'ഞാനെവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അതിനെല്ലാം കാരണം പങ്കജ് ഉധാസാണ്'

താനിന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനെല്ലാം കാരണം ഗായകന്‍ പങ്കജ് ഉധാസാണെന്ന് അഭിനേത്രി സമീര റെഡ്ഡി. 1997-ലാണ് 'ഓര്‍ ആഹിസ്ത' എന്ന മ്യൂസിക് വീഡിയോ പങ്കജ് ഉധാസ് പുറത്തിറക്കുന്നത്. ആ വീഡിയോയിലെ 'ഓര്‍ ആഹിസ്ത കീജിയേ ബാത്തേന്‍' എന്ന പാട്ടിലൂടെയാണ് സമീര അഭിനയരംഗത്തേക്ക് വരുന്നതും. മഞ്ഞയും ചുവപ്പും ദാവണിയുടുത്ത്, മനോഹരമായ ആ പ്രണയഗാനത്തിലൂടെ വന്ന സമീരയും ആ പാട്ടും സംഗീതപ്രേമികളുടെ മനസ്സില്‍ നിന്നും എങ്ങോട്ടും പോയിട്ടില്ല. കാമുകന് ഹെല്‍മെറ്റ് സമ്മാനിക്കാനായി തന്റെ നീളമുള്ള മുടി മുറിച്ചുവിറ്റ പെണ്‍കുട്ടിയായിട്ടാണ് സമീര അതില്‍ അഭിനയിച്ചത്.
'ഞാനന്ന് തീരെ ചെറുപ്പമായിരുന്നു. അവരെന്നെ കണ്ടു, ആല്‍ബത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. ഒരാഗ്രഹങ്ങളുമില്ലാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. എന്താണ് ഞാനന്ന് ചെയ്യുന്നതെന്നുപോലും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. പിന്നീടാണ് അത് ഹിറ്റായതൊക്കെ മനസ്സിലായത്. എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ പാട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലെനിക്ക് ഒരുപാട് അഭിമാനമുണ്ട്''.
പങ്കജ് ഉധാസിനെ ആദ്യമായി കണ്ടതും സമീര ഓര്‍ത്തെടുക്കുന്നു. 'എനിക്ക് ഭയങ്കര പേടിയും ടെന്‍ഷനുമുണ്ടായിരുന്നു അദ്ദേഹത്തെ കാണുമ്പോള്‍. അതിനൊപ്പം ആദ്യമായിട്ട് ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ ഭയവും. പക്ഷേ, അദ്ദേഹം എപ്പോഴും ഒരു പുഞ്ചിരിയോടെയായിരുന്നു ആ സെറ്റില്‍ ഉണ്ടായിരുന്നത്. സീനിയര്‍ എന്ന നിലയില്‍ എന്നെ പേടിപ്പിക്കാനോ, സമ്മര്‍ദം ചെലുത്താനോ ഒന്നും അദ്ദേഹം ശ്രമിച്ചതേയില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, 'എന്നെ ആളുകള്‍ തിരിച്ചറിഞ്ഞത് താങ്കള്‍ കാരണമാണ്. ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നതിന് കാരണവും സാര്‍ തന്നെ'. അദ്ദേഹം പഴയ അതേ പുഞ്ചിരിയോടെ മറുപടി തന്നതിങ്ങനെ, 'അതിനെല്ലാം കാരണം നിങ്ങളുടെ കഠിനപ്രയത്‌നം തന്നെയാണ്'.
തിങ്കളാഴ്ചയാണ് പങ്കജ് ഉധാസ് ഈ ലോകത്തോട് വിടപറഞ്ഞത്. അസുഖത്തെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മകള്‍ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിലൂടെയാണ് മരണം സ്ഥിരീകരിച്ചത്.
സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും പങ്കജ് ഉധാസ് എന്നും ഗസലുകളുടെ ഉറ്റചങ്ങാതിയായിരുന്നു. ഒപ്പം മ്യൂസിക് വീഡിയോകളും. ഗസലിലൂടെയായിരുന്നു അദ്ദേഹം പ്രേക്ഷകരുടെ മനസ്സിലേക്ക് ഇടിച്ചുകയറിയതും. ഗസലുകള്‍ കേട്ടിഷ്ടപ്പെട്ട മഹേഷ് ഭട്ട് തന്റെ അടുത്തസിനിമയിലേക്ക് പങ്കജ് ഉധാസിനെ വിളിക്കുകയും ചെയ്തു. ആ സിനിമയിലെ 'ഛിട്ടി ആയി ഹേ' എന്ന പാട്ടിലൂടെ ബോളിവുഡ് പിന്നണിഗാനരംഗത്തും അദ്ദേഹം തന്റെ വരവ് രേഖപ്പെടുത്തി. ഇന്നും പങ്കജിന്റെ ഏറ്റവും മികച്ച പാട്ടുകളിലൊന്നായി രേഖപ്പെടുത്തുന്നതും അതുതന്നെയാണ്.
'ചാന്ദി ജൈസാ രംഗ് ഹെ തേരാ...സോനെ ജൈസെ ബാല്‍', ലതാ മങ്കേഷ്‌കറിനൊപ്പം പാടിയ 'മാഹിയ തേരി കസം', സാധ്‌ന സര്‍ഗത്തിനൊപ്പം മൊഹ്‌റ എന്ന സിനിമയ്ക്കായി പാടിയ 'ന കജ്‌റെ കി ധാര്‍', സാജനില്‍ പാടിയ 'ജിയേ തോ ജിയേ കൈസെ', ഛുപ്പാനാ ഭീ നഹീ ആത്താ...ഇങ്ങനെ എത്രയെത്ര ഹിറ്റുകള്‍. 2006-ല്‍ രാജ്യം പത്മശ്രീ നല്‍കി പങ്കജ് ഉധാസിനെ ആദരിക്കുകയും ചെയ്തു.
Content Highlights: actress sameera reddy remembering singer pankaj udhas