25ലക്ഷം മുതൽ 5കോടി വരെ ബിഗ് ബിയുടെ പ്രതിഫലം;പകരം ഷാരൂഖ് എത്തിയപ്പോൾ റേറ്റിങ് കുറഞ്ഞു

അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് 'കോൻ ബനേഗാ ക്രോർപതി'യിലേക്ക് അമിതാഭ് ബച്ചൻ മടങ്ങിയെത്തി. ഷോയുടെ പുതിയ പ്രൊമോയിൽ ബിഗ് ബി ഇക്കാര്യം സ്ഥിരീകരിക്കുന്നുമുണ്ട്. ബച്ചൻ പരിപാടിയുടെ അവതാരകസ്ഥാനത്തുനിന്ന് പിൻമാറുകയാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, പുതിയ പ്രൊമോ പുറത്തുവിട്ടതോടെ, ആ ചർച്ചകൾക്കെല്ലാം അവസാനമായി.
15-ാം സീസൺ അവസാനിക്കുമ്പോഴും ബച്ചൻ പരിപാടി നിർത്തുകയാണെന്ന് പറയപ്പെട്ടിരുന്നു. അവസാന എപ്പിസോഡിൽ ബിഗ് ബിയുടെ കണ്ണുനിറഞ്ഞു. ''ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് പറയുന്നത് വളരയെധികം വിഷമത്തോടെയാണ്. ഞാൻ അമിതാഭ് ബച്ചൻ, ഈ വേദിയിൽനിന്ന് അവസാനമായി പറയുന്നു, ശുഭരാത്രി'' എന്നുപറഞ്ഞാണ് അദ്ദേഹം മടങ്ങിപ്പോയത്. മറ്റ് സീസണുകൾ ബിഗ് ബി ഇങ്ങനെയായിരുന്നില്ല അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അവസാന സീസൺ ആണെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽമീഡിയയിലും സജീവമായി. സത്യത്തിൽ അദ്ദേഹം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നുവത്രെ. പക്ഷേ, അടുത്ത സീസണിലേക്ക് പകരക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് അദ്ദേഹം തിരിച്ചുവന്നത്.
2000-ൽ കെ.ബി.സി തുടങ്ങിയപ്പോൾ മുതൽ അമിതാഭ് ബച്ചനാണ് അതിന്റെ അവതാരകൻ. ഒരുതവണ മാത്രമാണ് അദ്ദേഹം മാറിനിന്നത്. നീണ്ടകാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ, ''23 വർഷം മുമ്പ്, സിനിമയൊന്നും ഇല്ലാതെ വിഷമിച്ചിരിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് കോൻ ബനേഗാ ക്രോർപതിയിലേക്ക് അവതാരകനായി വിളിക്കുന്നതും ഞാൻ യെസ് പറയുന്നതും. അന്ന് പലരുമെന്നോട് പറഞ്ഞു, താങ്കൾ ബിഗ് സ്‌ക്രീനിൽനിന്ന് മിനിസ്‌ക്രീനിലേക്കാണ് പോകുന്നത്, അത് താങ്കളുടെ ഇമേജിനെ വളരെ മോശമായി ബാധിക്കും''.
ഏറ്റവും കൂടുതൽ നീണ്ടുനിന്ന സീസണും ആദ്യത്തേത് തന്നെ. 315 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഒരു സീസണിൽ അസുഖം കാരണം ബിഗ് ബി മാറി നിന്നു. പകരം ഷാരൂഖ് ഖാനെത്തി. കെ.ബി.സിയുടെ ചരിത്രത്തിൽ ഏറ്റവും കുറവ് റേറ്റിങ് കിട്ടിയതും ആ സീസണിന് തന്നെ. മാസങ്ങൾക്കുള്ളിൽ പരിപാടി അവസാനിപ്പിക്കേണ്ടി വന്നു. പിന്നീടൊരിക്കലും ബച്ചൻ 'കെ.ബി.സി.'യിൽനിന്ന് വിട്ടുനിന്നിട്ടില്ല.
ആദ്യത്തെ രണ്ടു സീസണിലും ഓരോ എപ്പിസോഡിനും 25 ലക്ഷം വീതമായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. നാലാമത്തെ സീസണിൽ അത് നേരെ ഇരട്ടിയായി, പ്രതിഫലം 50 ലക്ഷത്തിലെത്തി. ഏഴാമത്തെ എപ്പിസോഡിൽ അത് രണ്ടുകോടിയും, പത്താം എപ്പിസോഡിൽ മൂന്നുകോടിയുമായി. ഇപ്പോൾ അഞ്ചുകോടിയാണത്രേ ഓരോ എപ്പിസോഡിനും അദ്ദേഹത്തിന്റെ പ്രതിഫലം. ഇന്ത്യയിലെ തന്നെ ഏറ്റവും വിജയകരമായ ക്വിസ് ഷോ ആയാണ് കെ.ബി.സി കണക്കാക്കപ്പെടുന്നത്.
Content Highlights: amitabh bachchan has confirmed his return to kaun banega crorepati