കല്യാണത്തിന് എന്റെ സഹോദരന്റെ സ്ഥാനത്തുനിന്ന് കൈപിടിച്ചുകൊടുത്തത് ജയേട്ടനായിരുന്നു

#സീമ
സീമയും ജയനും
സീമയും ജയനും

ഇതാ ഇവിടെ വരെ' എന്ന സിനിമയിലെ ടൈറ്റില്‍ സോങ്ങായ 'ഇതാ... ഇതാ... ഇവിടെ വരെ...' എന്ന ഗാനരംഗത്തില്‍ ഒരു തോണിക്കാരന്റെ വേഷത്തിലൂടെയാണ് ശശിയേട്ടന്റെ ചിത്രത്തില്‍ ആദ്യമായി ജയേട്ടന്‍ പ്രത്യക്ഷപ്പെടുന്നത്. ഇതേ ചിത്രത്തിലെ 'രാസലീല... രാസലീല... രതിമന്മഥലീല...' എന്ന മറ്റൊരു ഗാനരംഗത്തിലൂടെയായിരുന്നു ശശിയേട്ടന്റെ ചിത്രത്തില്‍ എന്റെയും തുടക്കം. ഒരര്‍ഥത്തില്‍ ഞാനും ജയേട്ടനും ശശിയേട്ടനിലേക്കെത്തിയത് 'ഇതാ ഇവിടെവരെ'യിലൂടെയായിരുന്നു.           
ശശിയേട്ടന്റെ അടുത്ത ചിത്രമായ 'ഈ മനോഹരതീര'ത്തില്‍ ഒരു കാബറേ നര്‍ത്തകിയുടെ വേഷമായിരുന്നു എനിക്ക്. മധുസാറും ജയേട്ടനും സംവിധായകന്‍ ഹരിഹരേട്ടനും ആ രംഗത്തുണ്ടായിരുന്നു. 'കടമിഴിയിതളാല്‍ കളിയമ്പെറിയും പെണ്ണൊരു പ്രതിഭാസം...' എന്ന പാട്ടിന് ലിപ് നല്‍കിയത് ഹരിഹരേട്ടനായിരുന്നു. ആ ഒരു സീനില്‍ മാത്രമേ എനിക്ക് അഭിനയിക്കാനുണ്ടായിരുന്നുള്ളൂ. ചിത്രീകരണത്തിനുമുന്‍പ് ''ശാന്തിയല്ലേ'' എന്ന് ചോദിച്ചുകൊണ്ട് എനിക്കരികിലേക്ക് വന്ന് ജയേട്ടന്‍ പരിചയപ്പെടുകയായിരുന്നു. ഒരു കാബറെ ഡാന്‍സ് രംഗത്ത് മാത്രം അഭിനയിച്ച എന്നെ അവിടെവെച്ചുതന്നെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ജയേട്ടനുമായുള്ള ആദ്യപരിചയപ്പെടലിന്റെ ഓര്‍മയാണിത്. 
പിന്നീട് ഒട്ടേറെ പേര്‍ അദ്ദേഹത്തിന്റെ നായികമാരായി വന്നെങ്കിലും ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയാവാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. 


അങ്ങാടി, കരിമ്പന, മീന്‍, കാന്തവലയം, ബെന്‍സ് വാസു, മൂര്‍ഖന്‍, തടവറ, സര്‍പ്പം, അന്തഃപ്പുരം, മനുഷ്യമൃഗം, അനുപല്ലവി, അങ്കക്കുറി തുടങ്ങി നിരവധി ചിത്രങ്ങള്‍. എല്ലാ ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളുമായിരുന്നു. 'കാന്തവലയ'ത്തിലെ ജയേട്ടന്റെ കഥാപാത്രം യഥാര്‍ഥത്തില്‍ സോമേട്ടനായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. സോമേട്ടനും ശശിയേട്ടനുമായുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളാണ് ആ പടത്തിലേക്ക് ജയേട്ടനെ കാസ്റ്റ്‌ചെയ്യാന്‍ കാരണം. വളരെ സ്‌റ്റൈലിഷായ കഥാപാത്രമായിരുന്നു അത്. ഊരും പേരുമറിയാത്ത അജ്ഞാതന്‍. ആ വേഷം ജയേട്ടന്‍ ഗംഭീരമായി അവതരിപ്പിച്ചു. അങ്ങനെയാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ 'അങ്ങാടി'യില്‍ തൊഴിലാളിനേതാവായ ബാബുവിനെ അവതരിപ്പിക്കാന്‍ ജയേട്ടന് നറുക്ക് വീഴുന്നത്. 'അങ്ങാടി'യുടെ ചിത്രീകരണകാലത്ത് കോഴിക്കോട്ടങ്ങാടിയിലെ ചുമട്ടുതൊഴിലാളികളുമായി ജയേട്ടന്‍ സൗഹൃദത്തിലായി. ചുമടെടുക്കുന്ന അവരുടെ രീതികളും മറ്റും മനസ്സിലാക്കി. മലയാളത്തിലെ ഒരു വലിയ താരമാണെന്ന ഭാവം ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആ ചുമട്ടുതൊഴിലാളികള്‍ക്ക് ജയേട്ടന്‍ ചേട്ടനും അനിയനുമൊക്കെയായിരുന്നു. ആ സിനിമയ്ക്കുശേഷം 'കരിമ്പന'യിലും 'മീനി'ലും ശക്തമായ കഥാപാത്രങ്ങളായിരുന്നു ജയേട്ടന്. 'കരിമ്പന'യില്‍ പന കയറുന്ന രംഗമൊക്കെ ഡ്യൂപ്പിന്റെ സഹായമില്ലാതെ സ്വയം ചെയ്യുകയായിരുന്നു അദ്ദേഹം. ആ പനകയറ്റം കണ്ട് സെറ്റില്‍ എല്ലാവരും അദ്ഭുതപ്പെട്ടു. പിന്നീടാണറിഞ്ഞത് രാത്രികളില്‍ പനകയറ്റക്കാരുടെ സഹായത്തോടെ ജയേട്ടനത് പരിശീലിച്ചിരുന്നുവെന്ന്.

'മീനി'ന്റെ ചിത്രീകരണത്തിലും വലിയ സാഹസമാണ് ജയേട്ടന്‍ കാണിച്ചത്. കടലില്‍വെച്ച് ഒരു ബോട്ടില്‍നിന്ന് മറ്റൊരു ബോട്ടിലേക്ക് ചാടുന്നതും മറ്റും ഡ്യൂപ്പില്ലാതെ അദ്ദേഹം അഭിനയിച്ചു. ഒരു ഡ്യൂപ്പ് ആര്‍ട്ടിസ്റ്റ് ജീവന്‍ പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രെഡിറ്റ് ഒരിക്കലും തനിക്ക് വേണ്ടെന്നായിരുന്നു ജയേട്ടന്റെ നിലപാട്. ഈ മനോഭാവംതന്നെയാണ് അദ്ദേഹത്തെ മരണത്തില്‍ കൊണ്ടെത്തിച്ചതും. അഭിനയിച്ച മിക്ക സിനിമകളിലും മരണത്തെ വെല്ലുവിളിക്കുകയും മരണം വഴിമാറിപ്പോവുകയും ചെയ്യുന്ന കാഴ്ചയാണ് ജയേട്ടന്റെ അഭിനയജീവിതത്തിലുണ്ടായിരുന്നത്.
എന്റെയും ശശിയേട്ടന്റെയും പ്രണയത്തിന് സിനിമയില്‍നിന്ന് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് നല്‍കിയത് ജയേട്ടനായിരുന്നു. ഞങ്ങളുടെ വിവാഹദിവസം വെളുപ്പിനുതന്നെ ജയേട്ടന്‍ ശശിയേട്ടന്റെ വീട്ടിലെത്തി. 
മാങ്കാട് ദേവീക്ഷേത്രത്തില്‍വെച്ച് ജ്യേഷ്ഠന്റെ സ്ഥാനത്ത് നിന്ന് ശശിയേട്ടന്റെ കാല്‍ കഴുകി, കുട പിടിച്ച് കൊണ്ടുവന്നതും എന്റെ കൈ പിടിച്ച് ശശിയേട്ടന്റെ കയ്യിലേല്‍പ്പിച്ചതും ജയേട്ടനായിരുന്നു. സഹോദരങ്ങളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. സിനിമയില്‍ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴാണ് ജയേട്ടന്‍ അപമൃത്യുവിന് ഇരയായത്. പല ദുരന്തങ്ങളെയും അവിശ്വസനീയമെന്ന് നമ്മള്‍ പറയാറുണ്ടല്ലോ. പക്ഷേ, ജയേട്ടന്റെ മരണംപോലെ ആ വാക്ക് ഇത്രമേല്‍ അര്‍ഥവത്തായ ഒരു ദുരന്തം മലയാള സിനിമയില്‍ ഉണ്ടായിക്കാണില്ല. 


ജയേട്ടന്റെ മരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും വല്ലാത്തൊരു ഞെട്ടലാണ്. തിരുവനന്തപുരത്ത് മധുസാറിന്റെ ഉമാ സ്റ്റുഡിയോയില്‍ 'അര്‍ച്ചന ടീച്ചറി'ന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരിച്ചേച്ചിക്ക് മദ്രാസില്‍നിന്ന് ഫോണ്‍ വരുന്നത്... ഫോണെടുത്ത് ചേച്ചി ഒരലര്‍ച്ചയോടെ എനിക്കരികിലേക്ക് ഓടിവന്നു. ''സീമേ...ജയന്‍ പോയി'' ഷൂട്ടിങ് ലൊക്കേഷനാകെ തകര്‍ന്നുപോയ നിമിഷമായിരുന്നു അത്. പരസ്പരം ആശ്വസിപ്പിക്കാനാകാതെ എല്ലാവരും പൊട്ടിക്കരഞ്ഞു.
മദ്രാസില്‍നിന്ന് ജയേട്ടന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോള്‍ ശശിയേട്ടന്‍ പറഞ്ഞു: ''ആ മുഖം നീ കാണണ്ട'' സദാ ഊര്‍ജസ്വലനായ ജയേട്ടനെ ചലനമറ്റ് കിടക്കുന്ന അവസ്ഥയില്‍ എനിക്ക് കാണാനാകുമായിരുന്നില്ല. 'കോളിളക്ക'ത്തിന്റെ ഷൂട്ടിങ് കഴിഞ്ഞശേഷം ശശിയേട്ടന്റെ 'തുഷാര'ത്തില്‍ അഭിനയിക്കാന്‍ ഞാനും ജയേട്ടനും കാശ്മീരിലേക്ക് പോകേണ്ടതായിരുന്നു. അതിനുമുന്‍പേ വിധി ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നു. ഞങ്ങള്‍ ഒരുമിക്കേണ്ടിയിരുന്ന നിരവധി പ്രോജക്ടുകള്‍ പലതും മാറ്റിവെച്ചു. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ജയേട്ടനെ ഓര്‍ക്കാത്ത ഒരുദിവസംപോലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തെപ്പോലൊരു വ്യക്തിത്വത്തെ ജയേട്ടന് മുന്‍പും ശേഷവും ഞാന്‍ കണ്ടിട്ടില്ല.
മറ്റൊരു നടനും കിട്ടാത്ത ആദരമാണ് ഇപ്പോഴും ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്. ആ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷവും അതുപോലെ വേദനകളും എന്നില്‍ വന്ന് നിറയാറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍തന്നെ എത്രയോ വലിയ നടീനടന്മാര്‍ വിസ്മൃതരാകുന്നു...പക്ഷേ, ഓരോ കാലത്തും തലമുറകളുടെ എവര്‍ഗ്രീന്‍ ഹീറോയായി ജയേട്ടന്‍ നിറഞ്ഞുനില്‍ക്കുന്നത് കാണുമ്പോഴുള്ള സന്തോഷം വാക്കുകളില്‍ പ്രകടിപ്പിക്കാനാവില്ല. കാലമെത്ര കടന്നുപോയാലും ആ ഓര്‍മകള്‍ക്ക് പ്രായമാകുന്നില്ല; ജയേട്ടനെപ്പോലെ! 

Content Highlights: actress seema sharing her memory of jayan