കേട്ടെഴുതിയ ജീവനക്കാരന് പിഴവ് പറ്റി; അങ്ങനെയാണ് മമിത മമിതയായത്

വര്‍ഷം 2001. ഇടമുറിയാതെ മഴ പെയ്ത ഒരു ജൂണ്‍മാസപ്പകല്‍. അന്നേദിനം പിറന്ന തന്റെ പെണ്‍കുഞ്ഞിന്റെ പേര് ജനനസര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാന്‍ ഡോ.ബൈജു ആശുപത്രി ജീവനക്കാരന് പറഞ്ഞുകൊടുത്തു: 'നമിത.' കേട്ടെഴുതിയ ജീവനക്കാരന് പേര് മാറി. 'നമിത' എന്നത് 'മമിത' എന്നായി. സര്‍ട്ടിഫിക്കറ്റിലെ ആ പിഴവ് ആരും ശ്രദ്ധിച്ചില്ല. സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ അവിടത്തെ സിസ്റ്റര്‍ പിഴവ് കണ്ടെത്തി. തിരുത്താം എന്ന് ഡോ.ബൈജു പറഞ്ഞപ്പോള്‍ സിസ്റ്ററുടെ മറുപടി ഇങ്ങനെ: ''ഈ സ്‌കൂളില്‍ ഒരുപാട് നമിതമാരുണ്ട്. ആ പേരിനൊരു പുതുമയില്ല. അതിനാല്‍ ഇനി മാറ്റാന്‍ നില്‍ക്കേണ്ട. ഇങ്ങനെതന്നെയിരിക്കട്ടെ.'' അങ്ങനെ നമിത, മമിതയായി. പേരിന്റെ അര്‍ഥംപോലെ വളര്‍ന്നപ്പോള്‍ മലയാളസിനിമയുടെ മധുരമായി.
സൂപ്പര്‍ ശരണ്യയിലെ 'സോന', പ്രണയവിലാസത്തിലെ 'ഗോപിക', ഓപ്പറേഷന്‍ ജാവയിലെ 'അല്‍ഫോണ്‍സ', ഖൊ ഖൊയിലെ 'അഞ്ജു', പ്രേമലുവിലെ റീനു...കുറഞ്ഞകാലംകൊണ്ട് മമിത മധുരമാക്കിയ കഥാപാത്രങ്ങള്‍ ചുരുക്കമല്ല. നിറഞ്ഞ ചിരിയോടെ പുതുവിശേഷങ്ങളുടെ മധുരപ്പെട്ടി മമിത ഗൃഹലക്ഷ്മിക്ക് മുന്നില്‍ തുറന്നു.
മെഡിസിന് പോകാനിരുന്നയാള്‍ സിനിമ കരിയറാക്കാം എന്ന് തീരുമാനിച്ചത് എപ്പോഴാണ്?
പത്ത് സിനിമ കഴിഞ്ഞപ്പോള്‍ (ചിരിക്കുന്നു). സത്യം പറഞ്ഞാല്‍ 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ' എന്ന സിനിമ കഴിഞ്ഞപ്പോഴാണത്. ഞാന്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയം. ഇനി ഏത് മേഖലയിലേക്ക് പോകണം എന്നൊരു ചോദ്യം നേരിട്ടുതുടങ്ങി. എന്തിന് പോയാലും സിനിമ വിടാന്‍ പറ്റില്ലെന്ന് മനസ്സിലായി. കാരണം അത്രമാത്രം സിനിമയെ ഇഷ്ടപ്പെട്ടിരുന്നു. മെഡിസിന്‍ ഫീല്‍ഡിലേക്ക് പോകാനായിരുന്നു അതിനുമുന്‍പുവരെ എനിക്കും വീട്ടുകാര്‍ക്കും താത്പര്യം. എന്നാല്‍, സിനിമ മതി എന്ന് ഞാന്‍ പറഞ്ഞു. അന്ന് നടി എന്ന പേരില്‍ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ല. എന്റെ തീരുമാനം വീട്ടുകാര്‍ക്കും ഓക്കെയായിരുന്നു.
(കൂടുതല്‍ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
Content Highlights: actor mamitha baiju talking about her life and cinema