അമരം എത്തുന്നു; 34 വർഷങ്ങൾക്കുശേഷം റീ- റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം

അമരം
അമരം

ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് അമരം. മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രമായ അമരത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങി 34 വർഷത്തിനു ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

4K ദൃശ്യവിരുന്നുമായി 'അമരം' നവംബർ 7ന് തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകരുടെ അറിയിപ്പ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു 'അമരം'. മമ്മൂട്ടിയ് ക്കൊപ്പം അശോകൻ, മാതു, മുരളി, കെ.പി.എസ്.സി ലളിത, മുരളി എന്നിവരും ശ്രദ്ധേയമായ വേഷങ്ങളാണ് കെെകാര്യം ചെയ്തിരിക്കുന്നത്. തുറയിലെ അരയരുടെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രം പ്രണയത്തിന്റേയും മനുഷ്യബന്ധങ്ങളുടെയും നേര്‍ക്കാഴ്ചയായിരുന്നു. 

മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രം, ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര ചിത്രമായിരുന്നു. 1991 ഫെബ്രുവരി ഒന്നിനായിരുന്നു അമരത്തിന്റെ റിലീസ്. 200 ദിവസത്തോളമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്തിയത്. മദ്രാസിലെ തിയേറ്ററുകളിലും 50 ദിവസത്തോളം അമരം നിറഞ്ഞു നിന്നു. ചിത്രത്തിന്റെ കലാസംവിധാനം സാബുസിറിലും ഛായാഗ്രഹണം മധു അമ്പാട്ടുമായിരുന്നു. ചിത്രത്തിന്റെ നിർമാതാവ് ബാബു തിരുവല്ലയാണ്.

വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. 4K ഡോൾബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബർ സിസ്റ്റംസ് ഓസ്ട്രേലിയ അവരുടെ സോഷ്യൽമീഡിയ പേജിലൂടെ റിലീസ് വിവരം രണ്ട് ദിവസം മുമ്പ് പുറത്തുവിട്ടിരുന്നു.

ചിത്രത്തിലെ ഭാര്‍ഗവിയായുള്ള പെര്‍ഫോമന്‍സിലൂടെ കെപിഎസി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരവും മുരളിയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

രവീന്ദ്രമാഷിന്റെ സംഗീതവും ജോൺസണ്‍ മാഷിന്റെ ഈണവും കെെതപ്രത്തിന്റെ വരികളും‌ സിനിമയെ എക്കാലത്തെയും ഓർമപ്പെടുത്തലാക്കി മാറ്റി. ചിത്രത്തിലെ ‘അഴകേ നിന്മിഴി’…. , വികാര നൗകയുമായി... തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളികളുടെ എവർഗ്രീൻ പ്ലേ ലിസ്റ്റിലുണ്ട്. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Classic Malayalam film `Amaram`, starring Mammootty, is set for a grand re-release in 4K on November 7th.