യുവനടിമാരെ വിമർശിച്ച് അമീഷ പട്ടേൽ, 'നമ്പർ 1' ടാഗ് വാങ്ങാൻ പണമിറക്കുന്നു

അമീഷ പട്ടേൽ / AFP
അമീഷ പട്ടേൽ / AFP

ബോളിവുഡിലെ യുവനടിമാരെയും ഇൻഡസ്ട്രിയിലെ വളരുന്ന പിആർ സംസ്കാരത്തെയും വിമർശിച്ച് നടി അമീഷ പട്ടേൽ. ബോക്സ് ഓഫീസ് വിജയം ഇല്ലാതെ തന്നെ 'നമ്പർ 1' ടാഗ് നേടാനും 'super star' പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനും യുവതാരങ്ങൾ പണം മുടക്കുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളിൽ അവർ വിമർശിച്ചു.

താരമൂല്യം, ബോക്സ് ഓഫീസ് വിജയം, ബോളിവുഡിന്റെ 'ഫേക്ക് പിആർ മെഷിനറി' എന്നിവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അവർ പങ്കുവെച്ചു.

"എപ്പോഴും നെഗറ്റിവിറ്റിയും വിമർശനവുമായി ഉണരുന്ന ചില നെഗറ്റീവ് യൂട്യൂബർമാരെക്കുറിച്ച് ഒരിക്കലും വിഷമം തോന്നരുത്. ഇതെല്ലാം നമ്മെ ബാധിക്കുകയല്ല, മറിച്ച് താരങ്ങളെന്ന നിലയിൽ നമ്മൾ അവരെക്കുറിച്ച് സന്തോഷിക്കുകയാണ് വേണ്ടത്. നമ്മളെക്കുറിച്ച് മോശം പറഞ്ഞ് അവരുടെ അടുപ്പ് കത്തുന്നുണ്ട്. അവർക്ക് ആശംസകൾ നേരുന്നു."- എന്നു പറഞ്ഞുകൊണ്ടാണ് അവർ തുടങ്ങിയത്. 

"ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിക്കുന്ന ഒന്നും ചെയ്തില്ലെങ്കിൽ സ്വയം സൂപ്പർ സ്റ്റാറെന്ന് വിളിക്കരുത്. ക്ഷമിക്കണം, ഇതാണ് യാഥാർത്ഥ്യം. കരിയറിൽ ഒരു സിംഗിൾ ബ്ലോക്ക് ബസ്റ്റർ പോലും നേടിയിട്ടില്ലാത്ത പല നടിമാരും വർഷത്തിൽ ശരാശരി രണ്ട് സിനിമകൾ ചെയ്തും ചില ഷൂട്ടിങ്ങുകളിൽ പങ്കെടുത്തും സ്വയം സ്റ്റാർ എന്ന് വിളിക്കുന്നു. നിങ്ങൾ ഒരു പ്രോജക്റ്റിന്റെ ഭാഗമായ അഭിനേതാവ് മാത്രമാണ്" അമീഷ കുറിച്ചു.

"ഒരു താരം ലോകമെമ്പാടും വലിയ ഹിറ്റ് നൽകുമ്പോൾ മാത്രമാണ് ആഗോള സൂപ്പർ സ്റ്റാറാകുന്നത്. ലോകത്ത് എവിടെയും ഏത് പ്രോജക്റ്റിലും ഭാഗമാകുന്നത് ഏത് നടനും നല്ല അനുഭവമാണ്. എന്നാൽ വലിയ ഹിറ്റുകൾ നൽകിയാൽ മാത്രമേ നിങ്ങൾ സൂപ്പർ സ്റ്റാർ ആകൂ. പിആർ മെഷിനറി നിർത്തുക," അമീഷ പറഞ്ഞു.

തന്റെ ഹിറ്റ് ചിത്രങ്ങളായ 'കഹോ നാ... പ്യാർ ഹൈ', 'ഗദർ' എന്നിവയെക്കുറിച്ചും അവർ സൂചിപ്പിച്ചു. "കഹോ നാ പ്യാർ ഹൈ, ഗദർ 1, ഗദർ 2... ഒരു നായിക എന്ന നിലയിൽ ഏറ്റവും വലിയ മൂന്ന് ബ്ലോക്ക്ബസ്റ്ററുകൾ (ഒന്നല്ല, മൂന്ന് സിംഗിൾ ബ്ലോക്ക്ബസ്റ്ററുകൾ) ഞാൻ നൽകി. പക്ഷേ എന്റെ ഫേക്ക് പിആർ മെഷിനറി മറ്റ് നടിമാരെക്കാളും വീക്കാണ്."

ഗദർ 3 തീർച്ചയായും വരുമെന്നും എപ്പോഴാണോ വരുന്നത് അപ്പോൾ തിയേറ്ററുകളിൽ ആഘോഷമാകുമെന്നും അമീഷ പറഞ്ഞു. 2022-ൽ പുറത്തിറങ്ങിയ 'ഗദർ 2' ആണ് അമീഷയുടെ ഒടുവിലിറങ്ങിയ ചിത്രം. 'ഹുംറാസ് 2' എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. 2002-ൽ പുറത്തിറങ്ങിയ 'ഹുംറാസ്' എന്ന ത്രില്ലർ ചിത്രത്തിന്റെ തുടർച്ചയായാണ് ഇത് വരുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ameesha Patel criticized younger actresses for using PR to claim 'superstar' status., She argued that true stardom requires major box office success, citing her own hits like Gadar., Ameesha confirmed that Gadar 3 is in development and expects it to exceed 500 cr., She addressed the influence of negative YouTubers on the film industry., Updates regarding a potential Humraaz 2 sequel were discussed.