വിവാഹമോചനശേഷം സിംഗിള്‍ പാരന്റായി ജീവിക്കുന്നവരുടെ അവസ്ഥ പരമകഷ്ടം തന്നെ എന്ന് അഭിപ്രായപ്പെടുന്നവരാണ് ഏറെയും. കുഞ്ഞിന്റെ കാര്യങ്ങളൊക്കെ എങ്ങനെ ഒരാള്‍ സ്വന്തം ചെയ്യും, എല്ലാത്തിനുംകൂടി എങ്ങനെ ഓടിനടക്കാനാവും, അമിതഭാരമാവില്ലേ എന്നുതുടങ്ങുന്ന ആശങ്കകളാണ് അവര്‍ പൊതുവെ പങ്കുവെക്കാറ്. പക്ഷേ, ഇക്കാര്യം പൂര്‍ണമായും ശരിയാവണമെന്നില്ലെന്ന് പറയുകയാണ് ടോക്കര്‍ റിസെര്‍ച്ച് നടത്തിയ പുതിയ പഠനം. 

സിംഗിള്‍ പാരന്റ്സ് സാഹചര്യങ്ങളെ അതിജീവിക്കുക മാത്രമല്ല, ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സര്‍വേയിലെ നിരീക്ഷണം. സിംഗിള്‍ പാരന്റുകളില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നാണത്രേ. 

ഒറ്റയ്ക്ക് മക്കളെ വളര്‍ത്തുന്ന 1000 സ്ത്രീകളിലും 1000 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുള്ള ഒരു ബന്ധം അവസാനിപ്പിക്കുന്നതിലൂടെ ഒരാള്‍ തന്റെ വ്യക്തിപരവും വൈകാരികവുമായ വളര്‍ച്ചയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും ജീവിതം മെച്ചപ്പെടാന്‍ അത് കാരണമാണെന്നുമാണ് നിരീക്ഷണം. 

57 ശതമാനം പേര്‍ സ്വയവും സ്വന്തം കഴിവുകളിലും ആത്മവിശ്വാസം കണ്ടെത്തിയെന്ന് പറഞ്ഞപ്പോള്‍ 52 ശതമാനം പേര്‍ തങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതായി തോന്നിയെന്നും പ്രതികരിച്ചു. സിംഗിള്‍ പാരന്റുകളില്‍ 77 ശതമാനം പേര്‍ ബന്ധം അവസാനിപ്പിച്ചതിനുശേഷം പക്വത പ്രാപിക്കുകയും പഴയ പെരുമാറ്റരീതികള്‍ ഉപേക്ഷിക്കുകയും യാഥാര്‍ഥ്യത്തെ സ്വീകരിക്കാന്‍ തയ്യാറാകുകയും ചെയ്തവരാണ്. വേര്‍പിരിയലിനുശേഷമുള്ള തിളക്കവും അവരുടെ ജീവിതത്തില്‍ കണ്ടു. സിംഗിള്‍ പാരന്റായശേഷം സ്വയം ആത്മബന്ധം ശക്തമായെന്ന് 70 ശതമാനം പേരും പറഞ്ഞു. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് പലര്‍ക്കും ഈ ഘട്ടം തുണയായെന്ന് അര്‍ഥം. 

സിംഗിള്‍ പാരന്റ്‌സിന് വീണ്ടും ഡേറ്റിങ് തുടങ്ങാന്‍ സമയമെടുക്കും. പ്രണയത്തിലേക്ക് തിരികെ വരാന്‍ ശരാശരി ഒരു മാസത്തെ ഇടവേളയെടുക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഈ സമയത്ത്, സ്വയം നിര്‍ണയിക്കാനും സ്വയം പരിപാലിക്കാനും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ സ്ഥാനം നല്‍കാനും അവര്‍ പ്രത്യേകം ശ്രദ്ധചെലുത്തുന്നു-പഠനത്തില്‍ പറയുന്നു.