' വരുൺ ധവാന് സൽമാൻ ഖാനാവാനാവില്ല, കേവലം സെക്കൻഡ് ഹാൻഡ് ചിത്രങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്'-വിമർശനം

1999-ൽ പുറത്തിറങ്ങിയ 'ബീവി നമ്പർ 1' എന്ന ചിത്രത്തിലെ ഐതിഹാസിക ഗാനമാണ് 'ചുന്നരി ചുന്നരി'. സൽമാൻ ഖാൻ അവിസ്മരണീയമാക്കിയ ഈ ഗാനം അഭിജിത് ഭട്ടാചാര്യയും അനുരാധ ശ്രീറാമും ചേർന്നാണ് ആലപിച്ചത്. 'ഹേ ജവാനി തോ ഇഷ്ക് ഹോനാ ഹേ' എന്ന പുതിയ ചിത്രത്തിൽ ഈ പാട്ടിന്റെ റീമേക്ക് ഉൾപ്പെടുത്തിയത് വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ. 'ചുന്നരി ചുന്നരി: ലെറ്റ്സ് ഗോ' എന്ന് പേരിട്ടിരിക്കുന്ന റീമേക്ക് പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികരണങ്ങളിൽ ഭൂരിഭാഗവും നെഗറ്റീവ് ആയിരുന്നു.
വരുൺ ധവാൻ, മൃണാൾ താക്കൂർ, പൂജ ഹെഗ്ഡെ എന്നിവർ പ്രധാനവേഷത്തിലെത്തിയ ഗാനം വ്യാപകമായി വിമർശിക്കപ്പെടുകയാണ്. ഇതിനിടെ ഗായകൻ അഭിജിത് ഭട്ടാചാര്യയും ശക്തമായി പ്രതികരിച്ചു. യഥാർത്ഥ ഗാനത്തിൻ്റെ കാതൽ റീമേക്ക് നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹമാരോപിച്ചു.
എഎൻഐയോട് സംസാരിക്കവേ, സൽമാൻ ഖാൻ്റെ കരിയറിൽ ഈ ഗാനം എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്ന് അഭിജിത് അനുസ്മരിച്ചു. 1999-ൽ സൽമാൻ ഖാൻ വലിയ താരപദവിയിലേക്ക് വളർന്നു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് 'ചുന്നരി ചുന്നരി' പുറത്തിറങ്ങിയത്, അത് അദ്ദേഹത്തിന് വലിയ രീതിയിൽ സഹായകമായി. "ഇത് സൽമാൻ ഖാൻ്റെ ഏറ്റവും വലിയ ഗാനമായിരുന്നു. അത് പുറത്തിറങ്ങിയതിന് ശേഷം ഇന്നുവരെ ഗാനം ട്രെൻഡിംഗിലാണ്," അദ്ദേഹം പറഞ്ഞു.
"പുതിയ പതിപ്പിൽ പ്രവർത്തിക്കുന്ന സംഗീത സംവിധായകരോ ചിത്രത്തിൻ്റെ സംവിധായകരോ എന്നെ ബന്ധപ്പെട്ടില്ല. എന്നോട് പറയാൻ അവർക്ക് ധൈര്യമുണ്ടായില്ല. പുതിയ പതിപ്പ് കേട്ടപ്പോൾ അത് ഒരു ഭജൻ പോലെയാണ് തോന്നിയത്. 'ചുന്നരി ചുന്നരി' ഒരു പ്രണയഗാനമായിരുന്നു, ഇപ്പോൾ അവർ അതിനെ ഒരു ഭജൻ ആക്കി മാറ്റിയിരിക്കുന്നു," അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ പ്രധാന താരമായ വരുൺ ധവാനെയും അദ്ദേഹം വിമർശിച്ചു. "വരുൺ ധവാൻ കേവലം second hand ചിത്രങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ അച്ഛൻ ഡേവിഡ് ധവാൻ സംവിധാനം ചെയ്ത യഥാർത്ഥ ചിത്രങ്ങളുടെ റീമേക്കുകൾ. പഴയ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ഉപയോഗിക്കുന്നു. വരുൺ ധവാൻ ഗാനങ്ങൾ ചെയ്തതുകൊണ്ട് സൽമാൻ ഖാൻ ആകില്ല. സൽമാൻ ഖാനും വരുൺ ധവാനും തമ്മിൽ വലിയ വ്യത്യാസമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡേവിഡ് ധവാനും വരുൺ ധവാനും ഒരുമിച്ചുള്ള നാലാമത്തെ ചിത്രമാണിത്. ചങ്കി പാണ്ഡെ, ജിമ്മി ഷെർഗിൽ, മൗനി റോയ്, രാജേഷ് കുമാർ, അലി അസ്ഗർ, രാകേഷ് ബേദി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജൂൺ 5 ന് തിയേറ്ററുകളിൽ എത്തും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Abhijeet Bhattacharya criticizes the remake of his iconic 1999 track Chunnari Chunnari., The singer claims he was not consulted by the makers of Hai Jawani Toh Ishq Hona Hai., Bhattacharya dismisses the new version as sounding like a bhajan rather than a romantic track., The singer drew a sharp comparison between Varun Dhawan and Salman Khan., Hai Jawani Toh Ishq Hona Hai is scheduled for release on June 5, 2026.