എനിക്ക് സിനിമയില്‍ സൗഹൃദങ്ങളില്ല, എന്റെ സുഹൃത്തുക്കളെല്ലാം സിനിമയ്ക്ക് പുറത്താണ്; ജോമോള്‍

ജോമോൾ മക്കളായ ആര്‍ജയ്ക്കും ആര്യക്കുമൊപ്പം, ഫോട്ടോ- സിദ്ദീക്കുൽ അക്ബർ
ജോമോൾ മക്കളായ ആര്‍ജയ്ക്കും ആര്യക്കുമൊപ്പം, ഫോട്ടോ- സിദ്ദീക്കുൽ അക്ബർ

ജാനകിക്കുട്ടിയായും കുട്ടിമണിയായും വര്‍ഷയായുമെല്ലാം നമ്മളെ ചിരിപ്പിച്ച, കരയിപ്പിച്ച, ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച ജോമോള്‍. ഗൃഹലക്ഷ്മിയുടെ ഫോട്ടോഷൂട്ടിനായി കൊച്ചിയിലെ സ്റ്റുഡിയോയുടെ വാതില്‍ തുറന്നെത്തുമ്പോള്‍ ആ പഴയ പാവാടക്കാരിക്ക് വലിയ മാറ്റങ്ങളില്ല. 

ജോമോള്‍ മലയാളിക്ക് ഇന്നും ജാനകിക്കുട്ടിയാണ്...

എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രം ജാനകിക്കുട്ടിയാണ്. ആ സിനിമയില്‍ വത്സലാന്റി (വത്സലാ മേനോന്‍) ഒഴികെ എല്ലാവരും വലിയ അഭിനയപാരമ്പര്യമില്ലാത്ത താരങ്ങളായിരുന്നു. അതുകൊണ്ട്  ഞങ്ങള്‍ക്കിടയില്‍ വലിയൊരു സൗഹൃദമുണ്ടായിരുന്നു. ഒരു കുടുംബംപോലെ. സിനിമ ഒരു കുടുംബത്തെയും വീടിനെയും ചുറ്റിപ്പറ്റിയാണല്ലോ. അങ്ങനെയായിരുന്നു ഷൂട്ടിങ്ങില്ലാത്തപ്പോഴും. അന്ന് കാരവാനൊന്നും ആര്‍ക്കുമില്ല. അപ്പോള്‍ എല്ലാവരും ഒന്നിച്ച് സെറ്റിലിരുന്ന് ഭക്ഷണം കഴിക്കും, സംസാരിക്കും, എല്ലാവര്‍ക്കും പരസ്പരം നന്നായറിയാം, വീട്ടുകാര്യങ്ങളറിയാം. വളരെക്കാലങ്ങള്‍ക്കുശേഷമാണ് ഇത്തവണ അമ്മയുടെ മീറ്റിങ്ങിന് പോയത്. അന്ന് അവരെയൊക്കെ കണ്ടപ്പോള്‍ വീട്ടുകാരെ കണ്ടതിന്റെ സന്തോഷമായിരുന്നു. 

തിരിച്ചുവരണം എന്നാഗ്രഹിക്കുന്നുണ്ടോ?

പിന്നെ, ഉറപ്പായും ആഗ്രഹമുണ്ട്. ഇതുവരെ പ്രയോരിറ്റി ഇവരായിരുന്നു. ഇപ്പോള്‍ മക്കളൊക്കെ വളര്‍ന്നു. ഒരാള്‍ കോളേജിലെത്തി, ഒരാള്‍ പത്താംക്ലാസില്‍. ഇനിയിപ്പോള്‍ തിരിച്ചുവരുന്നതിനെപ്പറ്റിയെല്ലാം ആലോചിക്കാം.

ചെയ്യണം എന്നാഗ്രഹിച്ച കഥാപാത്രമുണ്ടോ?

സത്യത്തില്‍ അങ്ങനെയൊന്നില്ല. ചെയ്തതെല്ലാം ഇഷ്ടമുള്ള കഥാപാത്രങ്ങളായിരുന്നു. ചെയ്യാന്‍ പറ്റാത്തവയോട് നഷ്ടബോധമില്ല. ഇപ്പോഴും ഏത് ക്യാരക്ടര്‍ വേണം എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. സിനിമയില്‍ തിരിച്ചുവരാന്‍ ആഗ്രഹമുണ്ട്. എനിക്ക് പ്രധാന കഥാപാത്രം വേണമെന്നൊന്നുമില്ല. പക്ഷേ, ആളുകള്‍ ഓര്‍ത്തിരിക്കുന്ന, ആ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രം വേണം എന്നാണ് ആഗ്രഹം. 

സിനിമയിലെയും ജീവിതത്തിലെയും സൗഹൃദങ്ങള്‍?

എനിക്ക് സിനിമയില്‍ സൗഹൃദങ്ങളില്ല. എന്റെ സുഹൃത്തുക്കളെല്ലാം സിനിമയ്ക്ക് പുറത്താണ്. അതും വളരെക്കുറച്ചുപേരെയുള്ളൂ. സിനിമയില്‍ ബന്ധങ്ങളുണ്ട്. ഒന്നിച്ച് പ്രവര്‍ത്തിച്ചവര്‍, പരിചയമുള്ളവര്‍... അങ്ങനെയുള്ള ബന്ധങ്ങളാണ് സിനിമയില്‍.

(നടി ജോമോളുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി ഓണപ്പതിപ്പ് വാങ്ങാം)

Content Highlights: actress jomol and family