വിഗ് വേണമെന്ന് ആവശ്യം, പിന്നെ 21 കോടി പ്രതിഫലവും; നിരസിച്ചപ്പോൾ അക്ഷയ് ഖന്ന സിനിമയിൽനിന്ന് പിൻമാറി

സകല ബോക്‌സോഫീസ് റെക്കോഡുകളും തകർത്ത് 'ധുരന്ധർ' കുതിക്കുകയാണ്. 2025-ൽ ഏറ്റവും കൂടുതൽ കളക്ട് ചെയ്ത ഇന്ത്യൻസിനിമ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എക്കാലത്തെയും നാലാമത്തെ മികച്ച ഹിന്ദിസിനിമ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എക്കാലത്തെയും ഒമ്പതാമത്തെ മികച്ച ഇന്ത്യൻസിനിമ തുടങ്ങിയ റെക്കോഡുകളെല്ലാം ഇനി ഈ ചിത്രത്തിന്റെ പേരിലാണ്. രണ്ടുഭാഗങ്ങളായുള്ള സിനിമയുടെ രണ്ടാം ഭാഗം 2026 മാർച്ചിലാണ് പുറത്തിറങ്ങുക. രൺവീർ സിങ് ഉൾപ്പെടെ വൻതാരനിരയുള്ള ഒന്നാം ഭാഗത്തിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് അക്ഷയ് ഖന്നയാണ്.
അതിനിടെയാണ് 'ദൃശ്യം 3'-യിൽനിന്ന് അക്ഷയ് പുറത്തുകടന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. പ്രതിഫലത്തർക്കമാണ് കാരണമായി ആദ്യം ചൂണ്ടിക്കാണിക്കപ്പെട്ടത്. 'ധുരന്ധർ' വിജയിച്ചതിനുപിന്നാലെ താരം പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതിനെക്കുറിച്ച് തുറന്നുപറയുകയാണ് 'ദൃശ്യം 3' നിർമാതാവ് കുമാർ മംഗത്ത് പഥക്. അക്ഷയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിൻമാറ്റം വൻനഷ്ടങ്ങളുണ്ടാക്കിയെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഥക് പറയുന്നു.
''അക്ഷയ് ഖന്നയുമായി ഞങ്ങൾ ഒരു കരാറിൽ ഒപ്പുവെച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നുതവണയാണ് അദ്ദേഹവുമായി ചർച്ചകൾ നടന്നത്. നിരവധി പുനരാലോചനകൾക്കുശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ തന്റെ കഥാപാത്രത്തിന് വിഗ് വേണമെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചു. എന്നാൽ സംവിധായകൻ അഭിഷേക് പഥക് അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. 'ദൃശ്യം 2'-ന്റെ തുടർച്ചയാണ് 'ദൃശ്യം 3'. അതിൽ അക്ഷയ്യുടെ കഥാപാത്രത്തിന് വിഗ് ഇല്ല. അതുകൊണ്ട് ആ ആവശ്യം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. അപ്പോഴും അക്ഷയ്ക്ക് ചുറ്റുമുള്ള ആളുകൾ, വീണ്ടും ഇതേ കാര്യം പറഞ്ഞ് നിർബന്ധിച്ചു. അക്ഷയ് വീണ്ടും ഞങ്ങളെ വിളിച്ച്, ഇതേ കാര്യം പറഞ്ഞു. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് സംവിധായകൻ സമ്മതിക്കുകയും ചെയ്തു. അതിനിടെയാണ് പെട്ടെന്നൊരു ദിവസം ഞങ്ങളെ വിളിച്ച്, സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞത്'', നിർമാതാവ് ആരോപിക്കുന്നു.
അക്ഷയ് സ്വയം ഒരു സൂപ്പർസ്റ്റാറായിട്ടാണ് ഇപ്പോൾ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. ''വിജയം അദ്ദേഹത്തിന്റെ തലയിലേക്ക് കയറിയിരിക്കുന്നു. ധുരന്ധർ ഇപ്പോഴും തിയേറ്ററുകളിൽ ഓടുന്നത് താൻ കാരണമെന്നാണ് അദ്ദേഹം കരുതുന്നത്. അക്ഷയ് ഒന്നുമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ അദ്ദേഹത്തോടൊപ്പം 'സെക്ഷൻ 375' എന്ന സിനിമ ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം കാരണം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കരുതെന്ന് പലരും ഞങ്ങളോട് പറഞ്ഞു. അത് സത്യമായിരുന്നു. എന്നിട്ടും എങ്ങനെയൊക്കെയോ ഷൂട്ടിങ് പൂർത്തിയാക്കി. ആ സിനിമ അദ്ദേഹത്തിന് ഒരുപാട് അംഗീകാരം നൽകി. അതിനുശേഷമാണ് ഒട്ടേറെ അവസരങ്ങൾ ലഭിച്ചത്. അതിനുമുമ്പ് എത്രയോ വർഷങ്ങൾ അദ്ദേഹം വീട്ടിൽ വെറുതെയിരുന്നു''. ഷൂട്ടിങ്ങിന് 10 ദിവസം മുമ്പാണ് സിനിമയിൽനിന്ന് പിൻമാറുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനായി 21 കോടിയാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Akshaye Khanna reportedly exited `Drishyam 3` due to a wig demand and a ₹21 crore salary, impacting the film. Producer Kumar Mangat Pathak reveals details