'ഞാനും ജഗതിയങ്കിളും കൊഞ്ചിനുവേണ്ടി പിടിവലിയാകും. ഞാന്‍ കരയുമ്പോള്‍, അമ്മൂമ്മ അങ്കിളിനെ വഴക്കുപറയും'

#വി.പ്രവീണ
ഉര്‍വശി / ഫോട്ടോ: എന്‍.എം.പ്രദീപ്, മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
ഉര്‍വശി / ഫോട്ടോ: എന്‍.എം.പ്രദീപ്, മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

അച്ഛന്റെ നാടകക്യാമ്പില്‍ വളര്‍ന്ന കുട്ടിക്കാലം മുതല്‍ തന്റെ കലാജീവിതം ഓര്‍ത്തെടുക്കുകയാണ് മലയാളിയുടെ പ്രിയനായിക ഉര്‍വശി. കുട്ടിക്കാലത്ത് തന്നെ എടുത്തുകൊണ്ടു നടന്ന ജഗതി, അര്‍ഹിച്ച അവസരങ്ങള്‍ കിട്ടാതെ പോയ ചേച്ചി കല്പന, അഭിനയത്തിലേക്ക് വരുന്ന മകള്‍, സിനിമയിലെയും ജീവിതത്തിലെയും അമ്മവേഷം...ഉര്‍വശി പറയുന്നു.

നാടകരംഗത്ത് സജീവമായ അച്ഛന്‍, നര്‍ത്തകിയായ അമ്മ... കലയുടെ സ്വാധീനമുള്ള കുട്ടിക്കാലമായിരുന്നോ?
എനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ കുടുംബം കൊല്ലത്തുനിന്ന് തിരുവനന്തപുരത്ത് താമസമാക്കി. അന്ന് തിരുവനന്തപുരം തനി ഗ്രാമീണമായ നഗരമായിരുന്നു. അച്ഛന്റെ നാടക ക്യാമ്പിലായിരുന്നു ഏറിയപങ്കും. അന്നത്തെ കാലത്ത് നാടകതാരങ്ങള്‍ വലിയ സെലിബ്രിറ്റികളാണ്. അവരെല്ലാം ക്യാമ്പില്‍ ഉണ്ടാകും. പക്ഷേ, അച്ഛന്റെ ഒരു നാടകവും സ്റ്റേജില്‍ കണ്ടിട്ടില്ല. ഞങ്ങള്‍ നാടകത്തിലേക്ക് അടുക്കുന്നതില്‍ അച്ഛന് താത്പര്യം ഉണ്ടായിരുന്നില്ല.

അമ്മ മികച്ച നര്‍ത്തകിയായിരുന്നു. കലച്ചേച്ചിക്ക് (കലാരഞ്ജിനി) ഒരു ചെറിയ അസുഖം പിടിപെട്ട് അതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പിന്നെ ഞങ്ങള്‍ ചെന്നൈയില്‍ സ്ഥിരതാമസക്കാരായി. ഇളയ അനുജന്റെ ജനനത്തോടെ അമ്മ നൃത്തം ഏറക്കുറെ അവസാനിപ്പിച്ചു.

അക്കാലത്തെ രസകരമായ ഏതെങ്കിലും ഓര്‍മ്മകള്‍ പങ്കുവയ്ക്കാമോ?
രസകരമായ കുറേ ഓര്‍മ്മകളുണ്ട്. അച്ഛന്റെ ട്രൂപ്പില്‍ അമ്പിളിയങ്കിള്‍ (ജഗതി ശ്രീകുമാര്‍) അന്ന് അംഗമാണ്. എന്നെ എടുത്തുകൊണ്ട് നടക്കും. ഭയങ്കര പിശുക്കനായിരുന്നു. അന്ന് വീട്ടില്‍ കൊഞ്ച് വറുത്ത് ടിന്നില്‍ ഇട്ടുവയ്ക്കുന്ന പതിവുണ്ടായിരുന്നു. ഞാന്‍ കൈയില്‍ കൊഞ്ചും കോരിയെടുത്ത് അതും തിന്ന് നടക്കും. കുറച്ചുകൂടി എടുത്തുകൊണ്ടുവാ എന്ന് അമ്പിളിയങ്കിള്‍ പറയും. 'പിശുക്കന്‍ അമ്പിളിക്കാണോ?' എന്നും ചോദിച്ച് അമ്മൂമ്മ ഒരു പാത്രത്തില്‍ കൊഞ്ച് ഇട്ടുതരും. പിന്നെ ഞാനും അമ്പിളിയങ്കിളുംകൂടി കൊഞ്ചിനുവേണ്ടി പിടിവലിയാകും. ഒടുവില്‍ ഞാന്‍ കരയും. അമ്മൂമ്മ അമ്പിളിയങ്കിളിനെ വഴക്ക് പറയും.

'പിടക്കോഴി കൂവുന്ന നൂറ്റാണ്ടി'ല്‍ ജഗതി ശ്രീകുമാറും ഉര്‍വശിയും / ഫോട്ടോ: ജയന്‍ ചെമ്പഴന്തി (മാതൃഭൂമി ആര്‍ക്കൈവ്‌സ്)

സിനിമയില്‍ എത്തിയപ്പോഴും ആ ബന്ധം അങ്ങനെതന്നെയായിരുന്നു. ഞാന്‍ ഷോട്ടിന് റെഡിയാകുമ്പോള്‍ അമ്പിളിയങ്കിള്‍ ഏതെങ്കിലും മൂലയ്ക്ക് മാറിനിന്ന് ചിരിപ്പിക്കും. ചിരിയടക്കാന്‍ പറ്റാതെവന്നിട്ട് സംവിധായകരില്‍നിന്ന് വഴക്ക് കേട്ടിട്ടുണ്ട്.

അഞ്ച് സഹോദരങ്ങള്‍. കൂട്ടത്തില്‍ ആരായിരുന്നു അന്നത്തെ താരം?
അമ്മ നന്നായി ഹാസ്യം എഴുതുമായിരുന്നു. ആ പ്രതിഭ അതുപോലെ മിനിച്ചേച്ചിക്ക് (കല്പന) കിട്ടി. മോണോ ആക്ടിനും മിമിക്രിക്കുമൊക്കെ അവള്‍ ചേരും. കോളേജ് തലത്തിലൊക്കെ ഈ മത്സരയിനങ്ങളില്‍ ചേച്ചിക്ക് ആണ്‍കുട്ടികള്‍ മാത്രമായിരുന്നു എതിരാളികള്‍. മിക്കപ്പോഴും അവള്‍ക്കായിരുന്നു സമ്മാനം. കോളേജ് മൈതാനത്തുകൂടി അവളെ തോളിലെടുത്ത് ആഘോഷത്തോടെ പോകുന്ന സഹപാഠികളെ ഞാന്‍ കണ്ടിട്ടുണ്ട്. മിനിച്ചേച്ചിക്ക് വന്ന അവസരങ്ങളിലൂടെയാണ് ഞാനും കലച്ചേച്ചിയും സിനിമയിലേക്ക് എത്തുന്നത്.

മിനിച്ചേച്ചിക്ക് അവളുടെ കഴിവിനൊത്ത കഥാപാത്രങ്ങള്‍ മലയാളത്തില്‍നിന്ന് ലഭിച്ചിട്ടില്ല. അവസാനംവരെ അവള്‍ ആഗ്രഹിച്ചത് സീരിയസ് കഥാപാത്രങ്ങളെ ആയിരുന്നു. തമിഴില്‍ വളരെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടും മലയാളത്തില്‍ അതുണ്ടായില്ല.

'പകല്‍ നക്ഷത്രങ്ങളും' 'ചാര്‍ലി'യും പോലെയുള്ള അപൂര്‍വം സിനിമകള്‍ ഒഴിച്ചാല്‍ കോമഡിതാരം എന്ന ഇമേജിന്റെ കൂട്ടില്‍ ചേച്ചി അകപ്പെട്ടുപോയി. അതേ കൂട്ടില്‍ അടഞ്ഞുപോകേണ്ടതായിരുന്നു ഞാനും. പക്ഷേ, എന്തോ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. 'ചാര്‍ലി'യുടെ തമിഴ് പതിപ്പില്‍ കല്പനയുടെ റോള്‍ ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു. എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. അവള്‍ അത്ര മികവോടെ ചെയ്ത കഥാപാത്രമാണ്. എനിക്കത് വഴങ്ങില്ല.

ഉര്‍വശി, കലാരഞ്ജിനി, കല്‍പന

മരണശേഷം ഒരുപാട് അംഗീകാരങ്ങള്‍ അവളെ തേടിയെത്തി. പക്ഷേ, അത്തരം പരിപാടികളുമായൊന്നും ഞാന്‍ സഹകരിച്ചില്ല. മുന്‍പ് ഞാന്‍ അവാര്‍ഡ് വാങ്ങിയ പല വേദികളിലും അവള്‍ക്ക് കോമഡി സ്‌കിറ്റ് അവതരിപ്പിക്കേണ്ടിവന്നിട്ടുണ്ട്. മിനിച്ചേച്ചി അങ്ങനെ ഒതുങ്ങിപ്പോകേണ്ട ഒരാളായിരുന്നില്ല. ജീവിച്ചിരിക്കുമ്പോഴില്ലാത്ത അംഗീകാരം മരണശേഷം എന്തിനാണ്?

തേജാലക്ഷ്മിയുടെയും ഇഷാന്റെയും അമ്മ എന്ന നിലയില്‍ സ്വയം എങ്ങനെ നോക്കിക്കാണുന്നു?
ഇത്ര മുതിര്‍ന്നിട്ടും ഒറ്റയ്ക്ക് യാത്രചെയ്യാനോ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനോ കെല്പില്ലാത്ത ആളാണ് ഞാന്‍. വളര്‍ന്ന രീതി അങ്ങനെയായതുകൊണ്ടാണ്. ഞങ്ങളുടെത് വലിയ കൂട്ടുകുടുംബമായിരുന്നു. രണ്ട് അമ്മൂമ്മമാരുടെ കാവലില്‍ ഞങ്ങള്‍ അഞ്ച് സഹോദരങ്ങളും ഒന്നിച്ച് ഉറങ്ങി ശീലിച്ചവരാണ്. ഒരു വാതിലും പൂട്ടാത്ത വീടായിരുന്നു ഞങ്ങളുടെത്. വാതില്‍ അടച്ച് കിടക്കാന്‍ അമ്മ സമ്മതിക്കില്ല. പക്ഷേ, ഇന്ന് അങ്ങനെയല്ല. അനുവാദം ചോദിക്കാതെ ഞാന്‍ എന്റെ മകളുടെ മുറിയില്‍ കടക്കാറില്ല. അവള്‍ ഒറ്റയ്ക്ക് യാത്രചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കും. ആദ്യമൊക്കെ എനിക്ക് ആശങ്കയായിരുന്നു. അവള്‍ ബെംഗളൂരുവില്‍ പഠിക്കുമ്പോഴും ജോലിചെയ്യുമ്പോഴും ഇടയ്ക്ക് ഞാന്‍ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നെപ്പിന്നെ അത്തരം ചിട്ടകളൊക്കെ ഒഴിവാക്കി. ഞാന്‍ വളര്‍ന്ന രീതിവെച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസ്സിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ.

മക്കള്‍ അമ്മയുടെ സിനിമകള്‍ കാണാറുണ്ടോ?
സിനിമാക്കാര്യങ്ങള്‍ ഒരിക്കലും ചര്‍ച്ചയ്ക്കെടുക്കാത്ത വീടാണ് ഞങ്ങളുടെത്. ഞാന്‍ അഭിനയിച്ച പഴയ സിനിമകളൊന്നും എന്റെ മക്കള്‍ കണ്ടിട്ടില്ല. മോന് പത്തുവയസ്സായതേയുള്ളൂ. മോള്‍ ഇപ്പോഴാണ് എന്റെ സിനിമകള്‍ കണ്ടുതുടങ്ങിയത് എന്ന് പറയാം. അവള്‍ ക്രൈസ്റ്റില്‍ പഠിച്ചുകൊണ്ടിരുന്നകാലത്ത് കൂട്ടുകാരായ കുട്ടികള്‍ അമ്മയുടെ സിനിമയെപ്പറ്റിയൊക്കെ ചോദിക്കും. അവര്‍ക്ക് മറുപടി കൊടുക്കാന്‍വേണ്ടി അവളെന്നോട് പുതിയ സിനിമ ഏതാണെന്നും എന്താണെന്നുമൊക്കെ ചോദിക്കും. 'ഉള്ളൊഴുക്ക്' കൂട്ടുകാര്‍ക്കൊപ്പമാണ് കണ്ടത്. വലിയ ഇഷ്ടമായി. അമ്മ ഒന്നും നോക്കാതെ അമ്മവേഷം ചെയ്യരുതെന്ന് മകള്‍ പറയും. മോന്‍ ചെറുതല്ലേ. അവന്റെ കൂട്ടുകാരെക്കൊണ്ട് അമ്മൂമ്മ എന്ന് വിളിപ്പിക്കരുതെന്ന് കളിയായി പറയും. അവള്‍ പറയുന്നതില്‍ കാര്യമുണ്ട്. 'അച്ചുവിന്റെ അമ്മ'യില്‍ അമ്മവേഷം ചെയ്യുമ്പോള്‍ എനിക്ക് മുപ്പത്തഞ്ച് വയസ്സ് തികഞ്ഞിരുന്നില്ല.

മകള്‍ തേജാലക്ഷ്മിക്കൊപ്പം / ഫോട്ടോ: എന്‍.എം.പ്രദീപ്

എന്റെ തമാശസിനിമകള്‍ മാത്രമേ മോന്‍ കാണാറുള്ളൂ. അമ്മ കരയുന്ന സിനിമ ഞാന്‍ കാണില്ല എന്നാണ് അവന്‍ പറയുന്നത്. ടൊവിനോയെ അവന് വലിയ ഇഷ്ടമാണ്. 'എന്റെ ഉമ്മാന്റെ പേര്' എന്ന സിനിമ മോന്‍ കണ്ടു. അന്ന് അവന്‍ തീരെ ചെറുതാണ്. അതില്‍ നിങ്ങളെന്റെ ഉമ്മ അല്ല എന്ന് ടൊവിനോ പറയുന്നതും അതുകേട്ട് ഞാന്‍ കരയുന്നതുമായ ഒരു സീന്‍ ഉണ്ട്. അതുകണ്ടതും മോന്‍ കരച്ചിലായി. 'അമ്മാ ഇവന്‍ കൊള്ളത്തേയില്ല. ഇവനെ നമുക്ക് എടുത്തുകളയാം...' എന്നും പറഞ്ഞ് സ്‌ക്രീനിലെ ടൊവിനോയെ നോക്കി ഒറ്റക്കരച്ചില്‍. ഒടുവില്‍ ക്ലൈമാക്സില്‍ ടൊവിനോ എന്നെ കെട്ടിപ്പിടിക്കുന്ന സീന്‍ കാണിച്ചുകൊടുത്തപ്പോഴാണ് അവന്‍ കരച്ചില്‍ നിര്‍ത്തിയത്.

മകള്‍ സിനിമയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
മോള് പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ക്രൈസ്റ്റില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ കുറച്ചുകാലം ജോലിചെയ്തു.

നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള്‍ വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളെയുംപോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം. ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചുതുടങ്ങി എന്തിനാണ് സിനിമയില്‍നിന്ന് അകന്നുനില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള്‍ സിനിമയെപ്പറ്റി ചിന്തിച്ചുതുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസ്സായി സിനിമയെ കാണുന്നു. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യും.

(തുടരും)
 

Content Highlights: actress urvashi talking about her life and cinema