‘നൂറു കോടി എഫ്ഡിയുണ്ടായപ്പോൾ ആശ്വാസം തോന്നി, ഇപ്പോൾ 2000 കോടി വേണമെന്നാണ്’

അക്ഷയ് കുമാർ | AFP
അക്ഷയ് കുമാർ | AFP

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ സിനിമയിലെ തൻ്റെ 35 വർഷത്തെ യാത്ര പൂർത്തിയാക്കിയതിന്റെ നിറവിലാണ്. സാമ്പത്തിക കാര്യങ്ങളിലെ സൂക്ഷ്മതയും ഒരു സാധാരണക്കാരന്റെ ചിന്താഗതിയും ജീവിതത്തിലും കരിയറിലും വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ അതിഥിയായെത്തിയപ്പോഴാണ് ആദ്യകാലത്തുതന്നെ സാമ്പത്തിക ഭദ്രത നേടാനാഗ്രഹിച്ചതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചത്.

“കുറേക്കാലം മുമ്പ് ജിതേന്ദ്ര സാഹിബ് 100 കോടി രൂപയുടെ എഫ്ഡി ഇട്ടതിനെപ്പറ്റി ഒരു വാർത്ത ഞാൻ വായിച്ചു. ഉടനെ അച്ഛന്റെയടുത്തേക്ക് ഓടിച്ചെന്നു, ‘ഡാഡി, ഒരാൾ 100 കോടി രൂപയുടെ എഫ്ഡി ഇട്ടാൽ എത്ര പലിശകിട്ടും?’ എന്ന് ഞാന്‍ ചോദിച്ചു. അന്ന് പലിശ നിരക്ക് 13 ശതമാനമാണ്. അതായത് പ്രതിമാസം 1.3 കോടി രൂപ. അതുപോലൊരു എഫ്ഡി ഉണ്ടാക്കാൻ കഴിയുന്ന ദിവസം എനിക്ക് സാമ്പത്തികമായി സുരക്ഷിതത്വമുണ്ടാവുമെന്ന് ഞാൻ കരുതി. എന്നാൽ മനുഷ്യർക്ക് ഒരിക്കലും സംതൃപ്തി വരില്ല. ആ സംഖ്യ കൂടിക്കൊണ്ടേയിരുന്നു, 100 കോടിയിൽ നിന്ന് 1000 കോടിയിലേക്കും പിന്നീട് 2000 കോടിയിലേക്കും. ആർത്തിക്ക് ഒരവസാനവുമില്ല.”-അക്ഷയ് പറഞ്ഞു.

അവതാരകനായ കപിൽ ശർമ അക്ഷയ്‌യുടെ സ്വന്തം എഫ്ഡികളെക്കുറിച്ച് ചോദിച്ചപ്പോൾ, താരം പുഞ്ചിരിച്ചുകൊണ്ട് ആ കണക്ക് സ്വകാര്യമായി വെക്കാനാണ് താത്പര്യമെന്നറിയിച്ചു.

സാമ്പത്തികമായ കരുതലുകൾ ഇന്നും താരം തുടരുന്നുണ്ട്. “ഇന്നും എൻ്റെ മകനോ മകളോ ഫാനോ ലൈറ്റോ ഓണാക്കിയിട്ട് പോയാൽ, ഉടൻ തന്നെ അത് ഓഫാക്കാൻ ഓടിച്ചെല്ലും. കറണ്ട് ബില്ലിൽ ഒരു 2000 രൂപയുടെ അധികച്ചെലവേ അതുണ്ടാക്കുള്ളൂവെന്ന് എനിക്കറിയാം. പക്ഷേ എനിക്കത് ചെയ്യാതിരിക്കാൻ കഴിയില്ല. അതൊരു ശീലമാണ്.”

“ഇന്ന് രാവിലെ ഞാൻ എൻ്റെ പരിശീലകനെപ്പോലും വഴക്കുപറഞ്ഞു. ഞാൻ മുറിയിലേക്ക് വരുന്നതിന് അഞ്ച് മിനിറ്റ് മുൻപ് എസി ഓണാക്കാനാണ് പറഞ്ഞത്, പക്ഷേ അവർ 25 മിനിറ്റ് മുൻപേ ചെയ്തു. ഇത് പിശുക്കല്ല, വിഭവങ്ങൾ പാഴാക്കരുത് എന്ന് പഠിപ്പിച്ചാണ് എന്നെ വളർത്തിയത്.”-അക്ഷയ് പറഞ്ഞു.

തുടർച്ചയായി എട്ട് വർഷം ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകനായതിനെക്കുറിച്ചും അക്ഷയ് സംസാരിച്ചു. ഞാൻ പണം സമ്പാദിച്ചത് ആരിൽ നിന്നും മോഷ്ടിച്ചല്ല. കഴിഞ്ഞ എട്ട് വർഷമായി ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്നത് ഞാനാണ്. അതിനർഥം പണത്തിന് മാത്രം പ്രാധാന്യം നൽകുന്ന ആളാണ് ഞാനെന്നല്ല. പണം പ്രധാനമാണ്, പ്രായോഗികമായി ചിന്തിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് അക്ഷയ് കുമാർ. ബോളിവുഡിലെ 600-ൽ അധികം സ്റ്റണ്ട്മാൻമാർക്ക് വേണ്ടി അദ്ദേഹം ലൈഫ് ഇൻഷുറൻസ് പോളിസികൾക്ക് പണം നൽകിയിട്ടുണ്ട്. കോവിഡ്-19 മഹാമാരിക്കാലത്ത് പിഎം കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന ചെയ്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Akshay Kumar reveals his financial journey from wanting a Rs 100 cr FD to aiming for Rs 2000 cr, while still maintaining frugal habits.