നമ്മുടെശരീരത്തില് ഒഴിച്ചുകൂടാനാകാത്ത പ്രവര്‍ത്തന സംവിധാനമാണ് രോഗപ്രതിരോധ സംവിധാനം അഥവാ ഇമ്യൂണ്‍ സിസ്റ്റം. ഒരു മനുഷ്യന്റെ രോഗാവസ്ഥ മുതല്‍ മരണം വരെ നിശ്ചയിക്കാനുള്ള കഴിവ് പ്രതിരോധശേഷിക്കുണ്ട്. മുലപ്പാലില്‍ നിന്നാണ് ശരീരത്തില്‍ ആദ്യമായി പ്രതിരോധശേഷി ഉണ്ടാകുന്നത്. ഈ പ്രതിരോധശേഷി ഉല്‍പ്പാദിപ്പിക്കാനും ഉത്തേജിപ്പിക്കാനും കഴിവുള്ള ഒരു പദാര്‍ത്ഥമാണ് ആന്റിജന്‍. അവ ശരീരത്തിലെ അണുബാധയെ ചെറുക്കുന്ന വെളുത്ത രക്താണുക്കളാണ്. ശരീരത്തിന്റെ സമസ്ഥാപനം അഥവാ ഹോമിയോസ്റ്റാസിസ് നിലനിര്‍ത്തുന്നതിനുള്ള ഒരു പ്രധാനഘടകം കൂടിയാണ് പ്രതിരോധശേഷി. ഇടയ്ക്കിടെ ഉണ്ടാകുന്ന അണുബാധ, രക്തക്കുറവ്, ആന്തരിക അവയവങ്ങളില്‍ ഉണ്ടാകുന്ന വീക്കം, ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍, വിശപ്പില്ലായ്മ, കുട്ടികളില്‍ കാണപ്പെടുന്ന വളര്‍ച്ചക്കുറവും വികസന കാലതാമസം എന്നിവയെല്ലാം പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.
പ്രതിരോധശേഷി കുറയാനുള്ള കാരണങ്ങള്‍
നമ്മുടെ ജീവിതശൈലിയാണ് ആരോഗ്യവും രോഗാവസ്ഥയും നിശ്ചയിക്കുന്നത്. സമ്പൂര്‍ണ്ണമല്ലാത്ത ആഹാരരീതി കൊണ്ടുണ്ടാകുന്ന പോഷകക്കുറവ് പ്രതിരോധശേഷി കുറയാനുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകമായി പ്രോട്ടീന്‍, വിറ്റാമിനുകള്‍, മിനറലുകള്‍ പോലുള്ള പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണക്രമം രോഗപ്രതിരോധ പ്രതികരണങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അമിതമായ പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, ശാരീരികമോ മാനസികമോ ആയ സമ്മര്‍ദം, വ്യായാമക്കുറവ് ഇവയെല്ലാം പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന കാരണങ്ങളാണ്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും പ്രതിരോധശേഷിയില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ജനിതകമായി കാണപ്പെടുന്ന വൈകല്യങ്ങള്‍ കൊണ്ടും, ക്യാന്‍സര്‍, എച്ച്.ഐ.വി, കോവിഡ്, ഓട്ടോ ഇമ്യൂണ്‍ ഡിസീസസ് പോലുള്ള അസുഖങ്ങള്‍, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവ ഇമ്യൂണിറ്റി കുറയ്ക്കുന്നു. രോഗപ്രതിരോധത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സുപ്രധാന അവയവമാണ് പ്ലീഹ(spleen). ഈ അവയവം രക്തം ഫില്‍ട്ടര്‍ ചെയ്ത് അസാധാരണമായ കോശങ്ങളെ നീക്കം ചെയ്യുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്ലീഹയില്‍ ഉണ്ടാകുന്ന വീക്കം, ക്യാന്‍സര്‍, അണുബാധ, സിസ്റ്റ്/ട്യൂമര്‍ എന്നിവ കാരണം പ്ലീഹയെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടി വരാറുണ്ട്. ഇതുമൂലം പ്രതിരോധശേഷി ഗണ്യമായി കുറയുകയും പതിയെ മറ്റ് രോഗങ്ങളിലേക്ക്് വഴിവെക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി കൂട്ടാനുള്ള വഴികള്‍
സമീകൃതവും സമ്പൂര്‍ണ്ണവുമായ ആഹാരക്രമം പ്രതിരോധ പ്രവര്‍ത്തനത്തെ നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും സഹായിക്കും. അതിനാവശ്യമായ പ്രധാന പോഷകങ്ങള്‍ ആണ് പ്രോട്ടീന്‍, വിറ്റാമിനുകളായ എ,സി,ഡി,ഇ, ഒമേഗ3 ഫാറ്റി ആസിഡ് എന്നിവ. കൂടാതെ മൂലകങ്ങള്‍ ആയ ഫോളേറ്റ് (പയറുവര്‍ഗ്ഗങ്ങള്‍, ലിവര്‍, ഇലക്കറികള്‍, ബ്രോക്കോലി), സിങ്ക് (മത്സ്യം, മാംസം, സീഫുഡ്), സെലീനിയം (മത്സ്യം, കക്കയിറച്ചി, റെഡ്മീറ്റ്, ധാന്യങ്ങള്‍, മുട്ട, പാല്, ചിക്കന്‍, പാലുല്പന്നങ്ങള്, യീസ്റ്റ്, നട്ട്സ്, ലിവര്‍, വെളുത്തുള്ളി, സവാള), അയണ്‍ (ലിവര്‍, റെഡ്മീറ്റ്, ചിക്കന്‍, ഇലക്കറികള്‍, മാതളം, ഡ്രൈഫ്രൂട്ട്, എള്ള്), പ്രോബയോട്ടിക്കുകള്‍, പ്രീബയോട്ടിക്കുകള്‍, കാറ്റക്കിന്‍സ് തുടങ്ങിയവയും പ്രതിരോധശേഷി കൂട്ടുന്ന ഘടകങ്ങളാണ്.

ഇമ്യൂണ്‍ സെല്‍സിനെ നിര്‍മ്മിക്കുന്നത് പ്രോട്ടീനുകളാണ്. അതിനാല്‍ തന്നെ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, മാംസം, മുട്ട, പയറുവര്‍ഗ്ഗങ്ങള്‍, പാലുല്പന്നങ്ങള്, പരിപ്പുകള്‍, നട്ട്സ്, വിത്തുകള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മാത്രമല്ല പ്രോട്ടീനുകളുടെ ഘടകങ്ങളായ അമിനോ ആസിഡുകള്‍ അണുബാധയെ ചെറുത്തുനിര്‍ത്തി പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ നിറഞ്ഞിരിക്കുന്ന ഇലക്കറികള്‍, ഓറഞ്ച്, മാമ്പഴം, പപ്പായ, കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, പാല്, പാലുല്‍പ്പന്നങ്ങള്‍, ലിവര്‍, മീന്‍, മുട്ട എന്നിവ കഴിക്കുന്നതിലൂടെ ശരീരത്തിലെ ഇമ്യൂണ്‍ സെല്‍സിനെ ഉത്തേജിപ്പിക്കും.
വിറ്റാമിന്‍ സി കൂടുതലായും കാണപ്പെടുന്നത് സിട്രസ് പഴങ്ങളിലാണ്. അതായത് നെല്ലിക്ക, ചെറുനാരങ്ങ, ഓറഞ്ച്, കിവി, മുസാമ്പി, പേരക്ക, പപ്പായ, കാപ്സിക്കം, ബ്രോക്കോലി, എന്നിവയെല്ലാം കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഇവ ആന്റിഓക്സിഡന്ുകളായി പ്രവര്‍ത്തിക്കുകയും പ്രതിരോധകോശങ്ങളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മീന്‍, നട്ട്സ്, സീഡ്സ്, സോയ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അണുബാധ കൊണ്ടോ മറ്റ് കാരണങ്ങള്‍കൊണ്ടോ ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കാനും ഉപകരിക്കുന്നു.
ദഹനത്തിനായി സഹായിക്കുന്ന, കുടലില്‍ കാണപ്പെടുന്ന നല്ലയിനം ബാക്റ്റീരിയകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പ്രോബയോട്ടിക്കുകളും പ്രീബയോട്ടിക്കുകളും. ഇവ ശരീരത്തില്‍ കടന്നുകൂടുന്ന അണുബാധയ്ക്ക് കാരണമാകുന്ന ആന്റിജെനുകള്ക്കെതിരെ പ്രതികരിക്കുകയും, ഹൈപര്സെന്സിറ്റിവിറ്റി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. തൈര്, പുളിപ്പിച്ച ചീസ്, അച്ചാറുകള്‍, കൊമ്പുച്ച, ആപ്പിള്‍ സിഡെര്‍ വിനിഗര്‍, കിംചി, സോര്‍ക്രോട്ട് എന്നിവയെല്ലാം പ്രോബയോട്ടിക്കുകളുടെ നല്ല ഉറവിടങ്ങളാണ്. പ്രീബയോട്ടിക്കുകള്‍ കൂടുതലായും കാണപ്പെടുന്നത് ആപ്പിള്‍,നേന്ത്രപ്പഴം, അവോക്കാഡോ, മുഴുധാന്യങ്ങള്‍, സവാള, ബാര്‍ളി, ഓട്സ്, ഫ്ലാക്സ് സീഡുകള്‍ എന്നിവയിലെല്ലാമാണ്. പഴങ്ങളിലും പല ഹെര്‍ബല്‍ ടീകളിലും കാണപ്പെടുന്ന ആന്റിഓക്സിഡന്റുകളായ കാറ്റക്കിന്‍സ് പ്രതിരോധപ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്സ്, സീഡ്സ്, മുഴുധാന്യങ്ങള്‍, പാല്, പാലുല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങളായ ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, തുളസി, പുതിന, കറുവപ്പട്ട, ഏലക്ക എന്നിവയെല്ലാം പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ആഹാരങ്ങളാണ്.
ആരോഗ്യകരമായ രോഗപ്രതിരോധത്തിന് ധാരാളം വെള്ളം കുടിച്ചേ തീരൂ. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും, നിര്‍ജലീകരണം കുറയ്ക്കാനും വിഷവസ്തുക്കളെയും മറ്റും പുറന്തള്ളാനും ദ്രാവക സന്തുലനത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. അണുബാധയ്ക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കള്‍ അടങ്ങിയ ലിംഫിന്റെ ഒരു പ്രധാന ഘടകമാണ് വെള്ളം. അതുകൊണ്ടുതന്നെ ദിവസേന 8 മുതല്‍ 10 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. തണ്ണിമത്തന്, ആപ്പിള്‍, പൈനാപ്പിള്‍, പപ്പായ, സ്ട്രോബെറി, ഓറഞ്ച്, മുന്തിരി എന്നിവയിലെല്ലാം ജലാംശം കൂടുതലാണ്.
ഭക്ഷണക്രമം കൊണ്ട് മാത്രമല്ല, ജീവിതശൈലിയും പ്രധാനമാണ്. കൃത്യമായ വ്യായാമം, നല്ല ഉറക്കം, വ്യക്തിഗത ശുചിത്വം, കുറഞ്ഞ സമ്മര്‍ദമുള്ള ജീവിത സാഹചര്യം എന്നിവയെല്ലാം നല്ല ആരോഗ്യത്തിന് ആവശ്യമാണ്.
പ്രതിരോധശേഷിയും ആരോഗ്യവും
വേര്‍തിരിച്ച് പറയാനാകാത്തവിധം ബന്ധപ്പെട്ടിരിക്കുന്നവയാണ് ആരോഗ്യവും പ്രതിരോധശേഷിയും. ആരോഗ്യമുള്ള ശരീരം എന്നത് നല്ല പ്രതിരോധശേഷിയെ സൂചിപ്പിക്കുന്നു. സമീകൃതമായ ഭക്ഷണരീതിയിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും സാധിക്കും. അതുവഴി അണുബാധകൊണ്ടുണ്ടാകുന്ന രോഗങ്ങളും പകര്‍ച്ചവ്യാധികളും മറ്റു പല അസുഖങ്ങളും തടയുകയും ദീര്‍ഘായുസ്സ് ലഭിക്കുകയും ചെയ്യുന്നു. എല്ലാ പ്രായത്തിലും പ്രതിരോധശേഷി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പ്രായാനുസൃതമായ രീതിയിലുള്ള ഭക്ഷണക്രമങ്ങളും വ്യായാമവും കൊണ്ട് ആരോഗ്യവും രോഗപ്രതിരോധശേഷിയും നമുക്ക് കാത്തുസൂക്ഷിക്കാം.
പ്രതിരോധശേഷി കൂട്ടുന്ന പാനീയങ്ങള്‍
1) ഇഞ്ചി ചായ
ചേരുവകള്‍:
ഇഞ്ചി - ഒരു കഷ്ണം
ചെറുനാരങ്ങനീര് - ഒരു ടീസ്പൂണ്‍
തേന്‍ - 1 ഒരു ടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളത്തിലേക്ക് ചെറുനാരങ്ങാനീരും തേനും ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് കുടിക്കാം.
2) അവോക്കാഡോ സ്മൂത്തി
ചേരുവകള്‍:
അവോക്കാഡോ - അരക്കപ്പ്
പാല്(തണുത്തത്) - ഒരു ഗ്ലാസ്
ബദാം - ആറെണ്ണം
ഈത്തപ്പഴം - രണ്ടോ മൂന്നോ എണ്ണം
തയ്യാറാക്കുന്നവിധം
മേല്‍പ്പറഞ്ഞ ചേരുവകള്‍ മിക്സിയില്‍ നന്നായി യോജിപ്പിച്ച് കുടിക്കാം.

3) ഓറഞ്ച് കാരറ്റ് ഡീറ്റോക്സ്
ചേരുവകള്‍:
ഓറഞ്ച്/മുസമ്പി - ഒന്ന്
കാരറ്റ്്(ഗ്രേറ്റ് ചെയ്തത്) - കാല്‍കപ്പ്
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
മേല്‍പ്പറഞ്ഞ ചേരുവകള്‍ മിക്സിയില്‍ നന്നായി യോജിപ്പിച്ച്, അരിച്ച് ഉപയോഗിക്കാം.
4) ഇമ്മ്യൂണിറ്റി ബൂസ്റ്റിങ്ങ് മില്‍ക്ക്
ചേരുവകള്‍:
പാല് - ഒരു ഗ്ലാസ്
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
ചെറുചൂടുള്ള പാലിലേക്ക് മഞ്ഞള്‍പ്പൊടി നന്നായി യോജിപ്പിച്ച് കുടിക്കാം.
5) അലോവേര ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍
ചേരുവകള്‍:
അലോവേര - ഒരു കഷ്ണം
കരിക്ക് വെള്ളം - ഒരു ഗ്ലാസ്
തയ്യാറാക്കുന്നവിധം
അലോവേര മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം കരിക്ക് വെള്ളത്തില്‍ യോജിപ്പിച്ച് ഉപയോഗിക്കാം.
6) അപരാജിത മില്‍ക്ക്
ചേരുവകള്‍:
ശംഖുപുഷ്പം - പത്തെണ്ണം
പാല് - ഒരു ഗ്ലാസ്
പഞ്ചസാര - ഒരു ടീസ്പൂണ്‍
വെള്ളം - 100 മില്ലി
തയ്യാറാക്കുന്നവിധം
വെള്ളത്തില്‍ ശംഖുപുഷ്പം ഇട്ട് തിളപ്പിച്ച് അരിച്ച് മാറ്റുക. തണുത്ത ശേഷം ചൂടുള്ളതോ/തണുത്തതോ ആയ പാലിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ ശംഖുപുഷ്പം ജ്യൂസ്, പഞ്ചസാര എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം. ബാക്കിയുള്ള ശംഖുപുഷ്പം ജ്യൂസ് ഐസ് ക്യൂബുകളാക്കിയോ തണുപ്പിച്ചോ സൂക്ഷിക്കാം.
കടപ്പാട്:
ഡോ.കരുണ.എം.എസ്.
കണ്‍സള്‍ട്ടന്റ്, ക്ലിനിക്കല്‍ ന്യൂട്രീഷന്‍&റിസര്‍ച്ച്
ഡോ.ക്രിസ്റ്റിന ബേബി, ഡയറ്റീഷ്യന്
ഡോ. കരുണ ഡയറ്റ് കെയര്‍ സെന്റര്‍, തൃശ്ശൂര്‍
Content Highlights: tips and recipes to boost immunity
Published: 23 Feb 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented