മഹാഭാരതം എന്റെ അവസാനത്തെ ചിത്രമാവാം, ഇതില്‍കൂടുതല്‍ ചെയ്യാനാവുമെന്ന് തോന്നുന്നില്ല

അടുത്തിടെയാണ് ആമിര്‍ ഖാന്‍ തന്റെ സ്വപ്‌നസിനിമയായ 'മഹാഭാരത'ത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായിരിക്കും അതെന്നും ഒരുപക്ഷേ, താന്‍ ചെയ്യാനുദ്ദേശിക്കുന്ന അവസാനത്തെ ചിത്രമാവുമതെന്നും ആമിര്‍ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. 'സിതാരെ സമീന്‍ പര്‍' എന്ന ചിത്രത്തിന്റെ റിലീസിനു പിന്നാലെ മഹാഭാരതത്തിന്റെ പണികള്‍ തുടങ്ങാന്‍ പോവുകയാണെന്നും അദ്ദേഹം പറയുന്നു.
ആമിര്‍ ഖാന്റെ അവസാന ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കുമെന്ന ചോദ്യത്തിനാണ് ഇങ്ങനെയൊരു മറുപടി അദ്ദേഹം നല്‍കിയത്. 'മഹാഭാരതം നിര്‍മിക്കുക എന്നത് എന്റെ സ്വപ്നമാണ്, ജൂണ്‍ 20-ന് 'സീതാരേ സമീന്‍ പര്‍' റിലീസ് ചെയ്തതിനുശേഷം ഞാന്‍ അതിന്റെ പണികള്‍ ആരംഭിക്കും. ചെയ്തുകഴിഞ്ഞാല്‍, ശേഷം മറ്റൊന്നും എനിക്ക് ചെയ്യാനാവില്ലെന്നൊരു തോന്നലുണ്ടാക്കുന്ന പ്രോജക്റ്റാണിത്. അത്രമാത്രം ഗാംഭീര്യമുള്ളതാണ്. ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം മഹാഭാരതത്തില്‍ കണ്ടെത്താന്‍ കഴിയും.'- ആമിര്‍ പറഞ്ഞു.
അതേസമയം, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ മരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ആമിര്‍ പറഞ്ഞു. 'എല്ലാവരുടെയും ആഗ്രഹം അതാണെന്ന് തോന്നുന്നു. മഹാഭാരതം ചെയ്തുകഴിഞ്ഞാല്‍, അതിനപ്പുറം ഒന്നും ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നില്ല എന്നൊരു വികാരം എനിക്കുണ്ട്, ഒരുപക്ഷേ, എനിക്കറിയില്ല.
സ്വന്തമായിട്ടാണോ സംവിധാനം ചെയ്യാനുദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ചിത്രത്തിന്റെ സ്വഭാവമനുസരിച്ച് ഒന്നിലധികം സംവിധായകരെ ആവശ്യമായി വരുമെന്നും ഏറ്റവും മികച്ച, കഥാപാത്രങ്ങളാവാന്‍ പ്രാപ്തരായ താരങ്ങളെ കൊണ്ടുവരുമെന്നും ആമിര്‍ പറഞ്ഞു. 'അതേസമയം, ഒറ്റ സിനിമയിലൂടെ മഹാഭാരതം മുഴുവന്‍ പറയാന്‍ കഴിയില്ല. അതിനാല്‍, ഒന്നിലധികം സിനിമകളാണ് ചെയ്യാന്‍ ആലോചിക്കുന്നത്. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ അത് പ്ലാന്‍ ചെയ്യണമെങ്കില്‍ ഒന്നിലധികം സംവിധായകരെ ആവശ്യമായി വന്നേക്കാം. ഒന്നിനുപുറകെ ഒന്നായി ചെയ്താല്‍, വളരെ സമയമെടുക്കും.'-ആമിര്‍ പറഞ്ഞു.
Content Highlights: aamir khan says mahabharat might be his last film