എനിക്ക് വലിയ കമ്പനിയിൽ നിന്ന് 125 കോടി രൂപ വേണ്ട, എന്റെ പ്രേക്ഷകരിൽ നിന്ന് 100 രൂപ മതി; കള്ളം പറയേണ്ടി വന്നതിൽ ക്ഷമ ചോദിച്ച് ആമിർഖാൻ

ആമിർ ഖാൻ / AFP
ആമിർ ഖാൻ / AFP

‘സിതാരെ സമീൻ പർ’ ഡിജിറ്റൽ റിലീസിനെക്കുറിച്ച് കള്ളം പറഞ്ഞതിന് പ്രേക്ഷകരോട് ക്ഷമ ചോദിച്ച് നടൻ ആമിർഖാൻ. മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നടൻ കാര്യങ്ങൾ വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'സിതാരെ സമീൻ പർ' തിയേറ്റർ റിലീസ് മാത്രമായിരിക്കും എന്നായിരുന്നു ആദ്യം മുതലുള്ള പ്രചാരണം. എന്നാൽ ഏറെ നാളായി പ്രചരിച്ചിരുന്ന ആ വാർത്തയ്ക്കു പിന്നിലെ സത്യവും അങ്ങനെ പ്രചരിപ്പിക്കേണ്ടി വന്നതിനു പിന്നിലെ കാരണവും കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.

''സിതാരെ സമീൻ പർ' യൂട്യൂബിൽ റിലീസ് ചെയ്യില്ലെന്ന് ഞാൻ കള്ളം പറഞ്ഞു, അതിന് ഞാൻ കൈകൂപ്പി മാപ്പ് ചോദിക്കുന്നു. എനിക്ക് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ഞാനത് ചെയ്തത്. സിനിമയുടെ തിയേറ്റർ ബിസിനസ്സ് എനിക്ക് സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. ഞാൻ തിയേറ്ററുകളോട് വളരെ കൂറുള്ളവനാണ്. എന്റെ ജീവിതം ആരംഭിച്ചത് സിനിമയിലൂടെയാണ്. അതിനാൽ എന്റെ സിനിമകളുടെ തിയേറ്റർ ബിസിനസ്സ് സംരക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. എന്നിരുന്നാലും എനിക്ക് കള്ളം പറയേണ്ടി വന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അല്ലെങ്കിൽ ഈ സിനിമയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾ അവിടെ അവസാനിക്കുമായിരുന്നു.' അദ്ദേഹം പറഞ്ഞു. തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് അറിയാമായിരുന്നോ എന്നും, എല്ലാവരോടും കള്ളം പറയുകയായിരുന്നോ എന്നുമുള്ള ചോദ്യത്തിനായിരുന്നു മറുപടി. ഒടിടി റിലീസ് ഒഴിവാക്കി യൂട്യൂബിൽ നേരിട്ട് സിനിമ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

'തിയേറ്റർ റിലീസിന് 8 ആഴ്ചകൾക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്യുന്നത് സിനിമാ വ്യവസായത്തിന് ഗുണം ചെയ്തിട്ടില്ലെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നു. പേ-പെർ-വ്യൂ മോഡലും സബ്സ്‌ക്രിപ്ഷൻ മോഡലും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 8 ആഴ്ചയ്ക്ക് ശേഷം ഒരു സബ്സ്‌ക്രിപ്ഷൻ മോഡലിൽ ഞാൻ ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ, ആളുകൾ എന്റെ സിനിമ വാങ്ങുകയല്ല ചെയ്യുന്നത്. അവർ ഒടിടി പ്ലാറ്റ്ഫോമിന് വരിസംഖ്യ നൽകുക മാത്രമാണ് ചെയ്യുന്നത്.

അപ്പോഴേക്കും ആരെങ്കിലും അത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരു വിഷയമല്ലാതായി മാറും. എനിക്ക് ഒരു വലിയ കമ്പനിയിൽ നിന്ന് 125 കോടി രൂപ വേണ്ട, എന്റെ പ്രേക്ഷകരിൽ നിന്ന് 100 രൂപ മതി. ഈ ഉദ്ദേശ്യത്തോടെയാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് താൻ ആമിർ ഖാൻ ടാക്കീസ് എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. എല്ലാ ഇന്ത്യക്കാർക്കും താങ്ങാനാവുന്ന തരത്തിൽ ന്യായമായ വിലയിൽ സിനിമ എത്തിക്കുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമാണ്. ആമിർ ഖാൻ ടാക്കീസിനെ ഞാൻ 'ജന്ത കാ തിയേറ്റർ' എന്ന് വിളിച്ചത് അത് യഥാർത്ഥത്തിൽ ആളുകളുടെ സ്വകാര്യ തിയേറ്റർ ആയതുകൊണ്ടാണ്.' ആമിർ പറഞ്ഞു.

ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കൂടുതലും താൽപ്പര്യം വലിയ താരങ്ങളുള്ള സിനിമകൾ വാങ്ങാനാണ്. അങ്ങനെ വരുമ്പോൾ മറ്റുള്ളവരെല്ലാം എവിടെ പോകുമെന്നും നടൻ ചോദിച്ചു. 'സിതാരെ സമീൻ പർ' ഓഗസ്റ്റ് 1-ന് യൂട്യൂബിൽ റിലീസ് ചെയ്യും. 100 രൂപയ്ക്ക് ഇത് കാണാം. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ലഗാൻ (2001), താരെ സമീൻ പർ (2007), പീപ്ലി ലൈവ് (2010) തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടെ എല്ലാ സിനിമകളും യൂട്യൂബിൽ റിലീസ് ചെയ്യാൻ അദ്ദേഹം പദ്ധതിയിടുന്നുണ്ട്. അദ്ദേഹത്തിന്റെ പിതാവും അന്തരിച്ച ചലച്ചിത്രകാരനുമായ താഹിർ ഹുസൈന്റെ സിനിമകളും ഈ പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: aamir khan apologizes for misleading the public about `taare zameen par`s digital release, explaining his reasons in a Mumbai press conference.