'ദൈവമുണ്ടെങ്കിൽ അത് തെളിയിക്കാനുള്ള നല്ല ദിനമാണ് ഇന്ന്', 'എന്നും അവൾക്കൊപ്പം'

പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ | MBI
പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ | MBI

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടുവർഷത്തെ നിയമനടപടികൾ പൂർത്തിയാക്കി കുറ്റക്കാർക്കെതിരേ കോടതി വിധി പുറപ്പെടുവിച്ചത് ഇന്നായിരുന്നു. പൾസർ സുനിയടക്കം ആറുപ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി എട്ടാം പ്രതി ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നു കാട്ടി നടനെ കുറ്റവിമുക്തനാക്കി.

വിധി പ്രസ്താവത്തിനു പിന്നാലെ അവൾക്കൊപ്പം എന്ന പോസ്റ്റർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ട് നടി റിമ കല്ലിങ്കൽ പ്രതിഷേധം രേഖപ്പെടുത്തി. 'എന്നും, എന്നത്തേക്കാളും ശക്തമായി, ഇപ്പോൾ' എന്നാണ് പോസ്റ്റിന് നടി നൽകിയ കുറിപ്പ്. 

'ഏതൊരു ലൈംഗികാതിക്രമക്കേസിലും അതിന് ശരിയായ പക്ഷം ഒന്നുമാത്രമേയുള്ളൂ. നിങ്ങൾ ഇരയുടെ പക്ഷത്തല്ലെങ്കിൽ നിങ്ങൾ തെറ്റായ പക്ഷത്താണ്' എന്നൊരു പോസ്റ്റും റിമ കല്ലിങ്കൽ ഷെയൽ ചെയ്തിട്ടുണ്ട്.

നീതിനിഷേധത്തിന്റെ 3215 ദിനങ്ങൾ എന്നു തുടങ്ങുന്ന കുറിപ്പ് കഴിഞ്ഞദിവസം പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പദ്മപ്രിയ തുടങ്ങിയവർ‌ പങ്കുവെച്ചിരുന്നു. 'ദൈവം ഉണ്ടെങ്കിൽ, ഇന്നാണ് അതിന്റെ തെളിവ് ലഭിക്കാൻ നല്ല ദിവസം, കുറഞ്ഞപക്ഷം മനുഷ്യത്വത്തിന്റെ' എന്ന് പാർവതി തിരുവോത്ത് രാവിലെത്തന്നെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു.

വിധി വന്നതിനുപിന്നാലെ, 'അവൾ നമ്മൾക്കുവേണ്ടിയും കൂടിയാണ് ഇതെല്ലാം ചെയ്തത്, കേരള സമൂഹത്തിൽ സ്ത്രീകൾ അതിക്രമങ്ങൾക്കെതിരേ നിലകൊള്ളുന്നതും പോരാടുന്നതും സംസാരിക്കുന്നതും അതിനെ നോക്കിക്കാണുന്നതുമെല്ലാം മാറിയിട്ടുണ്ട്, അവൾക്കൊപ്പം എന്നും'-എന്നൊരു പോസ്റ്റും പാർവതി പങ്കുവെച്ചു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Court acquits Dileep in actress assault case after 8 years. Rima Kallingal and Parvathy Thiruvoth express outrage. Read the full story and reactions.