അഞ്ച് ക്ലൈമാക്‌സുമായെത്തിയ ആമിർ ഖാൻ സിനിമ; വിദേശത്തുനിന്ന് മാത്രം നേടിയത് 2000 കോടി

2016-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ദംഗൽ'. ആമിർ ഖാന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണത്. മുൻ ഗുസ്തിക്കാരനായ മഹാവീർ സിങ് ഫോഗട്ടിന്റെയും അദ്ദേഹത്തിന്റെ മക്കളും ഗുസ്തിതാരങ്ങളുമായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും ജീവിതകഥ പറയുന്ന സിനിമയാണ് 'ദംഗൽ'.
സിനിമയ്ക്കായി അഞ്ച് ക്ലൈമാക്‌സുകൾ തയ്യാറാക്കിയിരുന്നുവെന്ന് പറയുകയാണിപ്പോൾ സംവിധായകൻ നിതേഷ് തിവാരി. നിതേഷ് തിവാരിക്കൊപ്പം പീയുഷ് ഗുപ്ത, ശ്രേയസ് ജെയിൻ, നിഖിൽ മൽഹോത്ര എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. പ്രേക്ഷകരെ എങ്ങനെയും പിടിച്ചിരുത്തുക എന്നതായിരുന്നു ലക്ഷ്യം.
''സിനിമയുടെ അവസാനം നടക്കുന്ന മത്സരത്തിൽ ഗീത ഫോഗട്ട് സ്വർണമെഡൽ നേടുമെന്നത് പ്രേക്ഷകർക്ക് നേരത്തെ ഉറപ്പായ കാര്യമാണ്. അതുകൊണ്ട് തന്നെ ആളുകൾക്ക് കൂടുതൽ എൻഗേജിങ് ആയ രീതിയിൽ സിനിമ അവസാനിപ്പിക്കണമെന്നതായിരുന്നു ആഗ്രഹം. ഗീതയുടെ പിതാവ് ആ ഫൈനൽ മത്സരത്തിൽ വരാതിരിക്കണം. എങ്കിലേ ഗീത ആ മത്സരത്തിൽ തോൽക്കൂവെന്ന ഒരു തോന്നലെങ്കിലും കാണുന്നവരിൽ ഉണ്ടാവൂ. പിതാവ് ആ മത്സരത്തിൽ വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ക്ലൈമാക്‌സ് സീനുകൾ തയ്യാറാക്കി. അവസാനം ഒന്നിൽ ഉറപ്പിക്കുകയായിരുന്നു'', നിതേഷ് തിവാരി പറയുന്നു.
ആമിർ ഖാനൊപ്പം സിദ്ദാർത്ഥ് റോയ് കപൂർ, കിരൺ റാവു എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചത്. 70 കോടിക്ക് നിർമിച്ച സിനിമ ബോക്‌സോഫീസിലും വമ്പിച്ച പ്രകടനം കാഴ്ചവെച്ചു. വിദേശത്തുനിന്നും ഇന്ത്യയിൽനിന്നുമായി 2100 കോടി രൂപയാണ് സിനിമ കളക്ട് ചെയ്തത്. വിദേശത്ത് 2000 കോടി കടന്ന ഏക ഇന്ത്യൻസിനിമയും ഇതുതന്നെ.
ചൈനയിൽ ഒരു ട്രെൻഡ് തന്നെയുണ്ടാക്കി ഈ സിനിമ. ചൈനീസ് പ്രേക്ഷകർ പതുക്കെ ഹോളിവുഡ് സിനിമകളിൽനിന്ന് അകലാൻ തുടങ്ങിയതും മറ്റ് ഭാഷകളിലുള്ള സിനിമകളോട് കൂടുതൽ അടുത്തുതുടങ്ങിയതും ഇതോടെയാണ്. ചൈനീസ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽനിന്നായി 400 ദശലക്ഷം തവണ സിനിമ കണ്ടുകഴിഞ്ഞു.
Content Highlights: 5 climax scenes for dangal movie