'സ്തനങ്ങളിലും നിതംബത്തിലും പാഡുകൾ വെച്ചുപിടിപ്പിക്കാൻ പറഞ്ഞു; തെന്നിന്ത്യൻസിനിമകളിലെ മോശം അനുഭവങ്ങൾ'

നാടകനടിയായി പിന്നീട് സിനിമയിലേക്ക് വന്ന താരമാണ് രാധിക ആപ്‌തെ. ബദ്ലാപൂർ, ഹണ്ടർ, പാർച്ച്ഡ്, മാഞ്ചി-ദ മൗണ്ടൻ മാൻ, ലസ്റ്റ് സ്റ്റോറീസ്, ബാസാർ, ഫോറൻസിക് തുടങ്ങിയ സിനിമകളാണ് അവർ അഭിനയിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഹിന്ദിക്കൊപ്പം തന്നെ തമിഴ്, തെലുഗു, കന്നഡ, ബംഗാളി, മലയാളം ഭാഷകളിലും അവർ ഇത്രയും കാലത്തിനിടയിൽ അഭിനയിച്ചു. സിനിമയിൽ 20 വർഷം പൂർത്തിയാക്കിക്കഴിഞ്ഞ താരം, ഈയിടെ നടത്തിയ ചില തുറന്നുപറച്ചിലുകൾ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതെളിച്ചു.
അതിനിടെ ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിക്കുമ്പോൾ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ തുറന്നുപറയുകയാണ്. ആ സിനിമകളിൽ അഭിനയിക്കുമ്പോൾ നിതംബത്തിലും സ്തനങ്ങളിലും പാഡുകൾ വെക്കാൻ ആവശ്യപ്പെട്ടതായാണ് രാധിക പറയുന്നത്. പക്ഷേ സിനിമകളുടെ പേരുകളൊന്നും അവർ വെളിപ്പെടുത്തിയില്ല.
''എനിക്ക് ആ സമയത്ത് ശരിക്കും പണം ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ചില ദക്ഷിണേന്ത്യൻ സിനിമകൾ ചെയ്തത്. മാത്രമല്ല, ദക്ഷിണേന്ത്യയിൽ കുറേ നല്ല സിനിമകൾ ഉണ്ടാവുന്നുണ്ട്. അതൊക്കെയാണ് എന്നെ ആകർഷിച്ചത്'', അവർ പറയുന്നു.
''പക്ഷേ ഞാനഭിനയിച്ച ചില സിനിമകൾ എനിക്ക് ഏറെ ബുദ്ധിമുട്ടായി തോന്നി. ഒരു സിനിമയിൽ അഭിനയിച്ചപ്പോഴാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ തോന്നിയത്. ഒരു ചെറിയ പട്ടണത്തിലായിരുന്നു ഷൂട്ടിങ്. സെറ്റിൽ ആകെയുള്ള സ്ത്രീ ഞാൻ മാത്രവും. എന്റെ നിതംബത്തിലും സ്തനങ്ങളും കൂടുതൽ പാഡിങ് വേണമെന്ന് അവർ ആഗ്രഹിച്ചു. പിന്നെയും പിന്നെയും അവർ പറഞ്ഞു, 'കൂടുതൽ പാഡിങ് അമ്മാ'. ഇനിയുമോ എന്നാണ് ഞാൻ ചിന്തിച്ചത്. 'നിങ്ങൾ ഒരാളെ എത്രത്തോളം വൃത്താകൃതിയിലാക്കും?'. ഒടുവിൽ ഞാൻ പാഡിങ് ചെയ്യില്ലെന്ന് സംവിധായകനോട് പറയാൻ ആവശ്യപ്പെട്ടു. ഞാൻ മാത്രമാണ് ആ ക്രൂവിലാകെയുള്ള സ്ത്രീ. എനിക്ക് ആണെങ്കിൽ മാനേജരോ ഏജന്റോ ഒന്നുമില്ല. ശരിക്കും വളരെ മോശമായ അനുഭവം''.
ആദ്യസിനിമ ഓർക്കാൻ താൻ തീരെ ഇഷ്ടപ്പെടുന്നില്ലെന്നും രാധിക പറഞ്ഞിരുന്നു. കരാറിൽ പോലും ഒപ്പിട്ടില്ല. പ്രതിഫലവും തന്നില്ല. അതുകൊണ്ട് ആദ്യസിനിമ മറക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. 'രാത് അകേലി ഹെ: ദ ബൻസാൽ മർഡേഴ്‌സ്' എന്ന ക്രൈം ത്രില്ലറിലാണ് രാധിക അവസാനമായി അഭിനയിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Radhika Apte reveals disturbing experiences in South Indian cinema, including pressure to add padding to her breasts and buttocks