കാറ്റലോണിയയിലെ സഗ്രഡ ഫാമിലിയയുടെ മുന്നില്‍, വിസ്മയം നിറഞ്ഞ മിഴികളുമായി നില്‍ക്കുകയായിരുന്നു ഞാന്‍. നൂറ്റാണ്ടുകള്‍ അതിജീവിച്ച മഹാനിര്‍മിതിയാണ് മുന്നില്‍. വര്‍ഷങ്ങള്‍ക്കുമുന്‍പേ തുടങ്ങി ഇന്നും നിര്‍മാണം തുടരുന്ന ദേവാലയം. ചിതല്‍പ്പുറ്റുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണോ ഈ പള്ളി പണിതതെന്ന് ഒരുവേള സംശയം തോന്നാം. അത്രയും വിഭ്രമാത്മകശൈലിയിലാണ് നിര്‍മാണം. ഹോട്ടലില്‍നിന്ന് രാവിലെ ഇറങ്ങിയതാണ്. സഗ്രഡ ഫാമിലിയയിലേക്ക് രണ്ടുകിലോമീറ്ററുണ്ട്. മരങ്ങളും ചെടികളും അതിരിടുന്ന സുന്ദരമായ നടപ്പാതയിലൂടെ തണുത്ത കാറ്റേറ്റ് നടന്നു. നഗരാസൂത്രണത്തിന്റെ സുന്ദരമായ മാതൃകയാണ് ബാഴ്സലോണ. അവിടത്തെ കാറ്റലോണിയാ മേഖലയിലാണ് സഗ്രഡ ഫാമിലിയ. പള്ളിയുടെ ഗോപുരങ്ങള്‍ ദൂരെനിന്നുതന്നെ കാണാം. ഒരേസമയം, നിഗൂഢവും അത്രതന്നെ സരളവും എന്ന് തോന്നിപ്പിക്കുന്ന മാന്ത്രികനിര്‍മിതി. അതിന് പിറകിലെ കൈകളാകട്ടെ, ആന്റോണി ഗൗഡി എന്ന ശില്പിയുടെതും.
സ്പാനിഷ് ജനതയുടെ വീരനായകനാണ് ആന്റോണി ഗൗഡി. ദേവശില്പിയെന്ന് പറയാം. ബാഴ്സലോണയിലുടനീളം വ്യത്യസ്തവും സങ്കീര്‍ണവുമായ നിര്‍മിതികള്‍ തീര്‍ത്തു അദ്ദേഹം. 1882-ലാണ് സഗ്രഡ ഫാമിലിയയുടെ നിര്‍മാണം തുടങ്ങിയത്. അടുത്തവര്‍ഷം ഗൗഡി പണികളുടെ നേതൃത്വമേറ്റെടുത്തു. നിയോഗോഥിക് ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി. പാരമ്പര്യേതര രൂപകല്പന തിരഞ്ഞെടുത്തു. പലഭാഗത്തുനിന്നും എതിര്‍പ്പുകളുണ്ടായി. എങ്കിലും ഗൗഡി മുന്നോട്ടുപോയി.

ബാഴ്സലോണയിലും സമീപപ്രദേശങ്ങളിലുമായി നിരവധി കെട്ടിടങ്ങള്‍ ഗൗഡി രൂപകല്പനചെയ്തു. സഗ്രഡ ഫാമിലിയ കൂടാതെ മറ്റനേകം നിര്‍മിതകള്‍ ഗൗഡിയുടെ കരവിരുത് വിളിച്ചോതുന്നു. പാര്‍ക്ക് ഗ്യൂയെല്‍, പാലാസിയോ ഗ്യൂയെല്‍, കാസ മില, കാസ വിസെന്‍സ്, കാസ ബറ്റ്ലോ, കൊളോണിയ ഗ്യൂയെല്ലിലെ ക്രിപ്റ്റ് എന്നിവ അവയില്‍ ചിലതാണ്. ഇവയെല്ലാം യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്ലായിടത്തും തിരക്കാണ്.

സ്‌കൂള്‍പഠനത്തിനുശേഷം ബാഴ്സലോണയിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍നിന്ന് ബിരുദം നേടി. ബാഴ്സലോണയിലെ ഗ്ലോബ് ഷോപ്പിനായി ഒരു ഡിസ്പ്ലേ കെയ്സ് രൂപകല്പനചെയ്തു. അത് പാരിസിലെ വേള്‍ഡ് ഫെയറില്‍ ഇത് പ്രദര്‍ശിപ്പിച്ചു. അങ്ങനെയാണ് ബാഴ്സലോണയില്‍ ഗൗഡിയുടെ കരിയര്‍ ആരംഭിക്കുന്നത്.
ബാഴ്സലോണാ നഗരത്തിലെ പ്ലാക്ക റിയലിലും പ്ലാ ഡെല്‍ പലാവുവിലും സ്ഥാപിച്ചിരിക്കുന്ന വിളക്കുകാലുകള്‍ രൂപകല്പന ചെയ്യുകയായിരുന്നു ഗൗഡിയുടെ ആദ്യത്തെ കരാര്‍. പതിയേ വ്യത്യസ്തമായ ശൈലിയിലൂടെ അദ്ദേഹം പ്രശസ്തനായി. ഗൗഡിയുടെ ആദ്യത്തെ റെസിഡെന്‍ഷ്യല്‍ പ്രോജക്റ്റ്, കാസ വിസെന്‍സിന്റെ നിര്‍മാണമായിരുന്നു. കടുംചുവപ്പ് ചായക്കൂട്ടുകളും കള്ളികളായുള്ള ടൈലുകളുടെ ക്രമീകരണങ്ങളും മേല്‍ക്കൂരയ്ക്ക് മുകളിലെ നേര്‍ത്ത മിനാരങ്ങളും ഈ വസതിയെ വ്യത്യസ്തമാക്കി. ഈ കാലയളവില്‍ എഴുത്തുകാരനായ മാക്സിമോ ദിയാസ് ഡി ക്വിജാനോയ്ക്കായി ഗൗഡി, വടക്കന്‍പട്ടണമായ കോമിലാസില്‍ മറ്റൊരു വേനല്‍ക്കാലവസതി തീര്‍ത്തു. എല്‍ കാപ്രിച്ചോ എന്ന് വിളിക്കപ്പെടുന്ന വില്ലയിലെ ചുവപ്പും പച്ചയും കലര്‍ന്ന ടവറും അലങ്കരിച്ച പോര്‍ട്ടിക്കോയും വൃത്താകൃതിയിലുള്ള മതിലുകളും ഇന്നും ആകര്‍ഷണീയമാണ്. 1900-കളുടെ തുടക്കത്തിലാണ് ബാഴ്സലോണയിലുള്ള ഗൗഡിയുടെ ഏറ്റവും പ്രശസ്തമായ ഘടനകള്‍ നിര്‍മിക്കപ്പെട്ടത്. ഇതില്‍ പ്രധാനപ്പെട്ടതാണ് പാര്‍ക്ക് ഗ്യുയെല്‍. 1914-ല്‍ പൂര്‍ത്തിയാക്കിയ, നിരവധി ശില്പങ്ങളും വ്യത്യസ്തമായ വാസ്തുവിദ്യാഘടനകളും അടങ്ങുന്ന വിശാലമായ കുന്നാണ് ഇത്. സഗ്രഡ ഫാമിലിയയില്‍നിന്ന് നേരേ അവിടേക്കാണ് പോയത്.

കുന്നിന്റെ കയറ്റിറക്കങ്ങളെല്ലാം അതുപോലെതന്നെ നിലനിര്‍ത്തി സുന്ദരമായി രൂപകല്പന ചെയ്തിരിക്കുന്നു. പാര്‍ക്ക് മുഴുവന്‍ നടന്നുകണ്ടു. അവിടത്തെ പ്രശസ്തമായ ട്രെന്‍കാഡിസ് ടെറസിലെ നീളന്‍ ഇരിപ്പിടത്തില്‍ വിവിധ നിറങ്ങളിലുള്ള ടൈല്‍സ് പാകി സുന്ദരമാക്കിയിരിക്കുന്നു. ഇവിടെ നിന്നാല്‍ ബാര്‍സലോണാ നഗരത്തെ വീക്ഷിക്കാം. സമീപത്തെ പടികളിലാണ് പ്രശസ്തമായ ഡ്രാഗണ്‍ ശില്പമുള്ളത്. അതിനടുത്ത് നിന്ന് ഫോട്ടോയെടുത്തശേഷം മ്യൂസിയവും സന്ദര്‍ശിച്ച് പാര്‍ക്ക് ഗ്യൂയെലിനോട് യാത്രപറഞ്ഞു.
കാസ മിലായും കാസ കല്‍വെയും കാസ ബാറ്റല്ലോയുമാണ് ഗൗഡിയുടെ പ്രധാന നിര്‍മിതികള്‍. ഒരുകാലത്ത് സമ്പന്നര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റുകളായിരുന്നു കാസ ബാറ്റല്ലോ. ഗൗഡി രൂപകല്പനചെയ്ത അവസാന വസതിയാണ് 'കാസമിലാ' എന്ന മനോഹരമായ കെട്ടിടം. സമയപരിമിതിമൂലം അകത്ത് കയറാന്‍ സാധിച്ചില്ല. ധാരാളം കലാകാരന്മാരും ആര്‍ക്കിടെക്റ്റുകളും അദ്ദേഹത്തിനൊപ്പം പല നിര്‍മാണങ്ങളിലും പങ്കാളികളായി. ഗൗഡി എല്ലായ്പ്പോഴും ഒരു വഴികാട്ടിയായി നിന്നുകൊണ്ട് ഒപ്പം പ്രവര്‍ത്തിച്ചു. അവരുടെ വ്യക്തിഗത കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അനുവദിച്ചു. പ്രശസ്തിയുടെയും പ്രതിഭയുടെയും ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു ഗൗഡിയുടെ അന്ത്യം. 1926 ജൂണ്‍ 7-ന് സഗ്രഡ ഫാമിലിയയിലെ ജോലി കഴിഞ്ഞ് സമീപത്തുള്ള പള്ളിയിലേക്ക് പോകവേ ഒരു ട്രാം അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. സാധാരണമായ വസ്ത്രധാരണം കാരണം അജ്ഞാതനായ യാചകന്‍ എന്ന് കരുതി വൈകിയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെവെച്ച് ജൂണ്‍ 10-ന് മരിക്കുകയും ചെയ്തു.

ഗൗഡിയുടെ സ്വപ്‌നനിര്‍മിതിയായ സഗ്രഡ ഫാമിലിയയുടെ നിലവറയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്. അകാലമരണം സംഭവിച്ചുവെങ്കിലും ആധുനിക വാസ്തുവിദ്യയിലും കലാചരിത്രത്തിലും ആന്റോണിയോ ഗൗഡി മായാമുദ്ര പതിപ്പിച്ചു. ബിരുദദാനശേഷം, സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറിന്റെ ഡയറക്ടര്‍ എലീസ് റോജന്റ്, ഗൗഡിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു- ''ഞങ്ങള്‍ ബിരുദം നല്‍കിയ ഈ വ്യക്തി ഒരു ഭ്രാന്തനോ പ്രതിഭയോ ആണോ എന്ന് എനിക്കറിയില്ല; കാലത്തിനുമാത്രമേ അത് പറയാന്‍ സാധിക്കൂ...'' വര്‍ഷങ്ങള്‍ക്കിപ്പുറം കാലം അതിന് മറുപടി നല്‍കുകയാണ്, ബാഴ്സലോണയില്‍ ഗൗഡി തീര്‍ത്ത സുന്ദരപണിത്തരങ്ങളിലൂടെ!
Content Highlights: a trip to sagrada familia in barcelona built by architect antonio gaudi
Published: 08 Apr 2025, 11:03 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented