സ്‌കൂള്‍ കാലത്ത് സാറയെ പേടിയായിരുന്നു, എന്നെപ്പറ്റി എന്തെങ്കിലും പറയുമെന്ന് ഭയന്നു- അനന്യ പാണ്ഡേ

ബോളിവുഡിലെ മുന്‍നിര യുവതാരങ്ങളാണ് സാറാ അലിഖാനും അനന്യ പാണ്ഡേയും. ഒരേ സ്‌കൂളില്‍ പഠിച്ച ഇരുവരും ഇപ്പോള്‍ നല്ല സുഹൃത്തുക്കളുമാണ്. സാറ തന്നേക്കാള്‍ മൂന്നുവര്‍ഷം സീനിയറായിരുന്നെന്നും സ്‌കൂള്‍കാലത്ത് അവളെ തനിക്ക് പേടിയായിരുന്നെന്നും തുറന്നുപറയുകയാണ് അനന്യ. വെട്ടിത്തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു സാറ. ഇപ്പോഴും അങ്ങനെയാണെങ്കിലും സ്‌കൂള്‍ കാലത്ത് അത് കൂടുതലായിരുന്നു. അവളുടെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കുമായിരുന്നെന്നും അനന്യ പറഞ്ഞു.
ആരെയും വിമര്‍ശിക്കാന്‍ ഭയമില്ലാത്ത സാറയുടെ സ്‌ട്രെയ്റ്റ് ഫോര്‍വേഡ് വ്യക്തിത്വമാണ് തന്നെ ഭയപ്പെടുത്തിയതെന്നാണ് അനന്യയുടെ വിശദീകരണം. അവള്‍ ഒരു സ്റ്റെയര്‍കേസിലൂടെ ഇറങ്ങിവരികയാണെങ്കില്‍ കണ്ണില്‍പെടാതിരിക്കാന്‍ താന്‍ മറ്റേ സ്റ്റെയര്‍കേസ് തിരഞ്ഞെടുക്കുമായിരുന്നു. സാറ എന്തും പറയും. അവള്‍ തന്നെപ്പറ്റി എന്തെങ്കിലും പറയുമെന്ന പേടിയായിരുന്നുവെന്നും അനന്യ ഓര്‍ക്കുന്നു.
സാറ റാഗ് ചെയ്തിട്ടുണ്ടോയെന്ന് ചോദിച്ചപ്പോള്‍, റാഗ്ഗിങ് ഇല്ലായിരുന്നെന്ന് അനന്യ പറഞ്ഞു. ''അവള്‍ക്ക് എന്റെ പേരുപോലും അറിയില്ലായിരുന്നു, അറിയേണ്ടതുമില്ലായിരുന്നു. രണ്ടുപേരും ഒന്നിച്ച് ഒരു നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. സാറയ്ക്ക് പേര് അറിയാത്തതിനാല്‍ 'ഏയ് ഗേള്‍' എന്നാണ് വിളിച്ചിരുന്നത്. സാറയായിരുന്നു മെയിന്‍ റോള്‍, ഞാന്‍ പുറകില്‍ നിന്ന് കുടയോ മറ്റോ പിടിച്ചിരിക്കുകയാണ്. ഏയ് ഗേള്‍, ഇവിടെ വരൂ എന്നാണ് സാറ പറഞ്ഞിരുന്നത്, ഇപ്പോള്‍ ഞാന്‍ ഇതിനെപ്പറ്റി പറയുമ്പോള്‍ എന്ത് അസംബന്ധമാണ് പറയുന്നത്, ഞാന്‍ നിന്നെ നന്നായിട്ടാണ് നോക്കിയത് എന്നാണ് സാറ പറയുന്നത്.''- അനന്യ പറഞ്ഞു.
തുടക്കത്തില്‍ അടുപ്പമുണ്ടായിരുന്നില്ലെങ്കിലും അടുത്ത വര്‍ഷങ്ങളിലായി ഇരുവരും നല്ല സുഹൃത്തുക്കളാണ്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. അതേസമയം, തങ്ങള്‍ക്കിടയില്‍ പുതിയ സൗഹൃദത്തിന് തുടക്കമിട്ടത് സാറയാണെന്നും താന്‍ സിനിമയില്‍ വരുന്നതിന് ഒരുവര്‍ഷം മുമ്പാണ് സാറ അരങ്ങേറ്റം കുറിച്ചതെന്നും അനന്യ പറയുന്നു.
നടന്‍ ചങ്കി പാണ്ഡേയുടെ മകളായ അനന്യ പാണ്ഡേ 2019-ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അക്കൊല്ലത്തെ മികച്ച പുതുമുഖതാരത്തിനുള്ള പുരസ്‌കാരം അവര്‍ക്ക് ലഭിച്ചു. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറ അലി ഖാന്‍ 2018-ല്‍ 'കേദാര്‍നാഥ്' സിനിമയിലൂടെയാണ് രംഗപ്രവേശം നടത്തുന്നത്.
Content Highlights: ananya panday says she was terrified of sara ali khan in school