇന്ത്യ കേ ടോപ്പ് 1%' എന്ന റിയാലിറ്റി ഷോയിൽ അവതാരകനാണ് നടൻ അനിൽ കപൂർ. ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ, ഷാരൂഖ് ഖാന്റെ വീടായ മന്നത്തുമായി ബന്ധപ്പെട്ട തന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ഷോയിൽ വിജയിയായാൽ കിട്ടുന്ന 1 കോടി രൂപ കൊണ്ട് എന്തുചെയ്യുമെന്ന് മത്സരാർത്ഥികൾ ചർച്ച ചെയ്തപ്പോഴായിരുന്നു ഇത്. ഷാരൂഖിന്റെ മന്നത്തിന് സമാനമായ ഒരു വീട് വാങ്ങാനാണ് ആഗ്രഹമെന്ന് മത്സരാർത്ഥികളിൽ ഒരാൾ പറഞ്ഞു. ഇതിൽ ഷാരൂഖിനെ പ്രശംസിച്ച അനിൽ കപൂർ, താരം ബോളിഡിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപുള്ള അവരുടെ ആദ്യ കൂടിക്കാഴ്ച ഓർത്തു. "ഷാരൂഖ് സാബും ഞാനും വർഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കളാണ്. എന്റെ 'ബെനാം ബാദ്ഷാ'യുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹമെന്നെ കാണാൻ വന്നത്. അന്ന് ആ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അദ്ദേഹം വളരെ വലിയൊരു താരമാകുമെന്ന് എനിക്ക് തോന്നി. അവിടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങിയത്. കാലക്രമേണ ഞങ്ങളുടെ സൗഹൃദം വളർന്നു"- അനിൽ പറഞ്ഞു. 'ബെനാം ബാദ്ഷാ' റിലീസ് ചെയ്തത് 1991-ലാണ്. അടുത്ത വർഷം 'ദിവാന'യിലൂടെയാണ് ഷാരൂഖ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഷാരൂഖിന്റെ പ്രശസ്തമായ ബംഗ്ലാവായ മന്നത്തിനെക്കുറിച്ചായി പിന്നെ സംസാരം. “എന്റെ കൺമുന്നിലാണ് അദ്ദേഹം മന്നത്ത് വാങ്ങുന്നത്. അത് അദ്ദേഹത്തിന്റെ വീടായി മാറുന്നതിന് മുൻപ് ഞാൻ ആ വസ്തുവിൽ 'തേസാബ്' എന്ന സിനിമ ചിത്രീകരിച്ചിട്ടുണ്ട്."

ബാന്ദ്ര ബാൻഡ്‌സ്റ്റാൻഡിലെ ഒരു പൈതൃക സ്വത്താണ് മന്നത്ത്. 2000-ത്തിലാണ് ഷാരൂഖ് ഇത് വാങ്ങിയത്, അന്നുമുതൽ ഇത് നടന്റെ കുടുംബവീടാണ്. കഴിഞ്ഞ വർഷം നവീകരണ പ്രവർത്തനങ്ങൾ നടന്നതിനാൽ ഖാൻ കുടുംബം താൽക്കാലികമായി ബംഗ്ലാവിൽ നിന്ന് മാറിത്താമസിച്ചിരുന്നു. മന്നത്ത് സ്വന്തമാക്കുന്നതിന് മുൻപ്, 1991-ൽ മുംബൈയിലേക്ക് മാറിയപ്പോൾ ഷാരൂഖ് ആദ്യം സുഹൃത്തുക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്, പിന്നീട് കാർട്ടർ റോഡിൽ ഒരു ഫ്ലാറ്റ് വാങ്ങി. “ഞങ്ങൾ കാർട്ടർ റോഡിൽ വെച്ച് കാണാറുണ്ടായിരുന്നു, അവിടെ അദ്ദേഹത്തിന് ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു. കടലിനോട് അഭിമുഖമായുള്ള വലിയൊരു ബംഗ്ലാവ് സ്വന്തമാക്കാൻ അദ്ദേഹം സ്വപ്നം കണ്ടിരുന്നു, അതദ്ദേഹം സാക്ഷാത്കരിച്ചു"- അനിൽ കപൂർ അനുസ്മരിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anil Kapoor shot his film Tezaab at Mannat before Shah Rukh Khan bought the iconic bungalow., Anil recalled meeting SRK for the first time during the shooting of Benaam Badshah in 1991.