രജനീകാന്തിന് ബി.എം.ഡബ്ല്യു, കത്രീന കൈഫിന് ഫെരാരി കാര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഫ്‌ളാറ്റ്

സിനിമ വിജയിക്കുമ്പോഴും കോടികള്‍ തിരിച്ചുപിടിക്കുമ്പോഴും അതിലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നത് ഇപ്പോള്‍ ഒട്ടും പുതുമയുള്ള സംഭവമല്ല. അതിന് ബോളിവുഡെന്നോ കോളിവുഡെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. കാര്‍, വാച്ച്, പണം...സമ്മാനങ്ങളുടെ ലിസ്റ്റ് നീളുന്നു.
ഏറ്റവുമൊടുവില്‍ 'ഗോട്ട്' സിനിമയില്‍ അതിഥി വേഷത്തിലെത്തിയ ശിവകാര്‍ത്തികേയന് വിജയ് സമ്മാനമായി നല്‍കിയത് ആഡംബരവാച്ചാണ്. സിനിമയില്‍ പ്രതിഫലം വാങ്ങാതെയായിരുന്നു ശിവകാര്‍ത്തികേയന്‍ അഭിനയിച്ചത്.
വിജയ് സേതുപതി നായകനായ 'മഹാരാജ' ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. സിനിമയുടെ 100-ാം ദിനാഘോഷം കഴിഞ്ഞദിവസമാണ് നടന്നത്. വിജയത്തിന്റെ സന്തോഷസൂചകമായി സംവിധായകന് നിര്‍മാതാക്കള്‍ നല്‍കിയത് ബി.എം.ഡബ്ല്യു 5 സീരീസ് കാര്‍. സംവിധായകന്‍ നിതിലന്‍ സ്വാമിനാഥനാണ് നിര്‍മാതാക്കളായ ജഗദീഷ് പളനിസ്വാമി, സുദന്‍ സുന്ദരം എന്നിവര്‍ ചേര്‍ന്ന് കാര്‍ നല്‍കിയത്. നിതിലന്റെ രണ്ടാമത്തെ സിനിമയാണ് 'മഹാരാജ'.
രജനീകാന്തിന്റെ കഴിഞ്ഞവര്‍ഷത്തെ ഹിറ്റായിരുന്നു 'ജയിലര്‍'. 200 കോടി ചെലവില്‍ നിര്‍മിച്ച സിനിമ തിരിച്ചുപിടിച്ചത് 650 കോടി രൂപ. സിനിമ നിര്‍മിച്ചത് കലാനിധി മാരനാണ്. വിജയാഘോഷത്തിന്റെ ഭാഗമായി നിര്‍മാതാവ് രജനീകാന്തിന് സമ്മാനമായി നല്‍കിയത് ബി.എം.ഡബ്ല്യു എക്‌സ് 7-നും ചെക്കുമാണ്. സിനിമയുടെ നിര്‍മാതാവായ നെല്‍സണ്‍ ദിലിപ്കുമാറിന് ലഭിച്ചത് പോര്‍ഷെ കാറും ചെക്കും. ജയിലറുടെ വിജയത്തിന് പാട്ടുകളും വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ടാവാം സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനും ലഭിച്ചു പോര്‍ഷെ കാറും ചെക്കും. ചെക്കിലുള്ള തുകയെത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതുമാത്രമല്ല ഷൂട്ടിങ് ക്രൂവിലുണ്ടായിരുന്നവര്‍ക്കെല്ലാം കൂടി 300 സ്വര്‍ണനാണയവും സമ്മാനമായി കിട്ടി.
2022-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ സിനിമയാണ് 'വിക്രം'. അത് നിര്‍മിച്ചതും കമല്‍ തന്നെ. സിനിമയില്‍ അതിഥിതാരമായി സൂര്യയുമുണ്ട്. 120 കോടി രൂപയ്ക്ക് നിര്‍മിച്ച സിനിമ 500 കോടിക്കടുത്ത് കളക്ഷന്‍ നേടിയിരുന്നു. സിനിമ വിജയിച്ചപ്പോള്‍, തന്റെ റോളക്‌സ് വാച്ചാണ് സൂര്യയ്ക്ക് കമല്‍ നല്‍കിയത്. സംവിധായകന്‍ ലോകേഷ് കനകരാജിന് നല്‍കിയത് ലെക്‌സസ് ഇ.എസ് 300 എച്ച് കാറും.
ബാഹുബലി എന്ന ഒരൊറ്റ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായ താരമാണ് പ്രഭാസ്. ബാഹുബലിയിലെ കഥാപാത്രങ്ങള്‍ക്കായി താരം ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. താരത്തിന്റെ അര്‍പ്പണബോധം കണ്ട് നിര്‍മാതാക്കള്‍ ഒന്നര കോടി രൂപയുടെ ജിം ഉപകരണങ്ങളാണ് പ്രഭാസിന് സമ്മാനിച്ചത്.
'ഭൂല്‍ ഭുലയ്യ-2'ല്‍ കാര്‍ത്തിക് ആര്യനാണ് നായകനായെത്തിയത്. വന്‍വിജയമാണ് സിനിമ നേടിയത്. അതിനുപിറകെ നിര്‍മാതാവ് ഭൂഷണ്‍കുമാര്‍, കാര്‍ത്തിക് ആര്യന് നല്‍കിയത് മെക്‌ലാരന്‍ ജി.ടി കാറാണ്. ഏകദേശം അഞ്ചുകോടിക്കടുത്താണ് കാറിനു വില.
'റാ.വണി'ന്റെ വിജയത്തിനുശേഷം ഷാരൂഖ് ഖാന്‍ സിനിമയിലെ മറ്റുതാരങ്ങള്‍ക്കും സംവിധായകനും നല്‍കിയത് ബി.എം.ഡബ്ല്യു 7 സീരീസിലുള്ള കാറാണ്. രജനീകാന്തിനും അര്‍ജുന്‍ രാംപാലിനും സംവിധായകന്‍ അനുഭവ് സിന്‍ഹയ്ക്കുമാണ് കിങ് ഖാന്‍ കാര്‍ സമ്മാനിച്ചത്. ഷാരൂഖിന്റെ 'സീറോ' എന്ന സിനിമയില്‍ അതിഥിവേഷത്തില്‍ സല്‍മാന്‍ ഖാന്‍ എത്തിയിരുന്നു. സല്‍മാനോടുള്ള സ്‌നേഹസൂചകമായി ഷാരൂഖ് നല്‍കിയത് ഒരു മെഴ്‌സിഡസ് ബെന്‍സാണ്. ഷാരൂഖിന്റെ സിനിമയില്‍ അഭിനയിക്കുന്നതിനായി തന്റെ സിനിമയിലെ നൃത്തരംഗത്തിന്റെ ഷൂട്ടിങ് പോലും സല്‍മാന്‍ മാറ്റിവെച്ചിരുന്നു.
'കിക്ക്' എന്ന സിനിമയിലെ പ്രകടനം ഇഷ്ടപ്പെട്ട സല്‍മാന്‍ ഖാന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് രണ്ട് സമ്മാനങ്ങളാണ് നല്‍കിയത്. രണ്ടര കോടിയുടെ പെയിന്റിങ്ങും, ഒപ്പം 3 ബെഡ്‌റൂം ഫ്‌ളാറ്റും. 'ദബംങ് 2'-ല്‍ കരീന കപൂര്‍ ഒരു ഐറ്റം സോങ്ങില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനായി കരീന പ്രതിഫലമൊന്നും വാങ്ങിയിരുന്നില്ല. പാട്ടുസീനില്‍ അഭിനയിച്ചതിന് ബി.എം.ഡബ്ല്യു 7 സീരീസ് കാറാണ് സല്‍മാന്‍ കരീനയ്ക്ക് സമ്മാനിച്ചത്. 'ദബംങ് 3'-ല്‍ കിച്ച സുദീപും അഭിനയിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞശേഷം അദ്ദേഹത്തിന് സല്‍മാന്‍ സമ്മാനിച്ചത് ബി.എം.ഡബ്ല്യു എം.5 ആണ്.
'അഗ്നീപഥ്' എന്ന സിനിമയില്‍ നായികാനായകന്‍മാരായത് ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയുമാണ്. സിനിമയില്‍ 'ചിക്‌നി ചമേലി' എന്ന ഗാനരംഗത്തില്‍മാത്രം കത്രീന കൈഫ് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, പ്രതിഫലമൊന്നും വാങ്ങാതെയാണ് കത്രീന അഭിനയിച്ചത്. ഒടുവില്‍ കത്രീനയ്ക്ക് സമ്മാനമായി നിര്‍മാതാവ് കരണ്‍ ജോഹര്‍ സമ്മാനിച്ചത് ഫെരാരി കാറാണത്രേ.
Content Highlights: actors who received expensive gifts